മലങ്കര സഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍
ദീവന്നാസ്യോസ് തിരുമേനിയുടെ 88-ാം ഓര്‍മ്മപ്പെരുന്നാള്‍
2022 ഫെബ്രുവരി 13 മുതല്‍ 23 വരെ

കോട്ടയം:   മലങ്കര സഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 88-ാം ഓര്‍മ്മപ്പെരുന്നാള്‍ 2022 ഫെബ്രുവരി 13 മുതല്‍ 23 വരെ കോട്ടയം പഴയ സെമിനാരിയില്‍ ആചരിക്കുന്നു. 13ന് നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും പെരുന്നാള്‍ കൊടിയേറ്റും നടത്തപ്പെടും. 18 മുതല്‍ 21 വരെ ദിവസങ്ങളില്‍ വൈകിട്ട് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന്  ഫാ. ഡോ. റെജി മാത്യു, ഫാ. അലക്‌സ് ജോണ്‍ കരുവാറ്റ, ഫാ. ജോണ്‍ ടി. വര്‍ഗ്ഗീസ് കുളക്കട എന്നിവര്‍ സുവിശേഷ പ്രസംഗം നടത്തും. 16ന് രാവിലെ 5 മണിക്ക് രാത്രി നമസ്‌ക്കാരവും 7 മണിക്ക് ഫാ. ഡോ. എം. ഒ. ജോണ്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. 19ന് രാവിലെ 10.30ന് പരി. വട്ടശ്ശേരില്‍ തിരുമേനിയുടെ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ സെമിനാര്‍, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ഡോ. കുര്യാസ് കുമ്പളക്കുഴി, ജോസഫ് എം. പുതുശ്ശേരി, ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഡോ. പോള്‍ മണലില്‍ എന്നിവര്‍ നേതൃത്വം നല്‍കും. 22ന് വൈകിട്ട് 6ന് സന്ധ്യാനമസ്‌ക്കാരം തുടര്‍ന്ന് ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രദക്ഷിണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്‌വ് എന്നിവ ഉണ്ടായിരിക്കും. 23ന് രാവിലെ 6.30ന് പ്രഭാത നമസ്‌ക്കാരവും 7.30ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്  തൃതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും കുര്യാക്കോസ് മാര്‍ ക്ലീമ്മീസ്,  സഖറിയാസ് മാര്‍ അന്തോണിയോസ് എന്നീ പിതാക്കന്മാരുടെ സഹകാര്‍മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബ്ബാന. പരി. വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ തീര്‍ത്ഥാടന സമാപന സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്‌വ് എന്നിവ നടത്തപ്പെടും. ഗവണ്‍മെന്റിന്റെ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുമെന്ന് പഴയസെമിനാരി മാനേജര്‍ ഫാ. ജോബിന്‍ വര്‍ഗ്ഗീസ് അറിയിച്ചു.