പരിശുദ്ധ കാതോലിക്കാ ബാവയ്ക്കു സ്‌നേഹാദരവുകള്‍ നല്‍കി കവടിയാര്‍ കൊട്ടാരം

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ ആയി ചുമതലയേറ്റ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് സ്‌നേഹാദരവുകള്‍ നല്‍കി തിരുവിതാംകൂര്‍ രാജകുടുംബം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ ആയി സ്ഥാനമേറ്റ വലിയ പിതാവിനോടുള്ള ആദരസൂചകമായാണ് കൊട്ടാരത്തില്‍ ആദരവും സ്വീകരണവും നല്‍കിയത്. പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായ്, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് എന്നിവര്‍ പരിശുദ്ധ കാതോലിക്കാ ബാവയെ സ്വീകരിച്ചു.
തിരുവിതാംകൂര്‍ രാജകുടുംബവും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള ശ്രേഷ്ഠമായ ബന്ധത്തെക്കുറിച്ച് പരിശുദ്ധ കാതോലിക്ക ബാവ എടുത്തു പറഞ്ഞു. ഉത്രാടം തിരുനാള്‍ മഹാരാജാവ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്തു ധന്യമാക്കിയതും, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് മുന്‍ഗാമിയായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ ദേവലോകം അരമനയില്‍ എത്തി സന്ദര്‍ശിച്ചതും ബാവാ തിരുമേനി ഓര്‍ത്തെടുത്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സിരാകേന്ദ്രമായ കോട്ടയം പഴയ സെമിനാരിക്കു ആവശ്യമായ വസ്തുവകകളും തടിയുപകരണങ്ങളും സഭയ്ക്കായി ദാനം നല്‍കിയതും നന്ദിയോടെ ബാവാ തിരുമേനി അനുസ്മരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസ്സ് കവടിയാര്‍ കൊട്ടാരം സന്ദര്‍ശിക്കാന്‍ മനസ്സു കാണിച്ചത് വലിയൊരു അനുഗ്രഹമാണെന്നും വലിയ പിതാവിന്റെ പുതിയ സ്ഥാനലബ്ദി മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മാത്രമല്ല കേരള സമൂഹത്തിന് മുഴുവന്‍ അനുഗ്രഹത്തിന് നിദാനമാവട്ടെ എന്നും രാജകുടുംബം ആശംസിച്ചു. ജനാധിപത്യം വരുന്നതിനു മുമ്പ് തന്നെ ജനങ്ങള്‍ക്ക് അധികാരം പകര്‍ന്നു നല്‍കിയവരാണ് തിരുവിതാംകൂര്‍ രാജവംശം.

‘ഒന്നും തങ്ങളുടേതല്ല ഈശ്വരനു ഉള്ളതാണ്, ഈശ്വരന്‍ എല്ലാവരുടേതുമാണ് ‘

എന്ന സങ്കല്‍പത്തില്‍ എല്ലാം ശ്രീപത്മനാഭന് സമര്‍പ്പിച്ചു മാതൃക കാട്ടിയെന്നും ബാവാ തിരുമേനി എടുത്തുപറഞ്ഞു.
തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, സഭാ മാനേജിങ് കമ്മിറ്റി അംഗം ബാബുജി ഈശോ, മുന്‍ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജി എബ്രഹാം, ജയ്‌സണ്‍ പി. വര്‍ഗീസ് എന്നിവരും പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഒപ്പമുണ്ടായിരുന്നു.