മലങ്കര സഭാഭാസുരന്‍ പരി. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ ഭാസുര സ്മൃതിക്കിത് 88-ാം ആണ്ട്. ഭാരത ക്രൈസ്തവ സഭയിലെ തദ്ദേശീയനായ ദ്വിതീയ പ്രഖ്യാപിത പരിശുദ്ധന്, മലങ്കര സഭാഭാസുരന്‍ പരി. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 88-ാം ഓര്‍മ്മപ്പെരുന്നാള്‍ 2022 ഫെബ്രുവരി 23ന് പരി. സഭ ആചരിക്കുന്നു. ദേശീയവും വൈദേശീകവുമായ അധിനിവേശത്തിന്റെ കനല്‍വഴികളില്‍ അടിപതറാതെ, മലങ്കര നസ്രാണിയുടെ സ്വത്വബോധം ഊട്ടിയുറപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങളെ തുറന്നിട്ട ഭാസുര തേജസ്സ്, പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോ സ് മെത്രാപ്പോലീത്ത (1858-1934).
പരി. ഗീവറുഗീസ് ദ്വിതീയന്‍ ബാവാ പരിശുദ്ധന്റെ ചരമ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: ”വലിയ നോമ്പിലെ ആദ്യ ശനിയാഴ്ചയായ ഇന്ന്, ഭൂലോക മല്പാനായ മാര്‍ അപ്രേമിന്റെ ഓര്‍മ്മദിവസമായ ഇന്ന് മലങ്കരയുടെ വലിയ മല്പാന് ദിവംഗതനായിരിക്കുന്നു. നമ്മുടെ കര്‍ത്താവിനുവേണ്ടി രക്തസാ ക്ഷിമരണം വഹിച്ച മാര്‍ തേവോദോറസ് സഹദായുടെ ഓര്‍മ്മദിവസമായ ഇന്ന് അതുപോലെയുള്ള പീഡകള്‍ സഭയ്ക്കുവേണ്ടി സഹിക്കുവാന്‍ മൗദ്യോന എന്ന നാമത്തിനു യോഗ്യനായി ത്തീര്‍ന്നിരിക്കുന്ന നമ്മുടെ മെത്രാച്ചന് കബറടക്കപ്പെടുന്നു”. ആ കബറിനു മുന്നില്‍ ഇങ്ങനെ രേഖപ്പെടുത്തി ”the time will not dim his glory” കാലത്തിനു മായിക്കാനാവാത്ത മഹത്വമുള്ളവന്. ഗുരുക്കന്മാരും മുന്‍ഗാമികളുമായ പരി. പരുമല തിരുമേനിയുടെയും ശിക്ഷണത്തില്‍ വളര്‍ന്നുവരുകയും, അവര്‍ തെളിച്ച സത്യവിശ്വാസത്തിന്റെ ശോഭ അഭംഗുരം കാക്കുകയും ചെയ്ത പുണ്യപു രുഷന്‍. കോട്ടയം പഴയ സെമിനാരിയില്‍ സുറിയാനി മല്പാനാ യി നിയമിക്കപ്പെട്ട പിതാവ് മതോപദേശസാരങ്ങള്‍ എന്ന കൃതി യിലൂടെ സഭയുടെ വിശ്വാസ തത്വങ്ങളെ ലളിതമായി പഠിപ്പിച്ചു.
