സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ ഹര്‍ജി തള്ളി

കോട്ടയം: സഭാ തര്‍ക്കത്തില്‍ കോടതി വിധികള്‍ മറികടക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുവാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, പ്രശ്‌ന പരിഹാരത്തിന് പ്രത്യേക ട്രിബ്യൂണല്‍നെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ഇത് കേസു കൊടുത്തവര്‍ക്ക് ഏറ്റ കനത്ത പ്രഹരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത. വരിക്കോലി, കണ്യാട്ടുനിരപ്പ്, പെരുമ്പാവൂര്‍, കടമറ്റം, വട്ടായി മുതലായി, 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം എന്ന് കോടതി വിധിച്ചിരിക്കുന്ന പള്ളികളില്‍പെട്ട പാത്രിയര്‍ക്കീസ് അനുഭാവികളായ 138 പേര്‍ ചേര്‍ന്നു നല്‍കിയ ഭീമഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കേന്ദ്ര, കേരള സര്‍ക്കാരുകളും, കേരളത്തിലെ പോലീസ് മേധാവിയും, പരിശുദ്ധ കാതോലിക്കാ ബാവായും ആയിരുന്നു പ്രതികള്‍. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പോലും വിസമ്മിതിച്ചുകൊണ്ടാണ് കോടതിയുടെ രണ്ടംഗ ബഞ്ച് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാര്‍ക്ക് ആരാധനാസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നും അതിനാല്‍ അവര്‍ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നു എന്നും, പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കണെമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കോടതിവിധികളെ മറികടക്കുവാന്‍ നിയമനിര്‍മ്മാണം നടത്തണണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയറ്റ് നടയില്‍ സത്യാഗ്രഹം പോലും നടത്തിയ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നീതിന്യായ കോടതിയോടുളള വെല്ലുവിളികളെയാണ് ഇവിടെ തള്ളിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പിന് ശേഷം നിയമം നിര്‍മ്മിച്ചുനല്‍കാമെന്ന് ചിലരെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ വ്യാമോഹങ്ങളെല്ലാമാണ് ചാമ്പലായിരിക്കുന്നത്. ജൂഡീഷറിയുടെ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം വിഫലമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. സത്യവും നീതിയും എന്നാളും വിജയിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കോടതിവിധി എന്നും മാര്‍ ദീയസ്‌കോറസ് കൂട്ടിച്ചേര്‍ത്തു.