കോട്ടയം: കേരളം ഇന്ന് നേരിടുന്ന ലഹരി എന്ന മഹാവിപത്തിനെതിരെയും ലഹരി മാഫിയക്കെതിരെയും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. സര്‍ക്കാര്‍ നടപടികളെ പൂര്‍ണ്ണമായും സഭ പിന്തുണക്കുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസന-ഇടവക തലങ്ങളില്‍ ലഹരിക്കെതിരെ ക്രിയാത്മകമായ പദ്ധതികള്‍ രൂപീകരിക്കും. ഇതിനെതിരെ പൊരുതുവാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ കാണിക്കുന്ന ആര്‍ജ്ജവം സാക്ഷര കേരളത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ്. സാമുദായിക-രാഷ്ട്രീയ സംഘടനകള്‍ ഒരുമിച്ച് കൈകോര്‍ത്ത് ഈ വിപത്തിനെതിരെ നൂതന പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും നമ്മുടെ പുതുതലമുറയെ ആരോഗ്യത്തോടെ സമൂഹത്തിന് പ്രയോജനകരമായി ജീവിക്കുവാന്‍ പ്രേരിപ്പിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.