പരിശുദ്ധ കാതോലിക്കാബാവാ തിരുമേനിയുടെ പൊതുപരിപാടികള്‍ റദ്ദാക്കുന്നു
കോട്ടയം: കോവിഡ് മഹാമാരിയുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലും, ഫെബ്രുവരി 25-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്റെ ദൈവീകവും വിജയകരവുമായ
നടത്തിപ്പിനുവേണ്ടി പ്രത്യേകം ധ്യാനനിരതനാകുന്നതിനു വേണ്ടിയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ തിരുമേനി ഈ മാസം അവസാനം വരെ അതിപ്രധാനവും അത്യാവശ്യവുമായ പരിപാടികള്‍ ഒഴികെ മറ്റ് പൊതുപരിപാടികളെല്ലാം റദ്ദു ചെയ്യുന്നതായി അറിയിച്ചു. സുപ്രധാനവും അത്യാവശ്യവുമായ കൂടിക്കാഴ്ചകള്‍ മാത്രം അനുവദിക്കുന്നതായിരിക്കും.
മാര്‍ച്ച് 1 മുതല്‍; ചൊവ്വാ, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ ദേവലോകം ഓഫീസില്‍ ഉണ്ടായിരിക്കും. ചൊവ്വാ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ സന്ദര്‍ശകരെ സ്വീകരിക്കുന്നതാണ്. നേരത്തേ ഓഫീസില്‍ നിന്നും സന്ദര്‍ശനാനുമതി ലഭിച്ചവരെ മാത്രമേ സ്വീകരിക്കുകയുള്ളു. ദേവാലയ കൂദാശകള്‍ ഒഴികെ പെരുന്നാളുകള്‍ പോലുള്ള മറ്റു പൊതുപരിപാടികളില്‍ ഒരു നേരം മാത്രമേ പരിശുദ്ധ പിതാവിന്റെ സാന്നിധ്യം ഉണ്ടായിരിക്കുകയുള്ളൂ. നേരത്തേ തന്നെ അനുമതി വാങ്ങിയിട്ടുള്ള പരിപാടികള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമായിരിക്കുകയില്ല എങ്കിലും ഒരു നേരം മാത്രം സംബന്ധിക്കുന്ന തീരുമാനത്തിന് വ്യത്യാസമുണ്ടാവുകയില്ല എന്നും പരിശുദ്ധ പിതാവ് അറിയിച്ചു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്
പ്രിന്‍സിപ്പല്‍ സെക്രട്ടറി