തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് ആദരമൊരുക്കി മലങ്കരസഭ

കോട്ടയം : രാഷ്ട്രത്തിന്റെ പുരോ​ഗതിക്ക് വേണ്ടിയാണ്  സഭ നിലകൊള്ളുന്നത്.  ജനപ്രതിനിധികളിൽ നിന്ന് സഭയും സമൂഹവും ആ​ഗ്രഹിക്കുന്നതും അതാണെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാം​ഗങ്ങൾക്കായി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച അനുമോ​ദന സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. വിജയിച്ചവർ സഭാം​ഗങ്ങളായിരിക്കാം. എന്നാൽ സഭയ്ക്ക് വേണ്ടിയല്ല സമൂഹത്തിന് വേണ്ടിയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അനർഹമായതൊന്നും സഭയ്ക്കായി ചെയ്യേണ്ടതില്ല.  സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നതായിരിക്കണം ചിന്ത. ഭൗതികമായ നിർമ്മിതകൾ മാത്രമല്ല വികസനം എന്ന് തിരിച്ചറിയണം. പാലങ്ങൾ പണിതുയർത്തുമ്പോൾ അതിനടിയിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ട ഭവന രഹിതരെക്കൂടി ഓർക്കണമെന്നും ബാവാ പറഞ്ഞു. എല്ലാ വിഭാ​ഗങ്ങളെയും ഉൾക്കൊള്ളുന്നതിനാൽ ഏതെങ്കിലും രാഷ്ട്രീയാപാർട്ടിയെ സഭ പിന്തുണയ്ക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ സമദൂര നിലപാടായിക്കുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ വ്യക്തമാക്കി. മലങ്കരസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ വിജയിച്ചുവന്ന തിരഞ്ഞെടുപ്പാണ് കടന്നുപോയത്. വിജയിച്ചവർക്കൊപ്പം പരാജയപ്പെട്ടവർക്കും ആശംസകൾ നേരുന്നതായും സഭാധ്യക്ഷൻ‌ കൂട്ടിച്ചേർത്തു.

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ സ്വാ​ഗതം ആശംസിച്ചു. ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ നന്ദി രേഖപ്പെടുത്തി. ആദരവ് ഏറ്റുവാങ്ങിയവർക്കായി പ്രതിനിധികൾ മറുപടി പ്രസം​ഗം നടത്തി. സഭാ മാനേജിം​ഗ് കമ്മിറ്റി അം​ഗങ്ങൾ, ഭദ്രാസന കൗൺസിൽ അം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.