പത്തനംതിട്ട: മാനവ രാശിയുടെ നിലനില്പിന്റെ പ്രധാന ഉറവിടമായ ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടത് നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷൻ അധ്യക്ഷൻ കുര്യാക്കോസ് മാർ ക്ലീമിസ് പ്രസ്താവിച്ചു. പൈതൃക സ്വത്തായ ജൈവവൈവിധ്യം ശോഷണം കൂടാതെ നിലനിർത്തേണ്ടതും വരുംതലമുറകൾക്ക് കൈമാറേണ്ടതും നമ്മുടെ കർത്തവ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി കമ്മീഷൻറെ ആഭിമുഖ്യത്തിൽ നടന്ന വർച്വൽ ജൈവവൈവിധ്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണയുടെ വിയോഗം തീരാനഷ്ടമാണെങ്കിലും അദ്ദേഹത്തിൻറ ജീവിതം പരിസ്ഥിതി സ്നേഹികൾക്ക് നിത്യ പ്രചോദനമാണെന്ന്
കമ്മീഷൻ ഉപാധ്യക്ഷൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ജനറൽ സെക്രട്ടറി ഫാ. കോശി ജോൺ കലയപുരം എന്നിവർ പ്രസംഗിച്ചു.