പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് 2021 ഫെബ്രുവരി 22,23, ഏപ്രില്‍ 20,21 യോഗ നിശ്ചയങ്ങള്‍

കോട്ടയം: കോവിഡ് രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെ സ്ഥാപനങ്ങളും അതിലെ പ്രവര്‍ത്തകരും ആരാധനാലയങ്ങളും രോഗ വ്യാപനം തടയുന്നതിനുളള സമ്പൂര്‍ണ്ണ കരുതല്‍ നടപടി സ്വീകരിക്കേണ്ടതാണ് എന്ന് പരിശുദ്ധ സുന്നഹദോസ് ആഹ്വാനം ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി സുന്നഹദോസ് പ്രത്യേകം പ്രാര്‍ത്ഥന നടത്തി.

നിര്‍മ്മിത ബുദ്ധിയുടെ (artificial intelligence) നല്ല വശങ്ങള്‍ പൊതുസമൂഹമത്തിന് പ്രയോജനകരമാക്കി മാറ്റുന്നതിനുളള നടപടികള്‍ നിര്‍ണ്ണയിക്കുന്നതിനും അതോടൊപ്പം അതിന്റെ ദോഷവശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചു.

പരിശുദ്ധ സഭയിലെ വിവിധ ആദ്ധ്യാത്മിഷക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള നടപടിക്രമങ്ങള്‍ അംഗീകരിച്ചു. കോട്ടയം വൈദിക സെമിനാരിയോടനുബന്ധിച്ച് സംസ്്കൃതം, സുറിയാനി, ഗ്രീക്ക്, മുതലായ പുരാതന ഭാഷകളും ജര്‍മ്മന്‍, ഫ്രഞ്ച്, ഇംഗീഷ് തുടങ്ങിയ ആധുനിക ഭാഷകളും പഠിപ്പിക്കുന്നതിനു വേണ്ടി ഒരു ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് തീരുമാനമായി.

പരുമല സെമിനാരി, പരുമല ആശുപത്രി, കോട്ടയം പഴയ സെമിനാരി, നാഗപൂര്‍ സെമിനാരി, എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും റിപ്പോര്‍ട്ടുകളും ബി-ഷെഡ്യൂളില്‍ പ്പെട്ട സ്ഥാപനങ്ങളുടെ ബജറ്റും അംഗീകരിച്ചു.

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഒരാളെ തെരഞ്ഞെടുക്കണമെന്നു പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി സുന്നഹദോസിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനു വേണ്ടിയുളള ഉചിതമായ നടപടിക്രമങ്ങള്‍ നടത്തുന്നതിന് പരിശുദ്ധ ബാവാ തിരുമേനിയോട് സുന്നഹദോസ് ശുപാര്‍ശ ചെയ്തു. smokeshop

സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിശുദ്ധ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സംബന്ധിക്കുകയുണ്ടായി.

പ്രഥമ ഡബ്‌ള്യു. എച്ച്. ഐ ‘ഗോള്‍ഡണ്‍ ലാന്റേണ്‍’ ദേശീയ പുരസ്‌കാരം ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്

തിരുവനന്തപുരം: യു.എന് സാമ്പത്തിക, സാമൂഹിക സമിതിയില് പ്രത്യേക ഉപദേശക പദവിയുള്ള ഡബ്‌ള്യു.എച്ച്.ഐയുടെ പ്രഥമ ഗോള്ഡന് ലാന്റേണ് ദേശീയ പുരസ്‌കാരത്തിന് ഓര്ത്തഡോക്‌സ് സഭാ മുംബൈ ഭദ്രാസനാധിപന് ഗീവര്ഗീസ് മാര് കൂറിലോസ് മെത്രാപ്പോലീത്ത അര്ഹനായി. ഔദ്യോഗിക പ്രവര്ത്തന മേഖലയ്ക്കു പുറത്ത്, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില് നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവര്ത്തനങ്ങള്ക്കാണ് ഡബ്‌ള്യു.എച്ച്.ഐ ഗോള്ഡന് ലാന്റേണ് പുരസ്‌കാരം.