മലങ്കര സഭയുടെ സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനായി അനേകം പ്രതിസന്ധികള്‍ നേരിട്ടെങ്കിലും വിരുദ്ധതകള്ക്കു മുമ്പില്‍, മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തിനുവേണ്ടി, ദേശീയതയ് ക്കുവേണ്ടി അടരാടി. വ്യവഹാരങ്ങള്‍ക്കു നടുവിലും, ആത്മീയതയുടെ ഉത്തുംഗതയില്‍ പ്രാര്‍ത്ഥനയിലും നോമ്പിലും, ഉപവാസത്തിലും കൂടുതല്‍ കരുത്തു നേടി. ഭരണസ്വാതന്ത്ര്യവും കെട്ടുറപ്പുമുള്ള ഒരു സഭയായി മലങ്കര സഭ വളരണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. വ്യവസ്ഥാപിതവും, സുശക്തവുമായ ഭരണസംവിധാനങ്ങള്‍ മലങ്കരസഭയുടെ നിലനില്പിന് ആവശ്യ മെന്ന് കണ്ട് ഭരണഘടനയുടെ (1934 മലങ്കരസഭാ ഭരണഘടന) നക്കല്‍ രൂപീകരിച്ചു. മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച മലങ്കര സഭയുടെ അസ്ഥിത്വം ആരുടെ മുമ്പിലും അടിയറവു വയ്ക്കില്ല എന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. കൂടെ നി ന്നവര്‍ പോലും വ്യവഹാരി എന്ന് വിളിച്ചധിക്ഷേപിച്ചപ്പോഴും സ്വാതന്ത്ര്യവും സ്വത്വബോധവും നഷ്ടപ്പെടാതെ ഒരു ജനത ഇവിടെ വളര്‍ന്നു വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ ഭാരത സഭയുടെ സ്വാതന്ത്ര്യവും തനിമയും കാത്തുസൂക്ഷിക്കുവാന്‍ പോരാടിയ കര്മ്മധീരന്. ഈ സഭയുടെ സ്വത്വബോധത്തെ നഷ്ടപ്പെടുത്തുവാന്‍ ശ്രമിച്ചവരുടെ മുമ്പില്‍ സിംഹതുല്യം ഗര്‍ജ്ജിച്ചു നില്ക്കുവാന് തയ്യാറായ പിതാവ്. വ്യവഹാരങ്ങള്‍ക്കു നടുവില്‍ സഭാ നൗക ആടിയുലഞ്ഞപ്പോഴും സ്വതന്ത്ര തുറമുഖത്ത് എത്തിക്കണമെന്ന കാര്‍ക്കശ്യത്തില്‍ നിന്നും പിന്തിരിയുവാന് ഈ പിതാവ് തുനിഞ്ഞില്ല. തര്‍ക്കങ്ങള്‍ കൊണ്ട് കാര്‍മേഘാവൃതമായ കാലഘട്ടത്തില്‍ സഭാ ഗാത്രത്തെ മുറി വേല്പിക്കുവാന് ശ്രമിച്ചവരൊക്കെ പിന്തിരിയേണ്ടിവന്നു. ദൈവാശ്രയ ബോധത്തോടെ ഈ സഭയെ നയിക്കുവാനും സ്വതന്ത്ര കാതോലിക്കേറ്റെന്ന ആശയത്തില്‍ അടിയുറച്ചു നി ല്ക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത് ദേശീയബോധവും പരി. മാര്‍ത്തോമ്മാ ശ്ലീഹാ പകര്‍ന്നു നല്കിയ ശ്ലൈഹികമായ ഈ സഭയുടെ അസ്ഥിത്വവും തന്നെയാണ്. നിലപാടുകളിലെ വ്യക്തത പ്രവൃത്തിയില്‍ അദ്ദേഹം കാട്ടി.
വ്യവഹാരങ്ങളുടെ താളുകളില്‍ മാത്രം പരിശുദ്ധ പിതാവിനെ കാണുവാന്‍ ശ്രമിച്ചവരും ശ്രമിക്കുന്നവരുമുണ്ട്. പരി. സഭയു ടെ സ്വത്വവും അസ്ഥിത്വവും ആര്‍ക്കുമുമ്പിലും പണയപ്പെടുത്തുവാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടാണ് ഇതിന് കാരണം. ഈ സഭ സ്വതന്ത്രമാണെന്ന ബോധ്യവും അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഉണ്ടായി.
മാര്‍ത്തൊമ്മന്‍ നസ്രാണിയുടെ ജാത്യാഭിമാന ബോധം വരും തലമുറകളിലേക്കും പകരണമെന്ന് പരിശുദ്ധ പിതാവിന്റെ ആഗ്രഹം നമുക്ക് മുമ്പിലുണ്ടാകട്ടെ. മല്ലപ്പള്ളിയില്‍ ജനിച്ച് മലങ്കരയുടെ മഹാപുരോഹിത സ്ഥാനത്തേക്ക് എത്തി പരിശുദ്ധ സഭയുടെ സ്വാതന്ത്ര്യവും, സ്വത്വബോധവും ആരുടെ മുമ്പിലും അടിയറ വയ്ക്കുവാന്‍ തയ്യാറല്ലെന്ന് പറയുകയും ഒരു സ്വതന്ത്ര കാതോലിക്കേറ്റിനുള്ള വഴിതെളിക്കുകയും ചെയ്തു. ഓരോ ദിവസവും അദ്ദേഹത്തിന്റെ കബറിടം സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ തേടുന്നവര്‍ അനേകരാണ്. ഈ പുണ്യപിതാവിന്റെ, സഭാ ഭാസുരന്റെ ഭാസുരസ്മരണയില്‍, മദ്ധ്യസ്ഥതയില്‍ നമുക്കും അഭയപ്പെടാം.