സഭാ സമാധാനം: സത്യവും മിഥ്യയും -ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ

മലങ്കര സഭയിലെ തര്‍ക്കം അവസാനിപ്പിച്ചുകൊണ്ട്, വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ അന്തിമ വിധിതീര്‍പ്പ് ബഹു. സുപ്രീം കോടതി നല്‍കിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍ മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളിലും കോടതി വിധിയുടെ നടത്തിപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഏകദേശം നുറ്റിനാല്പതിലധികം വര്‍ഷം പഴക്കമുള്ള സമുദായ കേസ്സിന്റെ അന്ത്യം കുറിച്ചുകൊണ്ട് ഭാരതത്തിന്റെ പരമോന്നത നീതിപീഠം നല്‍കിയിരിക്കുന്ന വിധി ന്യായങ്ങളുടെ നടത്തിപ്പിന് അതിന്റെതായ കാലതാമസം ഉണ്ടാകുമെന്നത് വിസ്മരിച്ചുകൂടാ. വിധി നടത്തിപ്പ് പൂര്‍ത്തിയാക്കി സഭയില്‍ ഐക്യവും സമാധാനവും ഉണ്ടാക്കുന്ന പ്രക്രിയയുമായി മുന്നോട്ട് പോകുമ്പോള്‍ വിശ്വാസികളുടെ ഇടയില്‍ ആശങ്കകളും ആശയകുഴപ്പങ്ങളും സൃഷ്ടിക്കുവാന്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ ചില പ്രത്യേക കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാകുന്നുവെന്നത് സങ്കടകരമായ യാഥാര്‍ത്ഥ്യമാണ്. കോടതി വിധി ഉണ്ടായ സമയം മുതല്‍ (2017 ജൂലൈ 3) വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചും വിശ്വാസികളുടെ ഇടയില്‍ ആശയകുഴപ്പം ഉണ്ടാകതക്കരീതിയില്‍ പുതിയ പുതിയ വ്യഖ്യാനങ്ങള്‍ രൂപപ്പെടുത്തിയും വിധിനടത്തിപ്പിനെതിരെ ആള്‍ക്കൂട്ടം ഇറക്കിയും വിധി നടപ്പാക്കേï സര്‍ക്കാരിനെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സ്വാധീനിച്ചും ശാശ്വത സമാധാന കാംക്ഷികളെന്ന നിലയില്‍ വിഷയ ഗൗരവമറിയാത്ത നിര്‍ദ്ദോഷികളെ രംഗത്തിറക്കിയും സഭയില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രീതികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ളവയോട് ദൈവാശ്രയത്തിലും ക്രിയാത്മകമായും പ്രതികരിക്കുകയല്ലാതെ കെണികളില്‍ വീഴുവാന്‍ മലങ്കര സഭയ്ക്ക് ഇനിയും ഇടയാകരുതെന്നാണ് പ്രാര്‍ത്ഥന. ഇവിടെ താഴെ ഉന്നയിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങള്‍ ഇതിനോടകം പല പ്രാവശ്യം പല മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടവയാണെങ്കിലും വീണ്ടും നമ്മുടെ മുമ്പാകെ അവ ചോദ്യങ്ങളായി വരുന്നതുകൊണ്ട് വിശ്വാസികളുടെ അറിവിനു വേണ്ടി അവയുടെ സംക്ഷിപ്തരൂപം പുനഃപ്രസിദ്ധീകരിക്കുകയാണ്.

1. മലങ്കര സഭയിലെ ഇപ്പോഴത്തെ തര്‍ക്കവിഷയങ്ങള്‍ എന്താണ്?

യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ പുതിയ തര്‍ക്കവിഷയങ്ങള്‍ ഒന്നും തന്നെയില്ല. ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളെല്ലാം തന്നെ കാലങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുള്ളതും പരിഹാരത്തിനുവേണ്ടി ധാരാളം ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളതും തീര്‍പ്പുകള്‍ ഉണ്ടാകാതെ വന്നപ്പോള്‍ രണ്ടുകക്ഷികളുടെ ഭാഗത്തു നിന്നും (അതായത് മലങ്കര സഭയിലെ രണ്ട് കക്ഷികള്‍) നീ തിന്യായ കോടതികളെ സമീപിച്ചിട്ടുള്ളതും നീതിന്യായ കോടതികള്‍ യഥാസമയങ്ങളില്‍ വിധി ന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. 2017 ജൂലൈ 3-ന് ഉണ്ടായ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി തര്‍ക്കവിഷയങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കിയാണ് അവസാനിപ്പിച്ചിരിക്കുന്നത്. അതുതന്നെ പാത്രിയര്‍ക്കീസ് വിഭാഗം ബഹു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ വിധിയുമാണ്. വാദസമയത്ത്, തര്‍ക്കങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിച്ചുകൂടെ എന്ന് ബഹു. കോടതി ആരാഞ്ഞപ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അതിന് സമ്മതിച്ചുവെങ്കിലും കോടതിയോട് പരിപൂര്‍ണ്ണ വിശ്വാസമുള്ളതിനാല്‍ ചര്‍ച്ച വേണ്ട, വാദിച്ച് ലഭിക്കുന്ന വിധി അനുസരിച്ചുകൊള്ളാം എന്ന് പാത്രിയര്‍ക്കീസ് വിഭാഗം കോടതിയില്‍ ബോധിപ്പിച്ചതാണ്. വിധി വന്നു കഴിഞ്ഞപ്പോള്‍ അവര്‍തന്നെ അതിന്മേല്‍ പുനഃപരിശോധനാ ഹര്‍ജിയും ക്ലാരിഫിക്കേഷന്‍ ഹര്‍ജിയും ഉള്‍പ്പെടെ നിയമപരമായി ചെയ്യുവാന്‍ അനുവാദമുള്ള എല്ലാ വഴികളും തേടിക്കൊണ്ട് ബഹു. കോടതിയെ സമീപിച്ചെങ്കിലും കോടതി 2017 ജൂലൈ 3-ലെ വിധിന്യായം ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. വിധി ന്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ മലങ്കര സഭയിലെ കക്ഷിവഴക്ക് എന്നന്നേക്കുമായി അവസാനിക്കുകയും സഭയില്‍ശാശ്വത സമാധാനവും ഐക്യവും ഉണ്ടാകുകയും ചെയ്യുമായിരുന്നു.

2. ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമല്ലേ?

ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമല്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഓര്‍ത്തഡോക്‌സ് എന്നത് മലങ്കര സഭയിലെ രണ്ട് വിഭാഗങ്ങള്‍ക്കുമുള്ള നാമമാണ്. യാക്കോബായ എന്നത് സഭയെ പിശകായി വിളിക്കുന്ന നാമവുമാണ്. 2002-ല്‍ പാത്രിയര്‍ക്കീസ് വിഭാഗം പുതിയ സൊസൈറ്റി ഭരണഘടന ഉണ്ടാക്കിയപ്പോള്‍ പിശകായി വിളിക്കുന്ന യാക്കോബായ എന്ന നാമം സ്വയം ഏറ്റെടുത്തു എന്നേയുള്ളൂ. 2017 ജൂലൈ 3-ലെ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി അത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ആകയാല്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി നിയമം അനുസരിക്കുന്നവര്‍ക്ക് ഐക്യത്തോടും ശാശ്വത സമാധാനത്തോടും ഒന്നായി പോകാനുള്ള രാജ്യനിയമമായി സ്വീകരിക്കുന്നതാണ് ഉചിതം. സഭ ഒന്നായിരിക്കണമെന്ന പുരാതന ക്രൈസ്തവ ദൈവശാസ്ത്രം ബഹു. കോടതി അസന്നിഗ്ധമായി ഉറപ്പിച്ചിരിക്കുന്നതിനാല്‍ സുപ്രീം കോടതി വിധി സഭയിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് അനുകൂലമെന്നോ പ്രതികൂലമെന്നോ പറയുന്നത് ഉചിതം അല്ലാത്തതാകുന്നു. ഇതുതന്നെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രായോഗിക നയവും.

