മലങ്കര – റഷ്യൻ ഓർത്തഡോക്സ് സഭകളുടെ മാധ്യമ വിഭാഗങ്ങളുടെ യോഗം മോസ്ക്കോയിൽ നടന്നു.

മോസ്ക്കോ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമ പ്രതിനിധി സംഘം റഷ്യൻ ഓർത്തഡോക്സ് സഭയുടെ മാധ്യമ വിഭാഗവുമായി ചർച്ച നടത്തി. റഷ്യൻ ഓർത്തഡോക്സ് സഭയുടെ മീഡിയ ഡിപ്പാർട്ട്‌മെന്റും, പ്രിന്റ് ഡിവിഷനും പ്രതിനിധികൾ സന്ദർശിച്ചു. പ്രതിനിധി സംഘത്തെ ഡെപ്യൂട്ടി ചെയർമാൻ കിപ്ഷിഡ്സെ വഖ്താങ് വ്‌ളാഡിമിറോവിച്ച് സ്വീകരിച്ചു.

റിബിൻ രാജു (പി.ആർ.ഒ), ജോബിൻ ബേബി (ഗ്രിഗോറിയൻ ടിവി), ഡോൺ ജോർജ് വർഗീസ് (ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റിയുടെ സെക്രട്ടറിയും, എക്യുമെനിക്കൽ റിലേഷൻസ് വകുപ്പിന്റെ കൺസൾട്ടന്റും) എന്നിവർ മലങ്കര സഭയെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തു.

ഇന്ത്യയുടെ കാവൽ പിതാവായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായെക്കുറിച്ചും, ഭാരത സഭയെക്കുറിച്ചും റഷ്യൻ ഓർത്തഡോക്സ് സഭ തയാറാക്കിയ ഡോക്യുമെൻ്ററിക്ക് റഷ്യയിൽ ലഭിച്ച സ്വീകാര്യത യോഗത്തിൽ ചർച്ചയായി. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇരു സഭകളുടെയും ചരിത്രം, വിശ്വാസം, ആരാധന, സാംസ്ക്കാരിക പൈതൃകം എന്നിവയെക്കുറിച്ചുള്ള കൂടുൽ ഡോക്യുമെൻ്ററികൾ തുടർന്നും പരസ്പര സഹകരണത്തോടെ നിർമ്മിക്കും. ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസത്തിൻ്റെ ശക്തരായ വക്താക്കളായി തുടരാൻ മാധ്യമ മേഖലയിലെ പരസ്പര സഹകരണം ഇടയാക്കട്ടെയെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

മോസ്കോയിലെ സെന്റ് ആൻഡ്രൂ ആശ്രമത്തിൽ പ്രവർത്തിക്കുന്ന റഷ്യൻ ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗത്തിൻ്റെ ആസ്ഥാനത്താണ് യോഗം നടന്നത്.