കര്‍ഷകരും 2020-ലെ കാര്‍ഷിക നിയമവും -ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്

ഭാരതത്തിന്റെ രാഷ്ട്രപിതാവ് എന്ന ഔന്നത്യത്തിലേക്ക് വളര്‍ന്ന എം.കെ ഗാന്ധി സൗത്ത് ആഫ്രിക്കയിലെ ബാരിസ്റ്റര്‍ജോലി ഉപേ ക്ഷിച്ച് 1915 ലാണ് ഇന്‍ഡ്യയില്‍ എത്തിയത്. അദ്ദേഹത്തിന്റെ ഉപദേശകനായി രുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ നിര്‍ദ്ദേശപ്രകാരം ഒരുവര്‍ഷത്തെ ഇന്‍ഡ്യന്‍ സാഹചര്യപഠനത്തിന് ശേഷമാണ് അദ്ദേഹം പൊതുഇടങ്ങളില്‍  പ്രത്യക്ഷപ്പെടുന്നത്. പ്രാരംഭത്തില്‍ വ്യക്തി ശുദ്ധീകരണം, സമൂഹ ജീവിതശൈലി എന്നീ വിഷയങ്ങളുടെ പ്രചാരണമായിരുന്നു അദ്ദേഹത്തിന്റെ മേഖല. ഗാന്ധിജി ആദ്യമായി ഒരുസമരവേദിയില്‍ എത്തുന്നത് 1917-ല്‍ ചമ്പാരനിലെ അമരിപ്പൂ കര്‍ഷകരെയൂറോപ്യന്‍ തോട്ടമുതലാളിമാരുടെ
പിടിയില്‍ നിന്നു മോചിപ്പിക്കാനുള്ള സമരത്തിലാണ്.

തുടര്‍ന്ന് അഹമ്മദാബാദിലെ മില്ലുകാര്‍ക്കെതിരെയുള്ള സമരത്തിലും, കെയറാജില്ലയിലെ കരം ഇളവിനു വേണ്ടിയുള്ള സമരത്തിലും അദ്ദേഹം പങ്കാളിയായി. മഹാത്മാവിന്റെ തുടര്‍ന്നുള്ള ജീവിതം നമുക്ക് സുപരിചിതമാണ്. അതില്‍ ഒരുപക്ഷെ ശ്രദ്ധി ക്കേണ്ടത് പരുത്തിയുടെയും ചര്‍ക്കയു ടെയുംനിസ്സഹകരണ പ്രസ്ഥാനത്തി ന്റെയും ചിത്രങ്ങള്‍ പേറുന്ന സ്വര്‍ണ്ണലിപികളുള്ള ചരിത്രതാളുകളാണ്. ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞ മഹാത്മാവിന്റെ സ്വപ്നം അവിടുള്ള കര്‍ഷകന് ആത്മാഭി മാനത്തോടെ കൃഷി ചെയ്ത് ജീവിക്കാന്‍ സാഹചര്യമുണ്ടാകണം എന്നതായിരുന്നു. രാഷ്ട്രപിതാവിന്റെ  ഈ സ്വപ്നം സാക്ഷാത് കരിക്കാന്‍ പ്രതിബദ്ധമായ നമ്മുടെ നാട്ടിലെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയാണോ നടത്തുന്നത് എന്നതാണ്ഓരോ ചരിത്രഘട്ടത്തിലെയും പുതുപ്രവണതകള്‍ക്കുനേരെ ഉയരേണ്ട ചോദ്യം. അതിനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്.

2020 ജൂണ്‍ 3 -ാംതീയതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് 5-ാം തീയതി ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ച് സെപ്തംബര്‍ 17 നും 20-നും പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി 27-ാം തീയതി പ്രസിഡന്റ് ഒപ്പിട്ട് നിയമമായമൂന്ന് ബില്ലുകളുള്ള ”കാര്‍ഷിക നി യമം 2020” വലിയൊരു കര്‍ഷക പ്രതിഷേധത്തെ നേരിടുകയാണ്. ഓരോ ദിവസവും ഉത്തരേന്‍ഡ്യയിലെ കൊടും തണുപ്പിലും വര്‍ദ്ധിച്ച ആവേശത്തോടെ കത്തുന്നകര്‍ഷക പ്രക്ഷോഭ സമരാഗ്നികേന്ദ്രസര്‍ക്കാരിന്റെ മുന്‍പില്‍ വലിയ വെല്ലുവിളിയായി തുടരുന്നു. ഈ നിയമത്തിന്റെ ഉള്ളടക്കവും അത് പാര്‍ലമെന്റ്  പാസാക്കിയ ശൈലിയും, രീതിയും നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തെ കേന്ദ്രസര്‍ക്കാര്‍
നേരിടുന്ന ശൈലിയും പരിശോധ നക്ക് വിധേയമാക്കേണ്ടതാണ്. വളരെ യേറെ വിശകലനം ആവശ്യപ്പെടുന്ന ഈ വിഷയം ഒരുലേഖനത്തില്‍ വിശദമാക്കുക ക്ലേശകരമാണ്.