മുംബൈയിലെ ചേരികളില് നിന്നുള്ള കുട്ടികള്ക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന തുടര്പദ്ധതിക്കും, ചേരികളിലെ ക്ഷയരോഗികള്ക്കായി ആവിഷ്‌കരിച്ച ആരോഗ്യ, ചികിത്സാ പദ്ധിക്കും നല്കിയ വിപ്ലവകരമായ നേതൃത്വത്തിനൊപ്പം വിദ്യാഭ്യാസരംഗത്തു നല്കിയ സമഗ്രസംഭാവനകള് കൂടി പരിഗണിച്ചാണ് ദേശീയതലത്തിലെ ജൂറി ഗീവര്ഗീസ് മാര് കൂറിലോസിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഡബ്‌ള്യു.എച്ച്.ഐ ചെയര്പേഴ്‌സണ് ഡോ. വിജയലക്ഷ്മി പറഞ്ഞു.

ക്യാന്സര് ചികിത്സയ്ക്ക് മുംബൈയിലെ ടാറ്റാ ആശുപത്രിയിലെത്തുന്ന നിര്ദ്ധന രോഗികള്ക്ക് സൗജന്യ താമസവും ഭക്ഷണവും യാത്രാസൗകര്യവും ഒരുക്കുന്ന പദ്ധതിയും, ചുവന്ന തെരുവുകളില് നിന്ന് വീണ്ടെടുത്ത സ്ത്രീകള്ക്കായുള്ള ആരോഗ്യ, സാമൂഹ്യ സുരക്ഷാ പരിപാടികള്,മുംബൈ കലാപവേളയില് മതഭേദമില്ലാതെ ആയിരങ്ങള്ക്ക് അഭയം നല്കുന്ന ശരണാലയമായി ആരംഭിച്ച ഗ്രിഗോറിയന് കമ്യൂണിറ്റിയുടെ ആവിഷ്‌കാരം, തിയോ യൂണിവേഴ്‌സിറ്റിയില് പെണ്കുട്ടികള്ക്കും ദൈവശാസ്ത്രപഠനത്തിന് അവസരം നല്കാനുള്ള പദ്ധതി തുടങ്ങിയവയും പുരസ്‌കാര നിര്ണയത്തിനായി ജൂറി പരിഗണിച്ചു.

മുംബൈയിലെ റോഹയില് ഗീവര്ഗീസ് മാര് കൂറിലോസിന്റെ നേതൃത്വത്തില് ആരംഭിച്ച ജൈവ പച്ചക്കറിക്കൃഷി പദ്ധതി ഇന്ന് കേരളത്തിനു പോലും മാതൃകയാകുന്നു. ആത്മീയാചാര്യന് എന്നതിനപ്പുറം സാമൂഹ്യപരിവര്ത്തനത്തിനായി ദീര്ഘവീക്ഷണത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതികളും സ്ത്രീശാക്തീകരണം, സ്ത്രീസുരക്ഷ, ആരോഗ്യസേവനം തുടങ്ങിയ വിഭിന്ന മേഖലകളിലെ വിപ്ലവകരമായ പ്രവര്ത്തനങ്ങളും അനന്യവും രാജ്യത്തിനാകെ മാതൃകയുമാണെന്ന് ജൂറി വിലയിരുത്തി.

