കോട്ടയം: മലങ്കര സഭാതര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് തന്നെയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലപാടെന്ന് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്. എന്നാല്‍ സഭയുടെ പള്ളികള്‍ കൈയേറി, നിലവിലിരുന്ന ഭരണക്രമങ്ങള്‍ താറുമാറാക്കി അവയ്ക്കുവേണ്ടി കേസുകള്‍ നടത്തിയശേഷം തോല്‍വി സംഭവിച്ചപ്പോള്‍ കോടതി വിധി അംഗീകരിക്കില്ല എന്ന നിലപാട് സ്വീകരിച്ച് തെരുവില്‍ ഇറങ്ങി അക്രമങ്ങള്‍ നടത്തുകയും പൊതുജനത്തെ തെറ്റിധരിപ്പിക്കാന്‍ വ്യാജപ്രചരണം നടത്തുകയും ചെയ്യുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രവൃത്തനങ്ങള്‍ അപലപനീയമാണ്. ഒരു വിശ്വാസിയെയും ഓര്‍ത്തഡോക്സ് സഭ പള്ളികളില്‍ നിന്നും ഇറക്കി വിടാന്‍ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ല. ആരുടെയും ആരാധനാ സ്വാതന്ത്ര്യം ഹനിക്കുവാന്‍ സഭ ശ്രമിച്ചിട്ടില്ല. പള്ളികള്‍ കോടതി വിധികള്‍ അനുസരിച്ച് ഭരിക്കപ്പെടണം എന്നു മാത്രമാണ് ഓര്‍ത്തഡോക്സ് സഭയുടെ ആവശ്യം. പാത്രിയര്‍ക്കിസ് വിഭാഗത്തിന് നീതി നിഷേധിക്കുന്നു എന്നത് വ്യാജ പ്രചരണം മാത്രമാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെങ്കില്‍ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥകള്‍ അംഗീകരിക്കുക എന്നത് മാത്രമാണ് പരിഹാരം. ആരെയും ചേര്‍ത്തു നിര്‍ത്തുന്നതിന് ഓര്‍ത്തഡോക്സ് സഭ വിമുഖത കാണിച്ചിട്ടില്ല. എന്നാല്‍ ഭൂരിപക്ഷം അനുസരിച്ച് പള്ളികളോ അവയുടെ സ്വത്തുളോ വിഭജിക്കാനാവില്ല എന്ന് സുപ്രീം കോടതി സ്പഷ്ടമാക്കിയിട്ടുള്ളതാണ്്. മലങ്കര സഭയുടെ സ്വത്തുകളും പള്ളികളും ഒരു ട്രസ്റ്റാണെന്നും, അത് എന്നും ഒരു ട്രസ്റ്റായി നിലനില്‍ക്കുമെന്നുമാണ് കോടതി വിധിച്ചിട്ടുള്ളത്. അതിന് എതിരായി നിയമ നിര്‍മ്മാണം നടത്തുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ള നിലപാടിനോട് യോജിക്കുവാന്‍ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.