കുരുവികള്‍ക്ക് ആകാശം കൊടുക്കാം ഭൂമിക്ക് ശാപമോക്ഷമേകാം – പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃത്രീയന്‍ കാതോലിക്കാ ബാവ

പരുമലയുടെ പരിശുദ്ധാന്തരീക്ഷത്തിലിരുന്നാണ് ഞാന്‍ ഇത് കുറിക്കുന്നത്. കണ്‍മുന്നില്‍ പമ്പാനദിയുണ്ട്. ഈ നീര്‍ച്ചാലുകാണുമ്പോഴൊക്കെ ഞാന്‍ ക്രിസോസ്റ്റം തിരുമേനിയുടെ ഫലിതം ഓര്‍മിക്കും. ‘പമ്പയില്‍ എന്തൊക്കെയുണ്ട്’ എന്ന് ആരോ പണ്ട് തിരുമേനിയോട് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു:’വെള്ളവും മീനുമൊഴിച്ച് എല്ലാമുണ്ട്…’ മരണാസന്നയായ ഒരു നദിയെക്കുറിച്ചുള്ള ഏറ്റവും തെളിമയുള്ള ഓര്‍മപ്പെടുത്തല്‍.


പക്ഷേ ഇപ്പോള്‍ അരികിലുള്ള പമ്പയില്‍ കലങ്ങിയൊഴുകുന്ന വെള്ളമുണ്ട്. കിഴക്കന്‍ മലകളുടെ കണ്ണീരാകണം. അതുപെരുകിപ്പെരുകിയാണ് കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് പെരുംപ്രളയമുണ്ടായത്. ഇപ്പോഴും നദി നിറയുന്നത് കാണുമ്പോള്‍ നാം പ്രളയത്തെപ്പേടിക്കുന്നു.


ഇതുമാത്രമല്ല,അനേകം ഭയങ്ങളുടെ ദുര്‍ബലഗേഹങ്ങളിലിരുന്നുകൊണ്ടാണ് മലയാളി പരിസ്ഥിതിദിനത്തെക്കുറിച്ച് പരികല്പനനടത്തുന്നതും വാതോരാതെ സംസാരിക്കുന്നതും. ഓരോ പരിസ്ഥിതിദിനവും നമുക്ക് ചെടി നടാനുള്ള ഒരു ദിവസം മാത്രമാണ്. ആ ഒറ്റദിവസത്തില്‍ നമ്മള്‍ നടും,നനയ്ക്കും,പിന്നെ വളരുമാറാക്കാനുള്ള ചുമതല ദൈവത്തെ ഏല്പിച്ച് കൈകഴുകി മടങ്ങും. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ നട്ട ചെടിയെക്കുറിച്ച് ഈ വര്‍ഷം ഓര്‍ക്കുന്ന എത്രപേരുണ്ടാകും!


ദൈവസൃഷ്ടിയാണ് മനുഷ്യനും പ്രപഞ്ചവും. രണ്ടും പരസ്പരം സഹായിച്ചും സഹകരിച്ചും വളരേണ്ടവരാണ്. മനുഷ്യന്റെ ഉപയോഗത്തിനായി പ്രപഞ്ചം പലതും നല്കുന്നു. പ്രപഞ്ചത്തിലെ എല്ലാം ന്യായമായി അനുഭവിക്കാന്‍ മനുഷ്യന് ദൈവം അനുവാദം നല്കിയിട്ടുണ്ട്. എന്നാല്‍ പ്രപഞ്ചത്തെ ചൂഷണം ചെയ്യാന്‍ അവകാശമേകിയിട്ടില്ല. വീടുവയ്ക്കാന്‍ ഒരു മരത്തെ ഉപയോഗപ്പെടുത്താം. പക്ഷേ ആര്‍ത്തിയോടെ കാടുവെട്ടിത്തളിക്കാന്‍ നമുക്ക് അധികാരമില്ല. ജലത്തിലെ മത്സ്യങ്ങളെ ഭക്ഷണത്തിനായി പിടിക്കാം. എന്നാല്‍ ജലാശയം മുഴുവനായി മലിനപ്പെടുത്തുന്നത് ദൈവനിയമത്തിന്റെ നിഷേധമാണ്. പാറപൊട്ടിക്കലും ആനക്കൊമ്പ് വേട്ടയുമൊക്കെ അതേരീതിയില്‍ ക്രൂരവും കുറ്റകരവുമാകുന്നു. ദൈനദിനജീവിതത്തിനായി പ്രകൃതിവിഭവങ്ങളെ ഉചിതമായി ഉപയോഗപ്പെടുത്തുമ്പോഴാണ് നാം യഥാര്‍ഥ ദൈവപുത്രന്മാരാകുന്നത്. അതുമറന്ന് ചൂഷണത്തിന്റെ നിലയിലേക്ക് പോകുമ്പോള്‍ പ്രകൃതി പ്രളയങ്ങള്‍ സൃഷ്ടിക്കുന്നു. നാം അപ്പോള്‍ ചകിതരാകുന്നു.
ആദാമിനെ സൃഷ്ടിച്ച് ഏദന്‍തോട്ടത്തിലാക്കുമ്പോള്‍ ദൈവം ആദ്യമനുഷ്യനോട് പറഞ്ഞത് തോട്ടത്തില്‍ കൃഷി ചെയ്യാനും തോട്ടം കാപ്പാനും നിന്നെ ചുമലതലപ്പെടുത്തിയിരിക്കുന്നു എന്നാണ്. ഈ പ്രപഞ്ചത്തെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സൃഷ്ടിയുടെ ആരംഭത്തില്‍ തന്നെ ദൈവം മനുഷ്യന് നല്കിയിട്ടുള്ളതാണ്. മനുഷ്യന് ആ ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.


