പാണ്ടനാട്: യാതന അനുഭവിക്കുന്നവരുടെ വേദന ഒപ്പുന്നതാണ് ആത്മീയതയുടെ കാമ്പെന്ന് ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്. പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടുറപ്പുള്ള വീടില്ലാതെ ദുരിതത്തിലായിരുന്ന വികലാംഗയായ തങ്കമ്മയ്ക്കും സഹോദരി വിധവയായ പൊന്നമ്മക്കും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച ഭവനത്തിന്റെ താക്കോല്‍ നല്കി.
ധാര്‍മിക നിഷ്ഠയും താപസശുദ്ധിയും ദീനാനുകമ്പയും വിളങ്ങിയിരുന്ന ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ കലവറയില്ലാത്ത കാരുണ്യത്തിന്റെ ഉറവിടമായിരുന്നു എന്ന് അനുഗ്രഹ സന്ദേശത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. വികലാംഗയായ തങ്കമ്മയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനമായി നല്കുന്ന ആധുനീക വീല്‍ചെയര്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് കൈമാറി.
ലോക്ക്ഡൗണുകളുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാണത്തിന് കാലതാമസം നേരിട്ടെങ്കിലും മികച്ച നിലയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അധ്വാനിച്ചവരെ ആദരിച്ചു.
പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, സെന്റ് ഗ്രിഗോറിയോസ് മിഷന് ആശുപത്രി സിഇഒ ഫാ എം സി പൗലോസ്,പഞ്ചായത്ത് പ്രസിഡന്റ് ആശാ വി നായര്‍, സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡോ.ഫെലിക്സ് യോഹന്നാന് ട്രസ്റ്റി സണ്ണി പുഞ്ചമണ്ണില്‍, വാര്‍ഡ് മെമ്പര്‍മാരായ അമ്മാളുകുട്ടി, ബിന്ദു സുനില്‍, റ്റി.ഡി .മോഹന്‍, ഷോബിള്‍ സജി എന്നിവര്‍ പ്രസംഗിച്ചു.
2018 ലെ മഹാ പ്രളയംത്തില്‍ നിലം പൊത്താറായ കുടിലില്‍ ദുരിത ജീവിതം നയിച്ചിരുന്ന തങ്കമ്മയുടെയും പൊന്നമ്മയുടെയും യാതനകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സഭാധ്യക്ഷന് പരിശുദ്ധ കാതോലിക്കാ ബാവായാണ് ജാതി മത വേര്‍തിരിവുകള്‍ക്കതീമായി ഇവരെ സഹായിക്കാന്‍ നിര്‍ദേശിച്ചത്.
പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണത്തിന്റ നവതി ആഘോഷങ്ങള്‍ 2019 ഓഗസ്റ്റില്‍ കുണ്ടറയില്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ആഘോഷങ്ങളുടെ ഭാഗമായി പ്രസ്തുത ഭവന നിര്‍മ്മാണം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രണ്ട് മുറികളും,ഹാള്‍, സിറ്റൗട്ട് ,കിച്ചന്, ബാത്ത്റൂം അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് മികച്ച നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയ വീട് 600 ചതുരശ്രയടി ഉണ്ട് തങ്കമ്മയുടെയും പൊന്നമ്മ യുടെയും വാര്‍ത്ത പൊതു ശ്രദ്ധയില്‍ കൊണ്ടുവന്ന മാധ്യമപ്രവര്ത്തകന് ഷമ്മി പ്രഭാകറിനെ ചടങ്ങില്‍ ആദരിച്ചു.