യൂറോപ്യന് യൂണിയനിലെ ഇന്റര്നാഷണല് അലയന്സ് ഓഫ് വിമന്, ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഇന്റര്നാഷണല് പീസ് ഗ്രൂപ്പ് തുടങ്ങിയ രാജ്യാന്തര സമിതികളുടെ അംഗീകാരമുള്ള സംഘടനയാണ് ഡബ്‌ള്യു.എച്ച്.ഐ. ഗോള്ഡന് ലാന്റേണ് പുരസ്‌കാരലബ്ധിയോടെ, യു.എന്നില് നടക്കുന്ന ഇന്റര്നാഷണല് വിമന് കോണ്ഫറന്സിന്റെ അടുത്ത സമ്മേളനത്തില് ഗ്രിഗോറിയന് കമ്യൂണിറ്റിയെക്കുറിച്ചും, ചേരി മേഖലകളുടെ പുനരുദ്ധാരണ പദ്ധതികളെക്കുറിച്ചും പ്രബന്ധങ്ങള് അവതരിപ്പിക്കാന് ഗീവര്ഗീസ് മാര് കൂറിലോസിന് അവസരം ലഭിക്കുമെന്ന് ഡോ. വിജയലക്ഷ്മി പറഞ്ഞു.

ജൂലായ് മദ്ധ്യത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് പുരസ്‌കാര വിതരണം നടത്തും.സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര് ചടങ്ങില് സംബന്ധിക്കും. ഡബ്‌ള്യു.എച്ച്.ഐ ചെയര്പേഴ്‌സണ് ഡോ. വിജയലക്ഷ്മി, ഡബ്‌ള്യു.എച്ച്.ഐ പ്രതിനിധികളായ രാധിക സോമസുന്ദരം,കെ പി കൃഷ്ണകുമാര് എന്നിവര് പത്രസമ്മേളനത്തില് പങ്കെടുത്തു.

റവ. സിസ്റ്റർ ആൻ നിത്യതയിൽ പ്രവേശിച്ചു

ഭിലായി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കട്ട ഭദ്രാസനത്തിൽ ഭിലായി സെൻ്റ്. തോമസ് മിഷൻ അംഗമായി ശുശ്രൂഷ നിർവഹിച്ചിരുന്ന റവ. സിസ്റ്റർ ആൻ (53),   നിത്യതയിൽ പ്രവേശിച്ചു. കോവിഡ് രോഗത്തെ തുടർന്നുണ്ടായ ശ്വാസകോശത്തിലെ അണുബാധയ്ക്ക് ഹൈദരാബാദിലെ ബി.ബി.ആർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം മാർ ഗ്രിഗോറിയോസ് ബാലഗ്രാം ,യാച്ചാരം ഹൈദരാബാദ് ഇന്ന് രാവിലെ 11 മണിക്ക് നടക്കും.ആൻ സിസ്റ്ററുടെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അനുശോചിച്ചു.
1968 മാർച്ച് 4 ന് കൊച്ചി ഭദ്രാസനത്തിൽ മാന്തുരുത്തേൽ സെൻ്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് ഇടവകയിൽ പരേതരായ പുത്തൻപുരക്കൽ ശ്രീ സോളമൻ പി.പി.യുടെയും ശ്രീമതി. സാറാമ്മ സോളമന്റെയും മകളായി ജനിച്ച സിസ്റ്റർ കോലഞ്ചേരിയിലെ സെന്റ് പീറ്റേഴ്സ് കോളേജിൽ പഠനത്തിനു ശേഷം 1991 ൽ സെന്റ് തോമസ് കോൺവെന്റിൽ (ഭിലായ് മിഷൻ) ചേർന്നു.
2004 ഡിസംബർ 18 ന് സെന്റ് തോമസ് മിഷൻ ചാപ്പൽ വെച്ചു ഭാഗ്യസ്മരണാർഹനായ ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ തൃക്കരങ്ങളാൽ വൃത സ്ഥാനം ഏറ്റെടുത്തു.
സൈക്കിൾ ചവിട്ടി സമീപത്തുള്ള ഗ്രാമങ്ങൾക്കും ചേരികൾക്കുമായി നിരവധി ബാലവാടികളെയും ടെയിലറിംഗ് പരിശീലന കേന്ദ്രങ്ങളെയും നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1996 മുതൽ സിസ്റ്റർ ആൻ ഭിലായിലെ ജീവൻ ജ്യോതി വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പ്രധാന ചുമതല ഏറ്റെടുത്തു.
അഭിവന്ദ്യ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ദർശനം ഉൾക്കൊണ്ട സിസ്റ്റർ അശരണരുടെയും , ആലംബഹീനരുടെയും അമ്മയായി പ്രവർത്തിച്ചു.
സമർപ്പിതയായ സന്യസ്തയുടെ നിര്യാണത്തിൽ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന സെൻറ് തോമസ് മിഷൻ എക്സിക്യൂട്ടീവ് യോഗവും, കൽക്കട്ട ഭദ്രാസനത്തിലെ വൈദികരും സന്യാസിനീ സമൂഹവും, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും, ഭദ്രാസന കൗൺസിൽ അംഗങ്ങളും അനുശോചിച്ചു. സിസ്റ്റർ ആനിൻ്റെ നിര്യാണത്തോടെ, ഭിലായ് സെന്റ് തോമസ് മിഷനും കൊൽക്കത്ത ഭദ്രാസനത്തിനും സമർപ്പിതയും നിസ്വാർത്ഥമതിയുമായ ഒരു മിഷനറിയെ ആണ് നഷ്ടപ്പെട്ടതെന്ന് മാര്‍ ദീവന്നാസിയോസ് പറഞ്ഞു.
പൗലോസ് പി എസ്, ചാക്കോ പി എസ്, കുഞ്ഞമ്മ പൗലോസ്, ഏലിയാമ്മ ജോസഫ്, ലീലാമ്മ ജേക്കബ്, മേരി വർഗീസ് എന്നിവർ സഹോദരങ്ങളാണ്.

സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ ഹര്‍ജി തള്ളി

കോട്ടയം: സഭാ തര്‍ക്കത്തില്‍ കോടതി വിധികള്‍ മറികടക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുവാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, പ്രശ്‌ന പരിഹാരത്തിന് പ്രത്യേക ട്രിബ്യൂണല്‍നെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ഇത് കേസു കൊടുത്തവര്‍ക്ക് ഏറ്റ കനത്ത പ്രഹരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത. വരിക്കോലി, കണ്യാട്ടുനിരപ്പ്, പെരുമ്പാവൂര്‍, കടമറ്റം, വട്ടായി മുതലായി, 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം എന്ന് കോടതി വിധിച്ചിരിക്കുന്ന പള്ളികളില്‍പെട്ട പാത്രിയര്‍ക്കീസ് അനുഭാവികളായ 138 പേര്‍ ചേര്‍ന്നു നല്‍കിയ ഭീമഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കേന്ദ്ര, കേരള സര്‍ക്കാരുകളും, കേരളത്തിലെ പോലീസ് മേധാവിയും, പരിശുദ്ധ കാതോലിക്കാ ബാവായും ആയിരുന്നു പ്രതികള്‍. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പോലും വിസമ്മിതിച്ചുകൊണ്ടാണ് കോടതിയുടെ രണ്ടംഗ ബഞ്ച് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാര്‍ക്ക് ആരാധനാസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നും അതിനാല്‍ അവര്‍ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നു എന്നും, പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കണെമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കോടതിവിധികളെ മറികടക്കുവാന്‍ നിയമനിര്‍മ്മാണം നടത്തണണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയറ്റ് നടയില്‍ സത്യാഗ്രഹം പോലും നടത്തിയ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നീതിന്യായ കോടതിയോടുളള വെല്ലുവിളികളെയാണ് ഇവിടെ തള്ളിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പിന് ശേഷം നിയമം നിര്‍മ്മിച്ചുനല്‍കാമെന്ന് ചിലരെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ വ്യാമോഹങ്ങളെല്ലാമാണ് ചാമ്പലായിരിക്കുന്നത്. ജൂഡീഷറിയുടെ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം വിഫലമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. സത്യവും നീതിയും എന്നാളും വിജയിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കോടതിവിധി എന്നും മാര്‍ ദീയസ്‌കോറസ് കൂട്ടിച്ചേര്‍ത്തു.