പൗലോസ് ശ്ലീഹയുടെ റോമാ ലേഖനം എട്ടാം അധ്യായം പതിനെട്ടാം വാക്യത്തില്‍ പറയുന്നുണ്ട്,’മനുഷ്യപുത്രന്മാരുടെ വെളിപാടിനായി സൃഷ്ടി ഭാരപ്പെട്ട് കറങ്ങിക്കൊണ്ടിരിക്കുകയാണ്’എന്ന്. മനുഷ്യന്‍ നന്മയില്‍ ജീവിക്കുന്നതിനുവേണ്ടിയാണ് ആ ഭാരംചുമക്കല്‍. നാം നന്മയുളളവരാകുമ്പോഴേ ഭൂമിക്ക് ശാപമോക്ഷം കിട്ടൂ. സ്വന്തം അച്ചുതണ്ടില്‍ കറങ്ങിയും സൂര്യനെ പ്രദക്ഷിണം ചെയ്തും സര്‍വംസഹയായ ഭൂമി അതിലെ അന്തേവാസികള്‍ക്കായി കഷ്ടപ്പെടുമ്പോഴാണ് രാവും പകലുമുണ്ടാകുന്നത്. ഒരമ്മ മക്കള്‍ക്കായി സ്വയം ത്യജിക്കുന്നതും സഹിക്കുന്നതും പോലുള്ള പ്രവൃത്തിയാണത്. അമ്മയെ എങ്ങനെ കാണുന്നുവോ അതുപോലെ ഭൂമിയെ കാണാന്‍ ശീലിക്കുമ്പോഴാണ് നമ്മളില്‍ ദൈവികത്വമുണ്ടാകുന്നത്.


പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന് വേണ്ടി മാത്രമല്ല. സര്‍വചരാചരങ്ങളുടേതുമാണ് ഭൂമി. കല്ല് കരട് കാഞ്ഞിരക്കുറ്റിക്കും മുള്ള് മുരട് മൂര്‍ഖന്‍ പാമ്പിനും അവകാശപ്പെട്ടതാണത്. ഇവിടത്തെ വെള്ളത്തിനും വായുവിനും നമ്മള്‍ മാത്രമല്ല അവകാശികള്‍. ‘ഭൂഗോളത്തില്‍ ച്ചിരിപ്പിടിയോളം ഭാഗത്തിന്റെ ആജീവനാന്ത അവകാശിയായിത്തീര്‍ന്നതോടെ ഭാവി ജീവിതം സുരക്ഷിതമായി എന്ന് ദൃഢമായിത്തന്നെ വിശ്വസിക്കു’ന്നതിലെ വിഡ്ഢിത്തത്തെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ പണ്ടേ എഴുതി. ഭൂമിയിലെ ഉല്പന്നങ്ങളുടെയെല്ലാം അവകാശികളാണ് ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും എന്ന വലിയ സത്യവും അദ്ദേഹം ചെറിയ കഥയിലൂടെ പറഞ്ഞുതന്നു.


