കോട്ടയം: സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും, സുപ്രീംകോടതി വിധികള്‍ മറികടക്കുന്നതിനുള്ള ശ്രമം ആശാസ്യമല്ലെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. നിയമ സംവിധാനം നിലനില്ക്കേണ്ടതിന് കോടതി വിധികള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത് ആവശ്യമാണ്. സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും എന്നാല്‍ കോടതി വിധിക്ക് വിധേയമായ സമാധാന ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടാതെ സമാധാനപരമായ അന്തരീക്ഷത്തില്‍ പ്രശ്നം പരിഹരിക്കപ്പെടാനുളള പരിശ്രമങ്ങള്‍ എല്ലാ ഭാഗങ്ങളില്‍ നിന്നും ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.