ഒന്നാമതായി പരാമര്‍ശിക്കേ ണ്ടത് ഈ ബില്‍ പാസാക്കിയകാ ലമാണ്. ലോകം മുഴുവന്‍ കോവിഡ് 19 നെതിരെ യുദ്ധം ചെയ്യുന്ന കാലം. അനേകര്‍ രോഗികളൂം, തൊഴില്‍ നഷ്ടപ്പെട്ടവരും, ജീവിതം വഴിമുട്ടിയവരും ആയിതീര്‍ന്ന കാലം. ലോക രാഷ്ട്രങ്ങള്‍ അവരുടെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് യുദ്ധസമാനമായ ഈ അവസ്ഥയെ നേരിടാന്‍ ശ്രമിക്കുന്നു. വൈദ്യശാസ്ത്രരംഗം ഇതിനെതിരെ പ്രതിരോധമരുന്ന് കണ്ടെത്താന്‍ അക്ഷീണപരിശ്രമം നടത്തുന്നു. മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് നാം മെച്ചമായ അവസ്ഥയില്‍ ആണ് എങ്കിലും ഈ വ്യാധി അനേകരുടെ ജീവന്‍ കവരുകയും അനേകര്‍ക്ക് ദുരിതം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

സെപ്തംബര്‍ 17 ന് 1174 പേരും 20 ന് 1130 പേരും 24 ന് 1141 പേരു മാണ് ഭാരതത്തില്‍ മരണപ്പെട്ടത്. ഈ കുറിപ്പെഴുതുന്ന ഡിസംബര്‍ 18 വരെ ആകെ 144829 പേരാണ് ഈ രാജ്യത്ത് കോവിഡ് മൂലം മരിച്ചത് എന്നാണ് ഔദ്യോഗിക കണക്ക്. ഈ പശ്ചാത്തലത്തില്‍ ഇത്ര തിടുക്കപ്പെട്ട് പ്രത്യേക പാര്‍ലമെന്റ്‌സമ്മേളനം വിളിച്ച് ഈ ബില്ലുകള്‍
പാസാക്കേണ്ട എന്ത് അത്യാവശ്യമാണ് രാജ്യത്തുണ്ടായിരുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. ബില്‍ ചര്‍ച്ച ക്കെടുത്ത ദിനങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ജനാധിപത്യ വ്യവസ്ഥയെ അവമതിക്കുന്ന സമാനതകളില്ലാത്ത സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഭരണ കക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള ലോകസഭയില്‍ ചോദ്യോത്തരവേള ഒഴിവാക്കി യാതൊരു ചര്‍ച്ചയും കൂടാതെയാണ് ബില്ല് പാസാക്കിയത്. പ്രതിപക്ഷകക്ഷികള്‍ എതിര്‍ത്തപ്പോള്‍ പ്രധാനമന്ത്രി ‘ഇന്‍ഡ്യയുടെകോടിക്കണക്കായ കര്‍ഷകരുടെ ശാക്തീകരണത്തിന്റെ പ്രതീകം’ എന്നാണ് ബില്ലിനെ വിശേഷിപ്പിച്ചത്.

ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട പ്രതിപക്ഷത്തെ അവഗണിച്ച് ശബ്ദവോട്ടോടെ ബില്‍ പാസാക്കാനാണ് ഡെപ്യുട്ടി സ്പീക്കര്‍ മുതിര്‍ന്നത്. ഇത് ചോദ്യം ചെയ്ത പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം അതിരുകടന്നു എന്ന് പറഞ്ഞ് പാര്‍ലമെന്റ് നടപടികളില്‍ നിന്നും എട്ടംഗങ്ങളെ പുറത്താക്കി. ഇത് പ്രതിപക്ഷത്തെ കൂടുതല്‍ ക്രൂദ്ധരാക്കി. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എട്ട് കാരണങ്ങള്‍ നിരത്തി തങ്ങളും സമാന ചിന്താഗതിയുള്ള മറ്റ് പാര്‍ട്ടികളും സമ്മേളനത്തിന്റെ തുടര്‍നടപടികള്‍ ബഹിഷ്‌കരിക്കുകയാണ് എന്ന് പ്രഖ്യാപിച്ച് ഇറങ്ങി പ്പോയി. പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്‌കരി ച്ചിരിക്കുമ്പോള്‍ പരാമര്‍ശവിഷയത്തില്‍പെട്ട മൂന്ന് ബില്ലുകള്‍ ഉള്‍പ്പടെ 7 എണ്ണം നിമിഷങ്ങള്‍കൊണ്ട് പാസാക്കി. ഒരു രാത്രി മുഴുവന്‍ പ്രതി പക്ഷപാര്‍ട്ടി നേതാക്കള്‍ ഗാന്ധിപ്രതിമക്ക്മുന്‍
പില്‍ പ്രതിഷേധസൂചകമായി കഴിച്ചുകൂട്ടി. പ്രഭാതത്തില്‍ അവര്‍ക്ക് ചായയുമായി വന്ന രാജ്യസഭാ ഉപാ ദ്ധ്യക്ഷനെ അവര്‍ ഗൗനിച്ചതേയില്ല. പ്രസിഡന്റ് ബില്ലുകള്‍ അംഗീകരിച്ച 27-ന് കോവിഡ്മൂലം രാജ്യത്ത് ആകെ മരിച്ചത് 1039 പേരാണ്.