എല്ലാമതങ്ങളും ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മനുഷ്യന്റെ പൊക്കിള്‍ക്കൊടി അവന്റെ മാതാവായ ഭൂമിയിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് അതിലൂടെ നമുക്ക് വായിച്ചെടുക്കാം. ‘വസുധൈവ കുടുംബകം’എന്നാണ് ഉപനിഷദ് വാക്യം. ‘അന്ത്യനാള്‍ വന്നെത്തുന്ന നേരം ഒരാളുടെ കൈയില്‍ വിത്തുണ്ടെങ്കില്‍ അതയാള്‍ക്ക് സാധിക്കുമെങ്കില്‍ കുഴിച്ചിടട്ടെ’എന്ന് നബിവചനം. എല്ലാത്തിന്റെയും പൊരുള്‍ ഒന്നുതന്നെ. മണ്ണില്‍ ജീവിക്കുന്നവന്‍ മണ്ണോട് ചേരുംവരെ മണ്ണിനെ മറക്കരുത്. ഒടുവില്‍ മണ്ണിലേക്കാണ് മടങ്ങേണ്ടത് എന്നും മറക്കരുത്. ചുറ്റുപാടുകളെ അപരനായി കാണാതെ അയല്‍ക്കാരനായി സ്‌നേഹിക്കുകയും കരുതുകയുമാണ് വേണ്ടത്. അങ്ങനെയൊരു മനോനിലയിലേക്ക് മനുഷ്യന്‍ വളരുമ്പോഴാണ് ഭൂമി സ്വര്‍ഗമാകുന്നത്.


പക്ഷേ നാം അത്യാര്‍ത്തരായി പ്രകൃതിയ്ക്ക് നേരെ ആയുധമെടുക്കുന്നു. മൂന്നാം ലോകമഹായുദ്ധം എന്ന് പറയുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യുദ്ധമാണ്. തികച്ചും ഏകപക്ഷീയമായ യുദ്ധം. മനുഷ്യന്‍ പ്രകൃതിയെ നിരന്തരം ആക്രമിക്കുന്നു. സഹികെടുമ്പോള്‍ പ്രകൃതി ക്ഷോഭിക്കുന്നു.
പക്ഷേ വിശുദ്ധഗ്രന്ഥങ്ങള്‍ക്കും ആത്മീയഗുരുക്കന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാധിക്കാതിരുന്നത് പരമാണുവിനോളം ചെറുതായ ഒരു രോഗാണുവിന് സാധിച്ചു. കോവിഡ് മനുഷ്യനെ പഠിപ്പിച്ച പാഠങ്ങള്‍ എത്രയെത്ര! അന്ന് രോഗത്തെ പേടിച്ച് വീട്ടിലേക്ക് ഒതുങ്ങിയപ്പോള്‍ നമ്മള്‍ വാഹനങ്ങളുടെ പുകതുപ്പാതെ,ഹോണ്‍നീട്ടിയടിക്കാതെ,പുഴയിലേക്ക് മാലിന്യമൊഴുക്കാതെ,മരങ്ങളെ ദ്രോഹിക്കാതെ മര്യാദക്കാരായി. അന്ന് കിളികള്‍ പുറത്തിറങ്ങി അവരുടെ സ്വന്തമായ ആകാശത്തേക്ക് പറന്നു,മീനുകള്‍ തെളിവെള്ളത്തിലൂടെ നീന്തി,പുഴ നമുക്ക് മുഖം നോക്കാന്‍ ഒരു കണ്ണാടിയായി. പരിസ്ഥിതി സ്ഫടികസമാനമായി. അതുകൊണ്ടാണ് ലോക്ഡൗണ്‍ കാലത്ത് കൊച്ചിയെന്ന മഹാനഗരത്തില്‍ നിന്ന് നോക്കിയപ്പോള്‍ പശ്ചിമഘട്ടം കാണാനായത്.

മനുഷ്യാ നിനക്ക് നിന്റെ ചുറ്റുപാടുകളെ നൊമ്പരപ്പെടുത്താതെ ജീവിക്കാന്‍ കഴിയും എന്ന് നമ്മോട് പറയുകയും തെളിയിച്ച് തരികയും ചെയ്യുകയുമായിരുന്നു കോവിഡ്. അത് മറന്നുകൂടാ. ലോക്ഡൗണ്‍കാലത്തെ സ്വയംനിയന്ത്രണങ്ങള്‍ പ്രകൃതിസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ തുടര്‍ന്നും പാലിക്കാന്‍ സാധിക്കുമോ എന്ന വലിയ ചോദ്യമാണ് ഈ പരിസ്ഥിതി ദിനം നമ്മോട് ചോദിക്കുന്നത്. ഇപ്പോള്‍ ഒരു കുരുവി എന്റെ ജാലകത്തിനരികെ പറന്നുവന്നിരിപ്പുണ്ട്. എനിക്കെന്റെ ആകാശം തിരികെത്തരില്ലേ എന്നാണ് അതു ചോദിക്കുന്നതും എനിക്ക് കേള്‍ക്കാനാകുന്നു.