ലഹരിക്കെതിരെ ഡ്രഗ്‌സിറ്റ് പദ്ധതിയുമായി ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സമൂഹം നേരിടുന്ന ‘ലഹരി അടിമത്തം’ എന്ന മഹാവിപത്തിനെതിരെ ഗാന്ധിജയന്തി ദിനത്തില്‍ കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന ഒരു മാസം നീളുന്ന ബോധവത്കരണ പദ്ധതിയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയും സര്‍വാത്മനാ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മത സാമുദായിക നേതാക്കളുടെ യോഗത്തില്‍ ഈ വിഷയം സംബന്ധിച്ച് സഭയുടെ പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ‘ലഹരിമുക്ത സഭ, ലഹരിമുക്ത സമൂഹം’ എന്ന മുദ്രാവാക്യവുമായി സഭയുടെ മാനവശാക്തീകരണ വിഭാഗം ആവിഷ്‌കരിക്കുന്ന ഡ്രഗ്‌സിറ്റ് (DRUXIT) എന്ന ത്രിവത്സര ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതി എല്ലാ ഇടവകകളിലും സഭാവക സ്ഥാപനങ്ങളിലും നടപ്പിലാക്കും. സഭയും സര്‍ക്കാരും നടത്തുന്ന ലഹരിവിരുദ്ധ പദ്ധതികള്‍ സംബന്ധിച്ച് ഒക്ടോബര്‍ 2-ന് (ഞായര്‍) പള്ളികളില്‍ അറിയിപ്പുകള്‍ നല്‍കും. ബൃഹത്തായ ഈ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു കൊണ്ടും സമകാലീന സമൂഹത്തിനും വളര്‍ന്നുവരുന്ന തലമുറയ്ക്കും പ്രയോജനപ്രദമായ പദ്ധതിയിലേക്ക് സഭാവിശ്വാസികളുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ടു കൊണ്ടും പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പള്ളികൾക്ക് കല്പന അയച്ചിട്ടുണ്ട്.