കോട്ടയം: 2022 ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്റെ മുഖ്യ വരണാധികാരിയായി റ്റി. സഖറിയാ മാണി IRS (Retd.), അസിസ്റ്റന്റ് വരണാധികാരിമാരായി തോമസ് ജോര്‍ജ്, ഡോ. ബിജു തോമസ് എന്നിവരെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു.
കോട്ടയം സ്വദേശിയായ സഖറിയാ മാണി തമിഴ്നാട് ഇന്‍കം ടാക്സ് കമ്മീഷണര്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ലക്ചറര്‍, പീരുമേട് എഞ്ചിനീയറിംഗ് കോളജ് ഡയറക്ടര്‍, സഭയുടെ വര്‍ക്കിങ് കമ്മറ്റി – മാനേജിങ് കമ്മറ്റി അംഗം, കോട്ടയം വൈദിക സെമിനാരി ഗവേണിംഗ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ണാടക-ഗോവ സംസ്ഥാനങ്ങളിലെ ഇന്‍കം ടാക്സ് ചീഫ് കമ്മീഷണറായിട്ടാണ് റിട്ടയര്‍ ചെയ്തത്. എറണാകുളം തേവര സെന്റ് തോമസ് ഓര്‍ത്തഡോക്സ് പളളി ഇടവകാംഗമാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
അസിസ്റ്റന്റ് വരണാധികാരിമാരായ തോമസ് ജോര്‍ജ് തിരുവനന്തപുരം ടെക്നോ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെസ്റ്റ്ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്, ഡോ. ബിജു തോമസ് കോട്ടയം ബസേലിയോസ് കോളജ് പ്രിന്‍സിപ്പലാണ്.
2022-27 വര്‍ഷത്തേക്കുള്ള സഭയുടെ വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പാണ് അസ്സോസിയേഷന് യോഗത്തിന്റെ പ്രധാന അജണ്ട.