ബത്തേരി: ബഫര്‍സോണ്‍ നല്ല ആശയമാണെങ്കിലും പ്രായോഗിക തലത്തില്‍ അത് ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്നെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ. വനം വന്യജീവി നിയമങ്ങളില്‍ മൃഗങ്ങള്‍ക്കു സംരക്ഷണം നല്കുമ്പോഴും മനുഷ്യന് അവഗണിക്കപ്പെടുകയാണ്. കാടും നാടും വേര്‍തിരിച്ച് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. വയനാടന്‍ വനങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ കടുവകളുണ്ടെന്നാണു കണക്ക്. ഇതിനു ശാസ്ത്രീയമായ പരിഹാരമുണ്ടാക്കണം. ഭദ്രാസന ആസ്ഥാനമായ നിര്‍മലഗിരി അരമനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് റെയില്‍വേ പദ്ധതി സാക്ഷാത്കരിക്കാന്‍ നടപടി വേണം. ബന്ദിപ്പൂര്‍ വനമേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രി യാത്രാ നിരോധനം ജനജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുകയാണ്. മേല്‍പ്പാലം നിര്‍മിച്ചോ കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടോ രാത്രിയിലെ ഗതാഗതം പുനഃസ്ഥാപിക്കണം.
വിനോദ സഞ്ചാര വികസനവും ജനസാന്ദ്രതയും പരിഗണിച്ച് ചുരം ബദല്‍പാത എത്രയും വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സഭ പൂര്‍ണ പിന്തുണ നല്‍കുമെന്നും ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് തിരുമേനി പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോണ്‍ കളീക്കല്‍, മാത്യു എടക്കാട്ട് എന്നിവരും പങ്കെടുത്തു.