പുതുപ്പളളി പളളി പെരുന്നാള്‍ കൊടിയേറ്റ് ഏപ്രില്‍ 28ന്

പുതുപ്പളളി : ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പളളി പളളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 28 മുതല്‍ മെയ് 7 വരെ ആചരിക്കും. 28 ന് പെരുന്നാള്‍ കൊടിയേറ്റും മെയ് 2 മുതല്‍ 4 വരെ പുതുപ്പളളി കണ്‍വന്‍ഷനും നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും മെത്രാപ്പോലീത്തമാരും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും.

മെയ് 6ന് അഞ്ചിന്മേല്‍ കുര്‍ബ്ബാനയെ തുടര്‍ന്ന് ഡെല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്ത ‘ പൊന്നിന്‍ കുരിശ് ‘ പ്രധാന ത്രോണോസില്‍ സ്ഥാപിക്കും. സന്ധ്യ നമസ്‌ക്കാരത്തെ തുടര്‍ന്ന് പുതുപ്പളളി കവല ചുറ്റിയുളള പ്രദക്ഷിണം. ശ്ലൈഹിക വാഴ്‌വ്.

പ്രധാന പെരുന്നാള്‍ ദിവസമായ മെയ് 7ന് രാവിലെ 5 ന് ഒന്നാമത്തെ കുര്‍ബാന. 9 ന് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തായമായ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസിന്റെ പ്രധാന കാര്‍മികത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബ്ബാന. 2 ന് അങ്ങാടി ചുറ്റിയുളള പ്രദക്ഷിണം, ആശിര്‍വാധം. 16 ന് കൊടിയിറങ്ങുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് വെടിക്കെട്ട്, വെച്ചൂട്ട്, നേര്‍ച്ചവിളമ്പ് എന്നിവ ഒഴിവാക്കിയതായി വികാരി ഫാ. എ.വി. വര്‍ഗീസ് ആറ്റുപുറത്ത്, സഹവികാരിമാരായ ഫാ. അലക്‌സി മാത്യൂ മുണ്ടുകുഴി, ഫാ. എബ്രഹാം ജോണ്‍ തെക്കേത്തറയില്‍ എന്നിവര്‍ അറിയിച്ചു.

ഗീവര്‍ഗീസ് മാര്‍ ഇവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍

ഞാലിയാകുഴി: കോട്ടയം ഭദ്രാസനാധിപനായിരുന്ന അഭി. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എട്ടാം ഓര്‍മ്മപ്പെരുന്നാള്‍  ഏപ്രില്‍ 11, 12 തീയതികളില്‍  മാര്‍ ബസേലിയോസ് ദയറായില്‍ ആചരിക്കും. 11ന് 6ന് പ്രഭാത നമസ്‌ക്കാരം.  7ന് ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. 6ന് സന്ധ്യാ നമസ്‌ക്കാരം. തുടര്‍ന്ന് ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും.

12ന്  7 മണിക്ക് പ്രഭാത നമസ്‌ക്കാരം. 8ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ അസിസ്റ്റന്റും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പെരുന്നാള്‍ നടത്തപ്പെടുക.

മണര്‍കാട് പള്ളിയെ സംബന്ധിച്ച കോട്ടയം സബ്‌കോടതിവിധി നിലനില്‍ക്കും – ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്

