കോട്ടയം: പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് കോട്ടയം ഭദ്രാസനത്തിലെ 122 പള്ളികളില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കോട്ടയം മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകളെ സാധൂകരിക്കുന്നതായി കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്. ഭദ്രാസനത്തിലെ ഏതാനും അംഗങ്ങള്‍ ചേര്‍ന്നു നല്കിയ കേസിലാണ് നവംമ്പര്‍ 17 ന് കോടതി തീര്‍പ്പ് കല്പ്പിച്ചിരിക്കുന്നത്.
ഭദ്രാസനത്തിലെ പള്ളികള്‍ എല്ലാം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമാണെന്നും അവയെല്ലാം 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും 1995 ലെ സുപ്രീംകോടതി വിധി അനുസരിച്ച് മാര്‍ തീമോത്തിയോസ് മലങ്കര സഭയുടെ മെത്രപ്പോലീത്ത അല്ലാത്തതിനാല്‍ അദ്ദേഹത്തിന് പ്രസ്തുത പള്ളികളില്‍ പ്രവേശിക്കുവാന്‍ അധികാരമില്ലെന്നുമാണ് കോടതി തീര്‍പ്പു കല്പ്പിച്ചിരിക്കുന്നത്. അദ്ദേഹം തന്റെ ആസ്ഥാനം പോലെ ഉപയോഗിച്ചിരുന്ന കോട്ടയം സെന്റ്. ജോസഫ്സ് പള്ളിയും അക്കൂട്ടത്തില്‍ പെടുന്നു. കോട്ടയം ഭദ്രാസനത്തിലെ 122 പള്ളികളും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പള്ളികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്, തന്നെയുമല്ല മലങ്കര സഭ ഒന്നേയുള്ളു എന്ന സത്യവും, യാക്കോബായ സഭ എന്നൊരു വിഭാഗം മലങ്കര സഭയ്ക്കുള്ളില്‍ നിലനില്ക്കുന്നില്ല എന്നുമുള്ള ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകള്‍ ഈ കോടതി വിധിയിലൂടെ വ്യക്തമാവുകയാണ്. ഇത്ര വ്യക്തമായ ഒരു കോടതി വിധിയെ മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്നു പറയുന്നതു തന്നെ ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.