പരിശുദ്ധ കാതോലിക്കാ ബാവായുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാനമേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാധാരണക്കാരില്‍ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.

കേരളത്തില്‍ സഭയിലും സമൂഹത്തിലും സമാധാനം പുലര്‍ത്താന്‍ നിലകൊണ്ടു. സഭയുടെ താല്‍പര്യമായിരുന്നു എന്നും ബാവ ഉയര്‍ത്തിപ്പിടിച്ചത്. ലോകത്താകെയുള്ള ഓര്‍ത്തഡോക്‌സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.