കോട്ടയം: കോട്ടയം മെത്രാസനത്തിലെ മണര്‍കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളികേസുമായി ബന്ധപ്പെട്ട് കോട്ടയം മുന്‍സിഫ് കോടതിയില്‍ നിന്ന് ഉണ്ടായ വിധി സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഈ പള്ളിയെ സംബന്ധിച്ച് ഓ. എസ്. 7/2019 കേസില്‍ 2020 സെപ്തംബര്‍ 18 ന് കോട്ടയം സബ്‌ക്കോടതിയില്‍ നിന്ന് വിധി തീര്‍പ്പ് ഉണ്ടായിട്ടുള്ളതാണ്. പള്ളി ഭരണത്തിന് റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ടു കോട്ടയം മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. കോട്ടയം സബ്‌കോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ അതിന്റെ നടത്തിപ്പ് അല്ലാതെ ഇപ്പോള്‍ ഒരു പുതിയ കേസിന്റെ ആവശ്യമില്ലന്നതാണ് മുന്‍സിഫ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നതായാണ് മനസ്സിലാക്കുന്നത്. വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തമായ അറിയിപ്പ് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അനുശോചിച്ചു

കോട്ടയം: എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആര്‍ച്ച് ബിഷപ്പ് ആബൂനാ തീമോത്തിയോസിന്റെ ദേഹവിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ എത്യോപ്യന്‍ സഭാ തലവന്‍ ആബൂന മഥിയാസ് പ്രഥമന് പാത്രിയര്‍ക്കീസിന് അയച്ച അനുശോചന സന്ദേശം ആബൂനാ തീമോത്തിയോസിന്റെ കബറടക്ക ശുശ്രൂഷാ മദ്ധ്യേ വായിച്ചു. ഓര്‍ത്തഡോക്‌സ് സഭയുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്നു ആബൂനാ തീമോത്തിയോസ് 2008-ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പളളികള്‍ സന്ദര്‍ശിച്ചിരുന്നു.

പ്രതീക്ഷയുടെ വെളിച്ചമേകി ഈസ്റ്റര്‍

കോട്ടയം: പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശുതമ്പുരാന്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുളളവര്‍ ഈസ്റ്റര്‍ ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ ഉയര്‍പ്പു ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടന്നു.

പരുമല സെമിനാരിയില്‍ നടന്ന ഉയര്‍പ്പു ശുശ്രൂഷകള്‍ക്ക് ചെങ്ങന്നുര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് പ്രധാന കാര്‍മികത്വം വഹിച്ചു. കോട്ടയം പഴയ സെമിനാരിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു.

സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന ഉയര്‍പ്പു പെരുന്നാള്‍ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബ്ബാനയ്ക്കും അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ കാര്‍മികത്വം വഹിച്ചു.

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഓശാന പെരുന്നാള്‍ ആചരിച്ചു

കോട്ടയം:  ഒലിവിന്‍ ചില്ലകള്‍ കൈയിലേന്തിയും വഴിയില്‍ വസ്ത്രങ്ങള്‍ വിരിച്ചും ജയാരവം മുഴക്കുന്നവരുടെ ഇടയിലൂടെ കഴുതപ്പുറത്തേറി യേശുതമ്പുരാന്‍ ജെറുസലേമിലേക്ക് വന്നതിന്റെ ഓര്‍മ്മ പുതുക്കി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ ഓശാന പെരുന്നാള്‍ ആചരിച്ചു.  പരുമല സെമിനാരിയില്‍ നടന്ന ഓശാന ശുശ്രൂഷകള്‍ക്ക് ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് പ്രധാന കാര്‍മികത്വം വഹിച്ചു.

മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പളളിയിലെ ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് നേതൃത്വം നല്‍കി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് കല്ലിമേല്‍ കല്ലുവളയം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയിലും, ഡോ. തോമസ് മാര്‍ അത്താനാസിയോസ് കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പളളിയിലും, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് അയിരൂര്‍ സെന്റ് മേരീസ് പളളിയിലും ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.

ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മല്ലശ്ശേരി സെന്റ് മേരീസ് പളളിയിലും ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കത്തീഡ്രലിലും അലക്‌സിയോസ് മാര്‍ യൗസേബിയോസ് കോട്ടയം പഴയ സെമിനാരിയിലും ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികരായി. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന ഓശാന ശുശ്രൂഷകള്‍ക്ക് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.