ഈ നിയമങ്ങളില്‍ ഒന്നാമത്തേത് (കാര്‍ഷികോല്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും – അഭിവൃദ്ധിയും സൗകര്യമൊരുക്കലും- നിയമം 2020) കാര്‍ഷിക വിളകള്‍ ഏത് വിധേനയും എവിടെയും വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിപണനം ചെയ്യുന്നതിനും കര്‍ഷകരെയും കച്ചവടക്കാരെയും അനുവദിക്കുകയും സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണം ഇല്ലാതാക്കുകയും, ചുങ്കം, കരംഎന്നിവ ഏര്‍പ്പെടുത്തുന്നതിനെ വിലക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് (വില ഉറപ്പാക്കലും കാര്‍ഷികസേവനമൊരുക്കലും-ശാക്തീകരണവും സംരക്ഷണവും-നിയമം 2020) കര്‍ഷകര്‍ക്ക് ഒരുമുന്‍കാല ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതി
നുള്ള നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും പരാതിപരിഹാര വേദിഒരുക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. മൂന്നാമത്തേത്, (ആവശ്യവസ്തു-ഭേദഗതി- നിയമം 2020) മുന്‍പുള്ളവയോടൊപ്പം ഭക്ഷ്യ ഉല്പന്നങ്ങളായ ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ്, എണ്ണക്കുരുക്കള്‍, സവാള എന്നിവയെക്കൂടി, അത്യപൂര്‍വ്വമായ സന്ദര്‍ഭങ്ങളില്‍ഒഴിച്ച്, സ്വതന്ത്രവും അനിയന്ത്രിതവുമായ സംഭരണം, സൂക്ഷിച്ചുവയ്ക്കല്‍, വിതരണം എന്നിവയുടെ ഗണത്തില്‍ പെടുത്തുന്നു.

ഒറ്റ നോട്ടത്തില്‍ നല്ല കാര്യങ്ങള്‍ എന്ന് തോന്നാവുന്ന ഇവയുടെ പിന്നില്‍ പക്ഷെ ഗൗരവതരമായ കുടുക്കുകള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ആരോപണം. ഈ കുടുക്കുകള്‍ പൊതുജനമദ്ധ്യത്തില്‍ നിന്നും മറച്ചുവച്ച് സ്വാതന്ത്ര്യാനു ഭവത്തിന്റെ പുതുമുഖം എന്ന് സര്‍ക്കാര്‍ ഘോഷിക്കുമ്പോഴും അവ തിരിച്ചറിഞ്ഞ കര്‍ഷകരാണ് പതിനായിരക്കണക്കിന് തെരുവില്‍ മാസങ്ങളോളം കഴിയേണ്ടി വന്നാലും അതിനുള്ള തയ്യാറെടുപ്പോടെ പ്രതിഷേധവുമായി ഇറങ്ങിതി രിച്ചിരിക്കുന്നത്. ഇതവരുടെ ജീവല്‍ പ്രശ്‌നമായി അവര്‍ കരുതുന്നു.

