വിശ്വമാനവികത സഭയുടെ ലക്ഷ്യം – പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല: ലോകത്തിലുള്ള എല്ലാ മനുഷ്യരെയും സഹോദരങ്ങളായി കണ്ട് സ്‌നേഹിക്കുവാനും കരുതുവാനുമുള്ള ബാധ്യതയാണ് സഭയ്ക്കുള്ളതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 110-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം പരുമല സെമിനാരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.

ഡോ.കെ.എസ്.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ക്രിസ്തു വചനങ്ങളുടെയും ക്രൈസ്തവ പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ തദ്ദേശീയമായി അലിഞ്ഞുചേര്‍ന്ന ഓര്‍ത്തഡോക്‌സ് ആത്മീയതയുടെ ചൈതന്യമാണ് കാതോലിക്കേറ്റെന്ന് ഡോ.കെ.എസ് രാധാകൃഷ്ണന്‍. ക്രൈസ്തവ സാഹിത്യം മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലമെന്നും അദ്ദേഹം പറഞ്ഞു. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു. സഭ നടപ്പിലാക്കുന്ന ‘സഹോദരന്‍’ സാധുജനക്ഷേമപദ്ധതിയില്‍ നിന്നുള്ള സഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.