3. കോടതിവിധിയില്‍ ജയിച്ച വിഭാഗം തോറ്റ വിഭാഗത്തോട് വിട്ടുവീഴ്ച്ച ചെയ്യേണ്ടതല്ലേ?

ഇതിന് രണ്ട് മറുപടികളാണുള്ളത്. a ). ഇവിടെ ജയിച്ച വിഭാഗവും തോറ്റ വിഭാഗവും ഇല്ല. രാജ്യനിയമങ്ങള്‍ അനുസരിച്ച് മലങ്കര സഭയുടെ പ്രധാനമേലധ്യക്ഷനു കീഴില്‍ നില്‍ക്കുന്ന ഒരു വിഭാഗമേയുള്ളൂ. നിയമങ്ങള്‍ പാലിക്കാത്തവര്‍ സഭയുടെ ഭാഗമാകുന്നില്ല.
b). ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ നിന്ന് ആദ്യമായി വന്നിരിക്കുന്ന ഒരു വിധിന്യായമല്ല 2017 ജൂലൈ 3-ല്‍ ഉണ്ടായത്. 1958-ലും 1995-ലും ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ നിന്നും വിധിന്യായങ്ങള്‍ ഉണ്ടായപ്പോള്‍ മലങ്കര സഭ പല ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഇടപെടലുകളുടെ അടിസ്ഥാനത്തിലും ധാരാളം വിട്ടുവീഴ്ച്ചകള്‍ ചെയ്തിട്ടുള്ളതാണ്. 1958-ല്‍ പ. ഗീവര്‍ഗീസ് ദ്വിതിയന്‍ ബാവാ തിരുമേനി ചെയ്ത വിട്ടുവീഴ്ച്ചകള്‍ ആരും മറക്കുകയില്ല. നിയമപരമായി അവരോധിക്കപ്പെട്ട മലങ്കര മെത്രാപ്പോലീത്താ (പ. മാത്യൂസ് ദ്വിതിയന്‍ ബാവാ) സഭയുടെ ഐക്യത്തിനും ശാശ്വതസമാധാനത്തിനുംവേണ്ടി സ്വയം സ്ഥാനത്യാഗം നടത്തി വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട സംഭവവും (2002) സ്ഥാനനാമം പോലും തല്‍ക്കാലത്തേക്ക് തിരസ്‌ക്കരിച്ച് വിട്ടുവീഴ്ച്ച ചെയ്ത സംഭവവും വിസ്മരിക്കുവാന്‍ സമയമായിട്ടില്ല. ഇങ്ങനെ എത്രയോ വിട്ടുവീഴ്ച്ചകള്‍ സഭയില്‍ ശാശ്വത സമാധാനത്തിനുവേണ്ടി ഉണ്ടായിരിക്കുന്നു! എന്നാല്‍ എല്ലാ വിട്ടുവീഴ്ച്ചകളേയും അട്ടിമറിച്ച് നിയമവിധേയമല്ലാത്ത രീതിയില്‍ ആക്രമണപരമ്പരകള്‍ വരെ അഴിച്ചുവിട്ടുകൊണ്ട് സഭയില്‍ ഭിന്നത വര്‍ദ്ധിപ്പിച്ചതും വീണ്ടും വീണ്ടും വ്യവഹാരങ്ങള്‍ ഉണ്ടായതുമാണ് പരിണിതഫലം. അതുകൊണ്ടു സമാധാനം/ഐക്യം എന്ന ലക്ഷ്യത്തിനുവേണ്ടി നിയമകാര്യങ്ങളില്‍ വിട്ടുവീഴ്ച്ചകള്‍ ചെയ്തുകൊണ്ട് വീണ്ടും ഭിന്നതകളും വ്യവഹാരങ്ങളും സൃഷ്ടിക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ല. ബഹു. സുപ്രീംകോടതി അനുശാസിച്ചിരിക്കുന്ന വിധിപ്രസ്താവങ്ങള്‍ അനുസരിച്ച് സഭയുടെ ഭരണഘടനയ്ക്കു വിധേയമായി സഭ ഒന്നായി നയിക്കപ്പെടുക എന്നതാണ് സഭയുടെ ആഗ്രഹം. ഒന്നായിരിക്കണമെന്ന ക്രൈസ്തവ ദൈവശാസ്ത്രം തന്നെയാണ് മലങ്കര സഭയുടെ അടിസ്ഥാനപ്രമാണം.

4. അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ബാവായെ മലങ്കര സഭ അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്?

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ മലങ്കര സഭ അംഗീകരിക്കുന്നില്ലയെന്ന പ്രചാരണം തെറ്റാണ്. ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മറ്റൊരു വിഭാഗമായ അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ എന്ന നിലയില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ പ്രത്യേകം ആദരിക്കുന്നുണ്ട്. അതിന്റെ കാരണം ഒരേ വിശ്വാസവും ആരാധനാ പാരമ്പര്യവും പുലര്‍ത്തുന്ന രണ്ട് സഭകളാണ് അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും. അവയുടെ പ്രധാന മേലധ്യക്ഷന്മാരാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായും പരിശുദ്ധ കാതോലിക്കാബാവായും. അവരുടെ സ്ഥാനവും തെരഞ്ഞെടുപ്പും വാഴിക്കലുമൊക്കെ പരസ്പരപൂരകങ്ങളായ കാര്യങ്ങളാണ്. അത് മലങ്കര സഭാ ഭരണഘടനയില്‍ വളരെ വ്യക്തമാണ്. മലങ്കര സഭാ ഭരണഘടന അനുശാസിക്കുന്ന പരസ്പര പൂരകത്വത്തിനും നിയമങ്ങള്‍ക്കും വിരുദ്ധമായി പരിശുദ്ധ പാ ത്രിയര്‍ക്കീസ് ബാവാ പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ് മലങ്കര സഭയില്‍ ഭിന്നതകള്‍ ഉണ്ടാകുന്നത്. ഇത് മനസിലാക്കിക്കൊണ്ടു തന്നെയാണ് മലങ്കര സഭയില്‍ പാത്രിയര്‍ക്കീസിനുള്ള അധികാരം അസ്തമയ ബിന്ദുവിലാണെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ മലങ്കര സഭ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യണമെങ്കില്‍ രാജ്യനിയമത്തിനും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഭരണഘടനയ്ക്കും അദ്ദേഹം വിധേയനാകുന്നുവെന്ന നിയമപരിരക്ഷയും ഉറപ്പും മലങ്കര സഭയ്ക്ക് നിര്‍ബന്ധമായും ലഭിച്ചിരിക്കണം.

5. അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ മലങ്കര സഭയെ ധാരാളമായി സഹായിച്ചിട്ടുള്ളതല്ലേ?

