ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം : അഡ്വ. ബിജു ഉമ്മന്‍

കോട്ടയം : ടി.പി.ആര്‍ അടിസ്ഥാനത്തില്‍ മേഖലകള്‍ തിരിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആകുലതയില്‍ കഴിയുന്ന വിശ്വാസികള്‍ക്ക് പ്രത്യാശ നല്‍കുന്ന ആരാധനാലയങ്ങള്‍ തുറക്കേണ്ടത് ഏറെ പരിഗണന അര്‍ഹിക്കുന്ന വിഷയമായി സര്‍ക്കാര്‍ കാണണം. മതപരമായ ചടങ്ങുകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ആരാധനാലയങ്ങളുടെ ചുമതലയില്‍ ഏറെ പ്രശംസനീയമായി നടന്നു വരുന്നുണ്ട്. വ്യാപാര വിനോദ സ്ഥാപനങ്ങള്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തിന് അടിയന്തര പരിഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.