കോട്ടയം:അക്ഷര ടൂറിസം സ്‌പോട്ടുകളുടെ പട്ടികയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെറിയപളളി ഇടം നേടി. സഹകരണ വകുപ്പ് കോട്ടയത്ത് ആരംഭിക്കുന്ന അക്ഷര മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്നതാണ് ‘ അക്ഷര ടൂറിസം ‘ പദ്ധതി. ചെറിയ പളളിയെന്ന് അറിയപ്പെടുന്ന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളി 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. ഈ പള്ളിയിലെ അതിപുരാതനമായ ചുമർ ചിത്രങ്ങൾ, മാർ ഗബ്രിയേലിന്റെ മരണ വിവരം രേഖപ്പെടുത്തിയിരിക്കുന്ന ഫലകത്തിലെ കോലെഴുത്ത്, മാർ ഗബ്രിയേലിന്റെ ടെമ്പറ ചിത്രം, കൽത്തൂണുകളിൽ ഉറപ്പിച്ച നാടകശാല, പള്ളിയുടെ ആനപ്പള്ള മതിൽ തുടങ്ങിയവയുടെ ചരിത്രമൂല്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. ഇന്നലെ കോട്ടയത്ത് നടന്ന യോഗത്തിന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, റജിസ്ട്രാർ പി.ബി. നൂഹ് ഐ.എ.എസ്. എന്നിവർ നേതൃത്വം നൽകി.