സഹായിച്ചിട്ടില്ല എന്ന് മലങ്കര സഭ ഒരിക്കലും പറഞ്ഞിട്ടില്ല. അന്ത്യോഖ്യന്‍ സുറിയാനി സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും ഉള്‍പ്പെടെ എല്ലാ പുരാതന ക്രൈസ്തവ സഭകളും പരസ്പര സഹായത്തിലും സഹകരണത്തിലുമാണ് വളര്‍ന്നു വന്നിട്ടുള്ളത്. അത് സഭയുടെ ഏകതയും അപ്പോസ്‌തോലികതയും വിശുദ്ധിയും കാതോലികതയും നിലനിര്‍ത്തുന്നതിന് അത്യാവശ്യവുമാണ്. എന്നാല്‍ സഹായവും സഹകരണവുമൊക്കെ അടിമത്വത്തിന്റേയും മേല്‍ക്കോയ്മയുടേയും അധികാരം പിടിച്ചെടുക്കലിന്റേയും അനുഭവമായി മാറുന്നതിനെയാണ് മലങ്കര സഭ എതിര്‍ക്കുന്നത്. ആ അര്‍ത്ഥത്തിലാണ് മലങ്കര സഭ ഭാരതത്തില്‍ ജനിച്ചതാണെന്നും ഭാരത സംസ്‌ക്കാരത്തോട് ഇഴുകിചേര്‍ന്നതാണെന്നും ഭാരതീയരാല്‍ നയിക്കപ്പെടണമെന്നും ആവശ്യപ്പെടുന്നത്. വിദേശ മേല്‍ക്കോയ്മയും സഭയുടെ ആഭ്യന്തര വിഷയങ്ങളിലുള്ള അനാവശ്യ ഇടപെടലുകളുമാണ് സഭ എതിര്‍ക്കുന്നത്. സഭകളുടെ പരസ്പര വളര്‍ച്ചയ്ക്കുവേണ്ടിയുള്ള സഹകരണങ്ങളും പരസ്പര സഹായങ്ങളും വിദേശത്തുള്ള മറ്റുസഭകളുമായി ഉണ്ടാകണമെന്ന് മലങ്കര സഭ എന്നും ആഗ്രഹിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. (ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞിട്ടും പരസ്പരം സഹായവും സഹകരണവും തുടരുന്നത് സഭയുടെ കാര്യത്തിലും അന്വര്‍ത്ഥമാണ്) .

6. മലങ്കര ഓര്‍ത്തഡോക്‌സ് സഭ പാത്രിയര്‍ക്കീസ് വിഭാഗത്തിന് അധീനതയിലായിരിക്കുന്ന പള്ളികള്‍ കൈയ്യേറുന്നതും പിടിച്ചെടുക്കുന്നതും എന്തിന്?

പള്ളി കൈയ്യേറ്റവും പള്ളി പിടിച്ചെടുക്കലും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സ്വഭാവമോ ശൈലിയോ അല്ല. എന്നാല്‍, 1972 മുതല്‍ പാത്രിയര്‍ക്കീസ് വിഭാഗം കൈയ്യേറുകയും പിടിച്ചെടുക്കുകയും ചെയ്ത പള്ളികള്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി അംഗീകരിച്ച് നല്‍കിയിരിക്കുന്ന സഭാ ഭരണഘടനയ്ക്ക് വിധേയമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പാത്രിയര്‍ക്കീസ് വിഭാഗം കൈയൂക്ക് കൊണ്ടും ആക്രമണങ്ങള്‍കൊണ്ടും പിടിച്ചടക്കി സ്വന്തമാക്കി വച്ചിരിക്കുന്ന ദേവാലയങ്ങള്‍ തിരിച്ച് കലഹത്തിന് ശ്രമിക്കാതെ ഒരു വിധിക്കുവേണ്ടി ദീര്‍ഘകാലം കാത്തിരിക്കുകയും വിധി വന്നപ്പോള്‍ ദേവാലയങ്ങളെ നിയമവിധേയമാക്കുകയും ചെയ്യുന്ന പ്രക്രിയക്ക് പള്ളി കയ്യേറ്റം എന്നും പള്ളി പിടിച്ചെടുക്കലെന്നും പറയുന്നത് അത് ചെയ്ത് ശീലമുള്ളവര്‍ മാത്രമാണ്. ബഹു. സുപ്രീംകോടതി വിധി പ്രകാരം മലങ്കര സഭയുടെ പള്ളികളിലും പള്ളി അനുബന്ധ കാര്യങ്ങളിലും സമാന്തര ഭരണം പാടില്ല. ഏകമായിരുന്ന മലങ്കര സഭയിലെ ദേവാലയങ്ങള്‍ കൈയ്യൂക്കിന്റേയും അക്രമത്തിന്റേയും മാര്‍ഗ്ഗം സ്വീകരിച്ച് 1972 മുതല്‍ പാത്രിയര്‍ക്കീസ് വിഭാഗം കൈയ്യടക്കുകയും പിടിച്ചെടുക്കുയും ചെയ്തതിനെ നിയമവിധേയമാക്കുന്ന പ്രക്രിയയില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയാണ് ഓര്‍ത്തഡോക്‌സ് സഭയെ പള്ളി കയ്യേറ്റകാരെന്നും പള്ളി പിടിത്തക്കാരെന്നും വിളിക്കുവാന്‍ മറുഭാഗത്തിന് ധൈര്യമുണ്ടായതും കഥയറിയാത്ത സമൂഹം അവരോട് ചേര്‍ന്ന് അത് ഏറ്റുപാടുന്നതും.

