
കോട്ടയം: വിദ്യാഭ്യാസം, മൗലിക അവകാശമായിരിക്കെ,ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്ന നടപടി പുനപരിശോധിക്കണമെന്ന് മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.
സാക്ഷരതാ നിലവാരം മെച്ചപ്പെടുത്തുന്നതിനും, അതുവഴി സാമൂഹിക പുരോഗതി സാധ്യമാക്കുന്നതിനും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് തുല്യ അവസരം ലഭ്യമാക്കുന്നതിനും സ്കോളര്‍ഷിപ്പുകളുടെ പങ്ക് വലുതാണ്.
നിശ്ചിത വരുമാനത്തില്‍ താഴെയുള്ള എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പും ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് അനുവദിച്ചിരുന്ന മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പും നിര്‍ത്തലാക്കാനുള്ള തീരുമാനം നിരാശാജനകമാണ്.
യു ജി സി – ജെ ആര് എഫ് ഫെലോഷിപ്പ് ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായിരുന്ന എം.എ.എന്‍.എഫ് നിര്‍ത്തലാക്കിയാല്‍ ഗവേഷണ പഠനം നടത്തുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തില്‍, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.