നിരന്തര പരിശ്രമം ജീവിത ലക്ഷ്യമാവണം- ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്ത

പരുമല: നിരന്തര പരിശ്രമത്തിലൂടെ ജീവിത ലക്ഷ്യ നിർവ്വഹണത്തിനുള്ള ഉത്സാഹം ഇക്കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റോമോസ് മെത്രാപ്പോലീത്താ. അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘത്തിന്റെ ത്രിദിന ഓൺലൈൻ കോൺഫറൻസ് പരുമല സെമിനാരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സാമൂഹ്യ അകലത്തിന്റെയും പരിമിതികളുടേയും സാഹചര്യത്തിൽ യുവജന വിദ്യാർത്ഥിസമൂഹം അലസരാവാതെ നിരന്തര വളർച്ചയ്ക്കായി പരിശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജീവന്റെ ചലനാത്മതയിലൂടെ സമൂഹത്തിന്റെ പുരോഗതിയ്ക്കായി ഏവരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷതവഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. എം.സി.കുര്യാക്കോസ്, ഫാ. ജോസ് തോമസ് പൂവത്തുങ്കൽ, ഫാ. ജിനു ജോർജ്, റോയി എം. മുത്തൂറ്റ്, ബിജു വി. പന്തപ്ലാവ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫാ. ജോബ് സാം മാത്യു ക്ലാസ് നയിച്ചു.
ശനിയാഴ്ച വിവിധ സെഷനുകളിൽ ഫാ. ഡോ. വറുഗീസ് പി. വറുഗീസ്, ഫാ.ഡോ. ബിജേഷ് ഫിലിപ്പ്, ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് എന്നിവർ ക്ലാസുകളെടുക്കും.  ഞായറാഴ്ച സമാപന യോഗത്തിൽ ഡോ. ടിജു തോമസ് IRS മുഖ്യപ്രഭാഷണം നടത്തും. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.