അൽവാറിസ് മാർ യൂലിയോസ് വിവേചനങ്ങളെ തോൽപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്: പി.എസ് ശ്രീധരൻപിള്ള

പനജി (ഗോവ): ജാതിമത വിവേചനങ്ങൾക്ക് അതീതമായി സാമൂഹ്യ നവോത്ഥാനം ലക്ഷ്യംവെച്ച് ത്യാഗോജ്വലമായി പ്രവർത്തിച്ച അൽവാറിസ് മാർ യൂലിയോസിന്റ സ്മരണ പ്രചോദനമാണെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പ്രസ്താവിച്ചു. അൽവാറിസ് മാർ യൂലിയോസിന്റ കബറിടം സ്ഥിതി ചെയ്യുന്ന റിബന്തർ സെൻമേരിസ് ദേവാലയത്തിൽ ചേർന്ന ചരമ ശതാബ്ദി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവഗണിക്കപ്പെട്ടവരുടെയും ആലംബഹീനരുടെയും പക്ഷം ചേർന്ന് അൽവാറിസ് മാർ യൂലിയോസ് നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളും സമൂഹത്തിൽ പ്രകാശം പരത്തി എന്ന് ഗോവ ഗവർണർ കൂട്ടിച്ചേർത്തു. വിപരീതമായ സാഹചര്യങ്ങളിൽ സാക്ഷ്യ ജീവിതം നയിച്ച അദ്ദേഹം ബഹുമുഖ പ്രതിഭയായിരുന്നെന്ന് പരിശുദ്ധ കാതോലിക്കാ ബാവ അനുസ്മരിച്ചു.അൽവാറിസ് മാർ യൂലിയോസ് അവാർഡ് സിസ്റ്റർ ദയാ ഭായിക്ക് പരിശുദ്ധ കാതോലിക്കാ ബാവ സമ്മാനിച്ചു. ബ്രഹ്മവാർ ഭദ്രാസനാധിപൻ ഡോ യാക്കോബ് മാർ ഏലിയാസ് അധ്യക്ഷനായിരുന്നു.ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അനുസ്മരണ പ്രഭാഷണം നടത്തി. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ,ഫാ മരിയാനോ ഡിക്കോസ്റ്റാ, വികാരി ഫാ വർഗീസ് ഫീലിപ്പോസ്, കൺവീനർ റൈജു അലക്സ് എന്നിവർ പ്രസംഗിച്ചു.ജോഷ്വാ മാർ നിക്കോദിമോസ്, ഗീവർഗീസ് മാർ യൂലിയോസ്, ഗീവർഗീസ് മാർ പീലക്സിനോസ്, ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ സന്നിഹിതരായിരുന്നു.