നഴ്സുമാർക്ക് ആശംസ അർപ്പിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : നഴ്സസ് ദിനത്തിൽ ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് ആദരമർപ്പിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. കാരുണ്യത്തിന്റെ മാലാഖമാർ ആയി ലോകമെങ്ങും പ്രവർത്തിക്കുന്ന നഴ്സുമാരെ പ്രത്യേകം അനുസ്മരിക്കുന്നതായും ഈ ദിനത്തിൽ അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതായും പരിശുദ്ധ ബാവ പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് തീവ്ര വ്യാപനത്തിന്റെ സാഹചര്യത്തിൽ, തളർന്നുപോകാതെ തങ്ങളുടെ ദൗത്യം നിർവഹിക്കുവാൻ അത്യധികം അധ്വാനിക്കുന്നവരാണ് നഴ്സുമാർ. ഈ അധ്വാനം മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഏറ്റവും വിലപ്പെട്ടതാണെന്നും, സ്വന്തം  പരിമിതിക്ക് ഉള്ളിൽ നിന്നുകൊണ്ട് മാനവരാശിയുടെ മുഴുവൻ സുസ്ഥിരമായ നിലനിൽപിന് വേണ്ടി അധ്വാനിക്കുന്നവരുടെ പ്രയത്നം മുഴുവൻ ലോകവും ഏറെ വിലമതിക്കുന്നതാണെന്നും നേഴ്സസ് ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.