കാര്‍ഷികമേഖലയുടെ സമഗ്രപരിഷ്‌കരണം ലക്ഷ്യമാക്കി 2017 മുതല്‍ ആരംഭിച്ച പരിചിന്തനത്തിന്റെയും ചര്‍ച്ചയുടെയും ഫലമായുണ്ടായതാണിത് എന്ന് കേന്ദ്രസര്‍ക്കാര്‍ അവ
കാശപ്പെടുന്നു. ഈ നിയമം മണ്ഡികള്‍ക്ക് പുറത്തും നല്ലവി ല ലഭിക്കുന്നിടത്ത് ഉല്പന്നം വില്‍ക്കാനുള്ള സ്വാതന്ത്ര്യം കര്‍ഷകന് നല്‍കുന്നു, ഇടനിലക്കാരുടെ ചൂഷണം അവസാനി പ്പിക്കാന്‍ പര്യാപ്തമായത്, കരാര്‍ ഉടമ്പടികള്‍ക്ക് വ്യക്തതഉണ്ടാകും, വില്പനയില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കം ഇല്ലാതാകും, പ്രദേശിക തലത്തില്‍തന്നെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വേദി ഉണ്ടാകും എന്നൊക്കെയാണ് നിയമങ്ങളെ ന്യായീകരി ക്കുന്നവര്‍ അവകാശപ്പെടുന്നത്. പക്ഷെ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കും എന്ന് പറയുന്ന കര്‍ഷകര്‍ ഇതൊന്നും സമ്മതി ക്കുന്നില്ല എന്നതാണ് ഇന്നത്തെ ചിന്തനീയമായ വിഷയം. എന്തൊക്കെയാണ് നിങ്ങള്‍ക്കാവശ്യം എന്ന് തങ്ങളോട് ചോ ദിക്കാതെ തങ്ങളെ ബാധിക്കുന്ന തീരുമാനം എടുത്താല്‍ അത് അംഗീകരിക്കില്ല എന്നാണ് കര്‍ഷകര്‍, കഴിഞ്ഞ പല ആഴ്ചകളായി നടക്കുന്നതും ദിനംതോറും കൂടുതല്‍ കര്‍ഷകര്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നതുമായ പ്രതിഷേധത്തില്‍, ഉയര്‍ത്തുന്ന ശബ്ദം. സര്‍ക്കാരുമായി നടത്തിയ അഞ്ച് വട്ടം ചര്‍ച്ചയും പക്ഷെ ഫലം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല കര്‍ഷകര്‍ നിലപാട് കടുപ്പിക്കുകയും, കേന്ദ്രഭരണത്തിലെ ചിലസഖ്യകക്ഷികള്‍ പോലും സ്വരം മാറ്റുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലാവുകയാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ഞൂറോളം കര്‍ഷകസംഘടനകളാണ് ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് ഒരുരാഷ്ടീയ കക്ഷിയുമായി നേരിട്ട്ബന്ധമില്ല എന്നത് ഇക്കാര്യം രാഷ്ട്രീയമായി നേരിടുന്നതിന് സര്‍ക്കാരിന് തടസ്സമാവുകയും ചെയ്യുന്നു. എങ്കിലും ഒരു ഭാഗ്യപരീക്ഷണം എന്ന നിലയില്‍ ”രാഷ്ടീയപാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു” എന്ന് എല്ലാദിവസവും, എല്ലാവേദികളിലും പ്രധാനമന്ത്രി പറയുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ കര്‍ഷകര്‍ ദിനംതോറും പുതിയ തലങ്ങളിലേക്ക് സമരം പുരോഗമിപ്പിക്കുകയാണ്. സമരത്തിന് പൊതുജനപിന്തുണ വര്‍ദ്ധിക്കുന്നതോടൊപ്പം അനേക പ്രമുഖര്‍ അതിനുള്ള പങ്കാളിത്തം അറിയിക്കുകയും ചെയ്യുന്നു; കാനഡാ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ലോകബാങ്ക് മുന്‍മുഖ്യ സാമ്പത്തിക ഉപദേഷ്ടവായ പ്രമുഖസാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ബസുവും അക്കൂട്ടത്തില്‍ പെടുന്നു.

ഇവിടെ പരാമര്‍ശിക്കേണ്ട ഒന്നാമത്തെ വിഷയം, ഭാരതത്തിന്റെ ഭരണഘടനയില്‍ കേന്ദ്ര സംസ്ഥാനാവകാശങ്ങളെ നിര്‍ണ്ണയിക്കുന്ന കണ്‍കറന്റ് ലിസ്റ്റിലെ 33-ാമത്തെ വകുപ്പനു സരിച്ച് കൃഷിയുടെ ഉല്പാദനം, വിപണനം, വിതരണം എന്നിവ  കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ പരസ്പരം കൂട്ടായി നിയ ന്ത്രിക്കേണ്ടതാണ്. എന്നാല്‍ ഇവിടെ സംസ്ഥാനങ്ങളുടെ അവകാശവും പങ്കാളിത്തവും പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടാണ് ഈ നിയമനിര്‍മ്മാണം നടത്തിയിട്ടുള്ളത്. ഇത് ഭാരതത്തിന്റെ ഫെഡറല്‍ സ്വഭാവത്തിനെതിരെ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു എന്നും ഇത് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് ദൂരവ്യാപകമായ ദോഷഫലമാണ് ഉണ്ടാക്കാന്‍ പോ കുന്നത് എന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ഹരിതവിപ്ലവം ഫലപ്രദമായി നടപ്പിലാക്കിയ ഭാരതത്തിന്റെ പ്രധാനപ്പെട്ട കാര്‍ഷിക സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിലെ സ്ഥിതി കേരളത്തിലേതില്‍ നിന്നും തുലോം വ്യത്യസ്തമാണ്. കര്‍ഷകര്‍ കൃഷി ഇറക്കാന്‍ കടംവാങ്ങുകയും വിളവ് ശേഖരിച്ചു കഴി ഞ്ഞാല്‍ എത്രയും വേഗം വിറ്റഴിച്ച് കടം വീട്ടുകയും തുടര്‍
കൃഷിക്ക് ഒരുങ്ങുകയും ചെയ്യണം. ഇവിടെയാണ് വിത്തിറക്കാനുള്ള ചെലവിനായി കടം വാങ്ങുന്നതിന് ബാങ്കുകളുടെ സഹായവും വിളവിന്റെ ശേഖരണം, വില്പന എന്നിവക്ക് സര്‍ക്കാരിന്റെ സഹായവും ആവശ്യമായിവരുന്നത്. ബാങ്കുകള്‍ പലപ്പോഴും കര്‍ഷക സൗഹൃദമാകാറില്ല, പ്രത്യേകിച്ചും ചെറുകിടക്കാരുടെ കാര്യത്തില്‍. അപ്പോള്‍ അവര്‍ വന്‍പലിശക്കാരായ സ്വകാര്യ പണമിടപാടുകാരെ സമീപിക്കേണ്ടിവരുന്നു. കടം അടച്ചു തീര്‍ക്കാന്‍ വിളവ് എത്രയും വേഗം വിറ്റേമതിയാകൂ.

