പരുമല തിരുമേനി ആദ്ധ്യാത്മികതയുടെ തീവ്ര ഭാവം പകര്‍ന്ന പുണ്യവാന്‍ : മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

പരുമല : ആദ്ധ്യാത്മികതയുടെ തീവ്രമായ ഭാവത്തിലൂടെ ക്രിസ്തുവിലുള്ള സമര്‍പ്പണം സമ്പൂര്‍ണ്ണമാക്കിയ പുണ്യവാനാണ് പരുമല തിരുമേനിയെന്ന് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരുമല അഴിപ്പുരയില്‍ നടന്ന ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധിയുടെ ആദ്ധ്യാത്മിക സൗന്ദര്യം പകര്‍ന്ന ദാര്‍ശനികനും കര്‍മ്മയോഗിയുമായിരുന്നു പരുമല തിരുമേനി എന്ന് ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് പറഞ്ഞു. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരേസമയം വിവിധ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ഭൂമിയില്‍വെച്ച് ദൈവത്തോട് സംവദിക്കുകയും ചെയ്ത പരുമല തിരുമേനി വിശുദ്ധിയുടെ പരിമളം പകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, അസി.മാനേജര്‍ ഫാ.ജെ.മാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.