പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

പരുമല: വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില കഴിഞ്ഞ ചൊവ്വാഴ്ചയാണ് അല്പം ആശങ്കാജനകമായത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവായി കണ്ടതിനാലാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘം വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ കൃത്രിമ ശ്വാസോച്‌ഛോസത്തിന്റെ സഹായത്താല്‍ ഓക്‌സിജന്‍ നില ആവശ്യത്തിന് നിലനിര്‍ത്തുവാന്‍ സാധിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കി ചികിത്സിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധ പിതാവിന്റെ അവസ്ഥ ആരോഗ്യപരമായി സ്ഥിരത നിലനിര്‍ത്തുന്നുണ്ടെങ്കിലും ആശങ്കാജനകം തന്നെയാണ്.

2019 ഡിസംബര്‍ മുതല്‍ ശ്വാസകോശ കാന്‍സറിന് പരിശുദ്ധ ബാവ തിരുമേനി ചികിത്സയിലാണ്. അദ്ദേഹത്തിനുണ്ടായ കോവിഡ് ബാധ 2021 ഫെബ്രവരിയില്‍ സുഖപ്പെട്ടങ്കിലും കോവിഡാനന്തര പ്രശ്‌നങ്ങള്‍ ആരോഗ്യനില സങ്കീര്‍ണ്ണമാക്കി തീര്‍ത്തു. ഇപ്പോഴത്തെ അവസ്ഥ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉണ്ടായവയാണെന്ന് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.