വിളവെടുപ്പ് കഴിഞ്ഞാല്‍ സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച മിനിമം സപ്പോര്‍ട്ട്‌പ്രൈസ് (താങ്ങുവില -എം. എസ്. പി.) നിശ്ചയിച്ച് സര്‍ക്കാര്‍ അവ വാങ്ങുകയും ശേഖരിച്ച് ആഭ്യന്തര വിതരണത്തിനും കയറ്റുമതിക്കും സൗകര്യം ഒരുക്കുകയും ചെയ്താല്‍ കര്‍ഷകന്റെ ബുദ്ധിമുട്ട് വലിയൊരളവുവരെ കുറക്കാന്‍ സാധിക്കും. അതിനായി നിര്‍ദ്ദിഷ്ട ഇടവേളകളില്‍ സര്‍ക്കാര്‍ താങ്ങുവില നിശ്ചയിക്കുകയും പുതുക്കുകയും ചെയ്തുവന്നു. അതോടൊപ്പം ”കാര്‍ഷിക ഉല്പന്ന വിപണന കമ്മറ്റി”യുടെ (ഏ.പി.എം.സി) ചുമതലയില്‍ ”മണ്ഡി” എന്നറിയപ്പെടുന്ന വില്പന കേന്ദ്രങ്ങള്‍ സ്ഥാപിച്ചുമിരുന്നു.

ഭാരതത്തില്‍ ആകെ 6630 ഏ.പി.എം.സി.കളാണ് ഉള്ളത്. ഇവ മുഴുവന്‍ ആവശ്യത്തിന് തികയില്ല എങ്കിലും വലിയൊരാശ്വാസമായിരുന്നു കര്‍ഷകര്‍ക്ക്. അതോടൊപ്പം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ (എഫ്.സി.ഐ.) സംഭരണശാലകളിലൂടെ പ്രാദേശിക വിതരണവും നടന്നിരുന്നു. മുന്‍പറഞ്ഞ മണ്ഡികളിലെ വിപണനം പ്രാദേശികസമിതികള്‍ തന്നെയാണ് നിര്‍വ്വ
ഹിച്ചിരുന്നത് എന്നതിനാല്‍ കര്‍ഷകനും വ്യാപാരിയും തമ്മില്‍ നേരിട്ടുള്ള ബന്ധവും ഉണ്ടായിരുന്നു. മണ്ഡികളിലെ ക്രയവിക്രയത്തിന് മൂന്നിനം ഫീസ് ഈടാക്കിയിരുന്നു. എന്നാല്‍ പോലും ഈ ഇടപാടുകള്‍ വലിയൊരളവുവരെ സുതാര്യവും സൗകര്യപ്രദവും ആയിരുന്നു എന്നാണ് കര്‍ഷകരുടെ ഭാഷ്യം.എന്നാല്‍ പുതിയ നിയമമനുസരിച്ച് താങ്ങുവില, മണ്ഡികള്‍, സംഭരണശാലകള്‍ എന്നിവ ഇല്ലാതാകും എന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു.

താങ്ങുവില എടുത്തുകളയില്ല എന്ന് സര്‍ക്കാര്‍ പറയുമ്പോഴും അതിന്റെ പ്രസക്തി പുതിയ നിയമം നടപ്പായാല്‍ ഇല്ലാതാകും എന്നാണ് കര്‍ഷകര്‍ ആണയിട്ട് പറയുന്നത്. കൂടാതെ നേരിട്ടോ, ഏജന്റുമാര്‍ വഴിയോ ഇന്റര്‍നെറ്റ് വഴിയോ ഒരു നിയന്ത്രണവുമില്ലാതെ ഉല്പന്നങ്ങള്‍ വാങ്ങാനും വിപണനം ചെയ്യാനും സാധിക്കുന്ന അവസ്ഥ വന്നാല്‍ അവിടെ സമ്പന്നകോര്‍പ്പറേറ്റുകള്‍ കടന്നുവരികയും അവര്‍ സാവകാശം, ശേഖരണം, വിപണനം, വില്പനഎന്നിവയില്‍  മാത്രമല്ല കൃഷിയിടങ്ങളിലും വിത്ത്‌വിതരണത്തിലും വളത്തിന്റെ കാര്യത്തിലും എല്ലാം ആധിപത്യം സ്ഥാപിക്കുകയും അവയെല്ലാം അവരുടെ ഹിതാനുസരണം നിയന്ത്രിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും എന്നാണ് കര്‍ഷകര്‍ ഭയപ്പെടുന്നത്. മൊബൈല്‍ഫോണ്‍ രംഗത്തും ഇന്റര്‍നെറ്റ് ഡേറ്റാരംഗത്തും റിലയന്‍സ് സര്‍വ്വാധിപത്യം സ്ഥാപിച്ച് പൊതു മേഖലാ കമ്പനിയെ ഉള്‍പ്പടെ എല്ലാകമ്പനികളെയും പ്രതിസന്ധിയിലാക്കിയത് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് കര്‍ഷകസമരക്കാര്‍ റിലയന്‍സ് സേവനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. 1995 നു ശേഷം ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണ ത്തിന്റെയും ഇരകളായി ഭാരതത്തില്‍ 296438 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഈ നിയമംകൂടെ പ്രാബല്യത്തിലായാല്‍ഈ സംഖ്യ പതിന്മടങ്ങ് വര്‍ദ്ധിക്കും എന്നവര്‍ പറയുന്നു. മോണ്‍സാന്റോയും മറ്റ് രണ്ട് ആഗോളവിത്ത് വിതരണകമ്പനികളും പരുത്തിക്കുരുവിത്തിന്റെ മേഖലയില്‍ നടത്തിയ കടന്നുകയറ്റവും അതുമൂലമുണ്ടായ കൃഷിനാശവും, പരിസ്ഥിതി വിപത്തും കര്‍ഷക ആത്മഹത്യയും ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു (ഗ്രീന്‍ക്വീന്‍രേഖ 2019 നവം. 11; റീസെറ്റ്. ഓര്‍ഗ് – ലൈഫ്, സയന്‍സ്, സൊസൈറ്റി ആന്‍ഡ് പോളിസി 2017 ഡിസം ബര്‍ റിപ്പോര്‍ട്ട് എന്നിവ കാണുക).

