കെ. എസ്. ചിത്ര പരിശുദ്ധ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിച്ചു

കോട്ടയം: ക്രിസ്തു സേവനത്തിന്റെ ആള്‍രൂപമായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെന്ന് ഗായിക കെ.എസ് ചിത്ര. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ കബറിടം കുടുംബത്തോടൊപ്പം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു ചിത്ര. ജാതിമത ചിന്തകള്‍ക്ക് അതീതമായി  മനുഷ്യനെ ഒന്നായി കാണുവാനും സ്‌നേഹിക്കുവാനും ചേര്‍ത്തു നിര്‍ത്തുവാനും, ദുഃഖിതരുടെ കണ്ണീര്‍ ഒപ്പുവാനും നിശബ്ദമായി എന്നും പ്രവര്‍ത്തിച്ചിട്ടുളള ഒരു യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയെയാണ് സമൂഹത്തിന് നഷ്ടപ്പെട്ടതെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.
മെത്രാപ്പോലീത്തമാരായ  കുര്യാക്കോസ് മാര്‍ ക്ലീമ്മീസ്,  ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നു ചിത്രയെ സ്വീകരിച്ചു.