ലഹരിക്കെതിരേ ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സമൂഹം നേരിടുന്ന അതിഭയാനകമായ ലഹരി വിപത്തിനെതിരേ ‘ലഹരിമുക്ത സഭ, ലഹരിമുക്ത സമൂഹം’’എന്ന ലക്ഷ്യം മുന്‍നിറുത്തി ബോധവല്‍ക്കരണ പദ്ധതിയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ എല്ലാ ഇടവകകളിലും പ്രൊഫഷണല്‍ കോളജുകളടക്കമുളള കലാലയങ്ങളിലും, സ്‌ക്കൂളുകളിലും ഈ ബോധവല്‍ക്കരണ പദ്ധതി നടപ്പാക്കും. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ലഹരിക്കെതിരേ നടത്തുന്ന വിവിധ കര്‍മ്മപദ്ധതിയുമായി ചേര്‍ന്ന് സഭയും പ്രവര്‍ത്തിക്കും. സഭയുടെ മാനവശാക്തീകരണ വിഭാഗം മുമ്പോട്ടു വയ്ക്കുന്ന ഈ ത്രിവത്സര പദ്ധതി ഇടവക ഭക്തസംഘടനകള്‍ ഏറ്റെടുത്ത് നടപ്പാക്കും. വൈദികര്‍, സണ്‍ഡേസ്‌ക്കൂള്‍ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനം, മര്‍ത്തമറിയം വനിതാസമാജം, സുവിശേഷ സംഘം ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതാണ്. നവംബര്‍ 13 (ഞായര്‍) ലഹരി വിരുദ്ധ ദിനമായി ഇടവകകളില്‍ ആചരിക്കുന്നതാണ്. സ്‌ക്കൂള്‍, കോളജ് തലങ്ങളിലെ ബോധവല്‍ക്കരണത്തിനായി അതാതു പ്രദേശങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. ഡ്രഗ്‌സിറ്റ്’(DRUXIT) എന്ന പേരില്‍  ആവിഷ്‌ക്കരിക്കുന്ന ഈ പദ്ധതി സഭയിലും സമൂഹത്തിലും കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ ജാതിമതഭേദമെന്യേ എല്ലാവരും തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പളളികള്‍ക്ക് അയച്ച കല്‍പനയിലൂടെ ആഹ്വാനം ചെയ്തു.