മണ്ഡികളില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കത്തിലൂടെ പ്രതിവര്‍ഷം 3500 കോടിരൂപയാണ് പഞ്ചാബ് സര്‍ക്കാരിന് മാത്രം ലഭിക്കുന്നത്. ഇതി ല്ലാതായാല്‍ അവിടത്തെ പല വികസനപദ്ധതികളെയും അത് ദോഷമായി ബാധിക്കും എന്നവര്‍ ഉറപ്പിച്ച് പറയുന്നു. താങ്ങുവില അനുസരിച്ച് ഏ.പി.എം.സി വാങ്ങുന്നതാണ് എഫ്.സി.ഐ ശേഖരിച്ച് വിതരണം ചെയ്യുന്നത്. ഇതില്ലാതായാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ധാന്യം സംഭരിക്കാന്‍ നല്‍കുന്ന പഞ്ചാബും ഹരിയാനയും മാത്രമല്ല എഫ്.സി.ഐ വിതരണത്തെ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലെ റേഷന്‍ ലഭിക്കുന്ന പാവപ്പെട്ടവരും അരിയും ഗോതമ്പും, ഉരുളക്കിഴങ്ങും, പയര്‍വര്‍ഗ്ഗങ്ങളും, തക്കാളിയും ഉള്ളിയും ഒക്കെ വാങ്ങുന്ന മറ്റ് ഉപഭോക്താക്കളും കഷ്ടത്തിലാകും.

മലയാളി കര്‍ഷകന് ഇനി നെല്ല്, റബ്ബര്‍, കാപ്പി, കുരുമുളക്, ഏലം, തേയില തുടങ്ങിയവക്ക് താങ്ങുവിലവേണമെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ മുന്‍പില്‍ ശബ്ദമുണ്ടാക്കാനോ സമരം ചെയ്യാനോ കഴിയില്ല. അതോടൊപ്പം ഇവയുടെ ഇറക്കുമതി ചുങ്കം അന്താരാഷ്ട ഉടമ്പടിയുടെ ഭാഗമായി കുറക്കുകയും കൂടെ ചെയ്താല്‍ ഇപ്പോഴേ നടുവൊടിഞ്ഞിരിക്കുന്ന കേരള കര്‍ഷകന്റെ ജീവിതം തികച്ചും ഇരുളടഞ്ഞതാകും. കരാര്‍ കൃഷിനിയമവും ഇതേ ഫലം തന്നെയാണ് സൃഷ്ടിക്കുക. ബഹു. പ്രധാനമന്ത്രിയുടെ  ”ഈ നിയമങ്ങള്‍ രാജ്യത്ത് മൂലധന നിക്ഷേപം വര്‍ദ്ധിക്കാന്‍ ഇടയാക്കും” എന്ന ഡിസംബര്‍ 12 -ാം തീയ്യതിയിലെ പ്രസ്താവന ഈ പശ്ചാ ത്തലത്തില്‍ ചേര്‍ത്ത് വായിക്കാവുന്നതാണ്.

അതോടൊപ്പം ”തുടക്കത്തില്‍കുറച്ച് ബുദ്ധിമുട്ടായാലും ദീര്‍ഘകാ ലാടിസ്ഥാനത്തില്‍ ഗുണകരമായിരിക്കും” എന്ന കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയുടെ പ്രസ്താവനയും ചേര്‍ത്ത് വായിക്കണം. ഈ ”തുടക്കം” എന്നതിന് എത്ര ദൈര്‍ഘ്യം ഉണ്ടാകും എന്നും അതിനിടക്ക് എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടിവരും എന്നും അദ്ദേഹം പറയുന്നില്ല. ഏ.പി.എം.സി. ഇല്ലാ
താകുന്നതോടെ  ഇടനിലക്കാര്‍ ഒഴിവാകുന്നത് ഗുണകരമാണ് എന്ന സര്‍ക്കാര്‍ വാദത്തെ ബീഹാര്‍ അനുഭവം ചൂണ്ടിക്കാണിച്ച് അത് വിപരീതഫലമേ ഉണ്ടാക്കൂ എന്നും ബാങ്കുകള്‍ ചെറുകിട കര്‍ഷകര്‍ക്ക് കടം നല്കാത്ത സാഹചര്യത്തില്‍ ഇവര്‍ നല്‍കുന്ന ചെറുവായ്പ്പാ സഹായം വലിയ ആശ്വാസമാണ് എന്നും കര്‍ഷകര്‍ പറയുന്നു.

