അസോസിയേഷന്‍ സ്‌റ്റേ ചെയ്യണമെന്ന് ഹര്‍ജി മാറ്റി വച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ 7 മെത്രാപ്പോലീത്താമാരെ  തെരഞ്ഞെടുക്കുന്നതിനായി  ഫെബ്രുവരി 25-ന്  കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി അങ്കണത്തില്‍  കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍  സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി  മൂന്നാഴ്ചക്കു ശേഷം പോസ്റ്റ് ചെയ്യാന്‍ നീക്കി വച്ചു. യോഗം അടുത്ത ആഴ്ച കൂടുന്നതിനാല്‍ അതിനു  മുന്നേതന്നെ വാദം  കേട്ട് സ്‌റ്റേ ഉത്തരവ് നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരനായ  പോള്‍ വര്‍ഗീസിന്റെയും  മറ്റും ആവശ്യം.  അവര്‍ നേരത്തേ നല്‍കിയിരുന്ന ഒരു കോടതിയലക്ഷ്യ  കേസില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായെ  കക്ഷി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതും കോടതി മാറ്റി വച്ചു. 2017-ലെ സുപ്രീം കോടതി  വിധി ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കാത്തതിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രസ്തുത വിധി നീതിക്കെതിരാണെന്നും അതു പുനഃപരിശോധിക്കണമെന്നും ദിവസേന ആവശ്യപ്പെടുന്നവര്‍, ഓര്‍ത്തഡോക്‌സ് സഭ വിധിക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്ന് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത് വിചിത്രമെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.