കോതമംഗലം പള്ളിക്കേസിന്‍റെ വിധി സ്വാഗതാര്‍ഹം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം: കോതമംഗലം പള്ളിക്കേസിനു ഒരു അവസാനം വേണമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ച്‌ മൂന്ന് ആഴ്ചക്കകം വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കുവാനും ഹൈക്കോടതി കേരള സർക്കാരിനു നിർദ്ദേശം നൽകിയത് സ്വാഗതാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത. വിധി നടപ്പിലാക്കുന്നതിലൂടെ ആരേയും പുറത്താക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ല. കോടതിയുടെ നിര്‍ദ്ദേശങ്ങളെ സര്‍വ്വാത്മനാ സ്വീകരിച്ച് എല്ലാ വിശ്വാസികളും ഒരു ആരാധനാ സമൂഹമായി ഒരുമിച്ച് നിലകൊണ്ട് ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണാഘടനാസൃതമായി മുമ്പോട്ടു കൊണ്ടുപോകുവാന്‍ തയ്യാറാകണം. ഒരു വിഭാഗത്തെ പുറത്താക്കി ദേവാലയം പിടിച്ചെടുക്കുന്നു എന്നത് ദുഷ്പ്രചരണം മാത്രമാണ്. വിധി നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ സര്‍വ്വാത്മനാ പിന്തുണ നല്‍കുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.