ആവശ്യവസ്തുനിയമവും സര്‍ക്കാര്‍ അവകാശ പ്പെടുന്നതുപോലെ ഗുണകരമല്ല എന്നാണ് കര്‍ഷകരുടെ നിലപാട്. ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഇന്‍ഡ്യയിലെ കര്‍ഷകരുടെ മിക്കവാറും എല്ലാ ഉല്പന്നങ്ങളും ഒഴിവാക്കുകയും അവ കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം സംഭരിക്കാന്‍ സൗകര്യമുണ്ടാക്കുകയും ചെയ്തിരിക്കുകയാണ്. വന്‍കിട മൂലധനകുത്തകകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയാണ് എന്ന പ്രതിപക്ഷ ആക്ഷേപത്തിന്  കഴ മ്പുണ്ട് എന്ന് ചിന്തിക്കേണ്ടിവരുന്നു.

1996 ലെ തര്‍ക്കപരിഹാരനിയമം പുതുക്കി നിശ്ചയിക്കുന്ന ഈ നിയമത്തില്‍ ആര്‍ക്കാണ് ആര്‍ബിറ്ററേറ്ററാകാന്‍ യോഗ്യതയുള്ളത് എന്നത് വ്യക്തമായി പറയുന്നില്ല.അതും കൂടാതെ ഒരു വിദേശിക്ക് ഈ വിധത്തില്‍ പ്രവര്‍ത്തിക്കാനുണ്ടായിരുന്ന നിരോധനം നീക്കിയിരിക്കുകയുമാണ്. ഇത് വളരെ അപകടകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. വിദേശ കോടതി കളില്‍ പോയി കേസ് നടത്താന്‍ എത്ര കര്‍ഷകര്‍ക്ക് സാധിക്കും എന്നത് ഗൗരവമുള്ള ചോദ്യമായി അവശേഷിക്കും. അതോ ടൊപ്പം ഒരു കേസുണ്ടായാല്‍ അപേക്ഷകന് സ്വാഭാവികമായി നിരോധന ഉത്തരവ് ലഭിക്കാന്‍ മുന്‍ നിയമത്തില്‍ ഉണ്ടായിരുന്ന അവകാശം ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. കൃഷിയുടെ കമ്പനിവല്‍ക്കരണമാണ് ഇവിടെ നടത്താന്‍ ശ്രമിക്കുന്നത് എന്ന കര്‍ഷകരുടെ ആക്ഷേപം തള്ളിക്കളയാന്‍ വയ്യ.

കര്‍ഷകരുടെ സമരത്തെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട ശൈലിയും പരിശോധിക്കേണ്ടതാണ്. ഇതൊരു രാഷ്ട്രീയസമരം അല്ലാതി രിക്കുകയും തികച്ചും സമാധാനപരമായിട്ടുള്ളതും ആയിരിക്കെ  പതിവുപോലെ ബാരിക്കേടുകളുയര്‍ത്തിയും, പോലീസിനെ വിന്യസിപ്പിച്ചും നേരിടാനാണ് തുടക്കത്തില്‍ ശ്രമിച്ചത്. അത് ഫലം കാണാതെവന്നപ്പോള്‍ എതിര്‍പ്രചാരണവും ആയു ധമാക്കുന്നു. കര്‍ഷകരെ രാഷ്ട്രീയപാര്‍ട്ടികള്‍ തെറ്റിദ്ധരി പ്പിക്കുകയാണ് ഇടനിലക്കാരുടെയും ഹുണ്ടികകടം കൊടുപ്പുകാരുടെയും പ്രചരണത്തില്‍ കര്‍ഷകര്‍ പെട്ടുപോയി എന്നൊക്കെയാണ് തുടര്‍ച്ചയായ വാദം. യാതൊരു രാഷ്ട്രീയ കക്ഷിക്കും ഈ സമരത്തില്‍ നേരിട്ട് ബന്ധപ്പെടാന്‍ കര്‍ഷകര്‍ അവസരം നല്‍കിയിട്ടില്ല എന്നതാണ് സത്യം. പ്രശ്‌നപരിഹാരത്തിന് നടത്തിയ കൂടിയാലോചനകളില്‍ ഒരു രാഷ്ട്രീയ നേതാവ് പോലും കര്‍ഷകരെ പ്രത്രിനിധീകരിച്ചോ അല്ലാതെയോ ഉണ്ടായിരുന്നില്ല.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ഖട്ടാര്‍ സമരക്കാരെ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ എന്നാണ് വിശേഷിപ്പിച്ചത്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് ഈ സമരത്തിന് നേതൃത്വം നല്‍കുന്നത് എന്നത് സത്യമാണ്. പക്ഷെ അവര്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ ആയി രക്കണക്കായാണ് ദിനവും പുതുതായി വന്നുകൊണ്ടിരിക്കുന്നത്. വിവാദനിയമം പൂര്‍ണ്ണമായും പിന്‍വലിക്കുക എന്ന ഒരേ ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കുന്നു ആഴ്ചകളായി. ഇനി മാസങ്ങള്‍ തെരുവില്‍ കഴിയേണ്ടി വന്നാലും, അവിടെവച്ച് മരിക്കേണ്ടി വന്നാലും പിന്‍തിരിയില്ല എന്നവര്‍ ആണയിട്ട് പറയുന്നു (ദിവസേന ഒരു കര്‍ഷകന്‍ വീതം പ്രതിഷേധയിടങ്ങളില്‍ മരിക്കുന്നുണ്ട്). പ്രസിഡന്റില്‍ നിന്നും വിശിഷ്ടാംഗീകാരം നേടിയിട്ടുള്ളവര്‍ അത് തിരികെ നല്‍കി കര്‍ഷകരോട് ആഭിമുഖ്യം അറിയിക്കുന്നു. പതിവ് ശൈലിയില്‍ ഈ വിഷയം പരിഹരിക്കാന്‍ സധിക്കില്ല എന്നാണ് സന്ദേശം.”കര്‍ഷകരുമായി ഒരു ധാരണ ഉണ്ടാകുന്നതു വരെ നിയമം നടപ്പാക്കുന്നത്
നിര്‍ത്തിവക്കാമോ” എന്ന ബഹു. സുപ്രീം കോടതിയുടെ ചോദ്യം പോലും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ല.

