മലങ്കരയുടെ വലിയ ഇടയന് വിടചൊല്ലി വിശ്വാസി സമൂഹം

കോട്ടയം : കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാനമേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറടക്കം ഓദ്യോഗിക ബഹുമതികളോടെ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലെ ചാപ്പലില്‍ നടന്നു. ആസ്ഥാനദേവാലയത്തോടു വിട ചൊല്ലി ബാവാ നിത്യതയിലേക്കു മടങ്ങി.

മതമേലധ്യക്ഷന്മാരും ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുളള പ്രമുഖ വ്യക്തിത്വങ്ങളും അടങ്ങിയ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാന്‍ ദേവലോകത്തേക്ക് ഒഴുകിയെത്തി. സഭാ ഭരണ കാര്യങ്ങള്‍ നടത്താന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ലിമ്മീസിന്റെ നേതൃത്വത്തില്‍ സഭയിലെ മെത്രാപ്പൊലിത്തമാര്‍ കാര്‍മികത്വം വഹിച്ചു. ഇന്നു മുതല്‍ 40 ദിവസം സഭയില്‍ നോമ്പ് ആചരിക്കും. ഈ ദിവസങ്ങളില്‍ ദേവലോകം അരമന ചാപ്പലില്‍ കൂര്‍ബാനയും ഉണ്ടാകും. ബാവായുടെ ഭാതിക ശരീരം ഇന്നലെ രാവിലെ കുര്‍ബാനയ്ക്കു ശേഷം 10.30നാണു പ്രത്യേകം തയാറാക്കിയ പന്തലിലേക്കു കൊണ്ടുവന്നത്. കബറടക്ക ശുശ്രൂഷകളിലെ അവസാന നാലു ശുശ്രൂഷകള്‍ ഇവിടെ പൂര്‍ത്തിയാക്കി. മൂന്നരയോടെ പൊലീസ് സേന ഓദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ചു. ബാവായുടെ അന്ത്യകല്‍പന കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് വായിച്ചു. മുഖ്യ അനുശോചന സന്ദേശം ഡോ. മാത്യൂസ് മാര്‍ സേവേറിയോസും സഭയുടെ അനുശോചനം വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ ജോണും അറിയിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നന്ദി അറിയിച്ചു.

പരിശുദ്ധ ബാവായുടെ ജ്യേഷ്ഠന്‍ കെ.ഐ. തമ്പിയുടെ ജാമാതാക്കളായ ഫാ. ജോസഫ് മാത്യു, ഫാ. ജോണ്‍ എ.ജോണ്‍, ഫാ. മാത്യു വര്‍ഗീസ്, ഫാ. എല്‍ദോ സാജു എന്നിവരും ബാവായുടെ മാതൃസ ഹോദര പുത്രന്‍ ഫാ. പത്രോസ് ജി. പുലിക്കോട്ടില്‍, കുന്നംകുളം ഭ്രദാസന സ്‌കകട്ടറി ഫാ.ജോസഫ് ചെറുവത്തൂര്‍ എന്നിവരും ചേര്‍ന്നാണ് അന്ത്യയാത്രയില്‍ ഭായതികശരീരം വഹിച്ചത്. ഭൗതിക ശരീരം ഉയര്‍ത്തി മദ്ബഹയോടു വിടവാങ്ങല്‍ ചടങ്ങു നടത്തി. മെത്രാപ്പൊലീത്താമാര്‍ അന്ത്യചുംബനം നല്‍കി. പരിശുദ്ധ ഗീവര്‍ഗീസ് ദിതീയന്‍ ബാവാ, പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ എന്നിവരുടെ കബറുകള്‍ക്കു സമീപം നിര്‍മിച്ച കബറിടത്തിലായിരുന്നു കബറടക്കം.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പരിശുദ്ധ ഫാന്‍സിസ് മാര്‍പാപ്പ, പരിശുദ്ധ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ്, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,  മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.