നമുക്ക് മഹാത്മാവിന്റെ സ്വപ്നത്തിലേക്ക് തിരിച്ച് വന്ന് ഈ ചര്‍ച്ച ഉപസംഹരിക്കാം. ഭാരതത്തിന്റെ ഭക്ഷണത്തിന് വിഭവം നല്‍കുന്നത് കര്‍ഷകരാണെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാട് വ്യതിചലനത്തിന് വിധേയമാകുന്നു എന്ന് വിലയി രുത്തേണ്ടിയിരിക്കുന്നു. കൃഷി ഒരു സാംസ്‌കാരിക വിഷയമല്ല, വ്യവസായമാണ് എന്ന് തിരുത്തി കുറിക്കപ്പെട്ടിരിക്കുന്നു. ഈ മേഖലയില്‍ ഏതൊരു വ്യക്തിക്കും കമ്പനിക്കും യാതൊരു നിയന്ത്രണവുമില്ലാതെ ഒരുചോദ്യവും ചോദിക്കാന്‍ സാധിക്കാത്ത വിധം ഇടപെടാന്‍ കഴിയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇത് കൃഷിയെ കര്‍ഷകനില്‍ നിന്നും വിടര്‍ത്തി അദൃശ്യശക്തികളുടെ കൈകിലേക്ക് എത്തിക്കുന്നു. എന്ത് എങ്ങിനെ എവിടെ കൃഷിചെയ്യണം, എപ്പോള്‍ ഏത് വിലക്ക് വില്‍ക്കണം; വിത്ത്, വളം, കീടനാശിനി, കൃഷിയന്ത്രങ്ങള്‍ എവിടെ നിന്ന് വാങ്ങണം, എന്നൊക്കെ മറ്റുള്ളവര്‍ തീരുമാനിക്കും, കര്‍ഷകന് കൃഷി ചെയ്യണമെങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരുടെ കല്പനക്ക് വിധേയമായി അത് ചെയ്യേണ്ടിവരും.

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ നിന്നും കോര്‍പ്പറേറ്റ് ഡയറക്ടര്‍ ബോര്‍ഡുകളുടെ ശീതീകരിച്ച യോഗമുറികളിലേക്ക് പറിച്ചുനടപ്പെടും. രാഷ്ട്രപിതാവിന് വിസ് മൃതിയില്‍ അന്ത്യവിശ്രമം വിധിക്കപ്പെടും. കര്‍ഷകരെ സഹായി ക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഒന്നാമത് കൃഷിയിറക്കുന്ന സമയത്ത് കര്‍ഷകന് ആവശ്യമായ കടം കുറഞ്ഞ പലിശക്ക് നേരിട്ടോ ബാങ്കുകള്‍ വഴിയോ ലഭിക്കുന്നു എന്ന് ഉറപ്പാക്കുക. രണ്ടാമത് വിളകള്‍ക്ക് കര്‍ഷകരുമായി ആലോചിച്ച് ചിലവിനനുസൃതമായ താങ്ങുവില നിശ്ചയിച്ച് അവ വാങ്ങി ശേഖരിച്ച് വിതരണത്തിനും കയറ്റുമതിക്കും ഉള്ള ക്രമീകരണം ചെയ്യുക. ഇതല്ലാതെ മറ്റുള്ളവരെ ചൂണ്ടിക്കാണിച്ചു കൊണ്ട് അവര്‍ക്ക് നല്‍കും എന്ന് പറയുന്ന ഒരുസഹായവും കര്‍ഷകന് പ്രയോജനപ്പെടില്ല, അവന്റെ ദുരിതം കൂട്ടുകയേഉള്ളൂ.