7. ഓര്‍ത്തഡോക്‌സുകാര്‍ ഇല്ലാത്ത പള്ളികള്‍ പാത്രിയര്‍ക്കീസുകാര്‍ക്ക് വിട്ടുകൊടുത്ത് മാതൃക കാണിച്ചുകൂടേ?

പള്ളികളിലുള്ള വിശ്വാസികളെല്ലാം ഓര്‍ത്തഡോക്‌സുകാരാണ്. പള്ളികളില്‍ കോടതി വിധികള്‍ നടപ്പിലാക്കി നിയമത്തിന് വിധേയമാക്കുന്നതിന് എതിരെ പൊരുതുന്ന പാത്രിയര്‍ക്കീസ് അനുകൂലികള്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും ഓര്‍ത്തഡോക്‌സുകാരാണ്. നിയമം തെറ്റിച്ച് പട്ടം സ്വീകരിച്ച വൈദിക സ്ഥാനികളുടേയും നിയമമില്ലാത്ത രീതിയില്‍ സ്വതന്ത്രമായി ഇടവക ഭരണം കൈയ്യാളുന്ന ചില നേതാക്കളുടേയും സ്വാധീന വലയത്തിലാണ് വിശ്വാസികള്‍. പള്ളികള്‍ നിയമവിധേയമായി കഴിയുമ്പോള്‍ കാലക്രമേണ സത്യം തിരിച്ചറിയേï വിശ്വാസികളാണവര്‍. അതുകൊണ്ടാണ് ഒരു വിശ്വാസിയും പള്ളിക്ക് പുറത്തുപോകുവാന്‍ പാടില്ലായെന്ന് ബഹുമാനപ്പെട്ട കോടതിയും സഭയും ഒരുപോലെ അനുശാസിക്കുന്നത്. കോടതി വിധികള്‍ നടപ്പിലായ ചില ദേവാലയങ്ങളിലെങ്കിലും ഇപ്പോഴത്തെ അവസ്ഥ ശ്രദ്ധിച്ചാല്‍ അത് മനസിലാക്കാവുന്നതേയുള്ളൂ. കൂടാതെ പാത്രിയര്‍ക്കീസ് അനുഭാവികള്‍ കൈയ്യേറി വച്ചിരിക്കുന്ന ദേവാലയങ്ങളില്‍ നിന്നും ഓര്‍ത്തഡോക്‌സ് അനുഭാവികളെന്ന് പരസ്യമായി വെളിപ്പെടുത്തിയ യഥാര്‍ത്ഥ ഇടവകാംഗങ്ങളെ പുറത്താക്കിയതുകൊണ്ടാണ് പലയിടങ്ങളിലും കാതോലിക്കേറ്റ് സെന്ററുകളും മറ്റു ദേവാലയങ്ങളും രൂപപ്പെട്ടത്. അതോടൊപ്പം പൂര്‍വ്വപിതാക്കന്മാര്‍ ഉണ്ടാക്കിയ പള്ളി വിട്ടുപോകുവാന്‍ ആഗ്രഹമില്ലാത്ത ഓര്‍ത്തഡോക്‌സ് അനുഭാവികളായ വിശ്വാസികള്‍ ഭരണപരമായ ഒരു കാര്യത്തിലും ഇടപെടാതെ നിശബ്ദരായി എല്ലാ പള്ളികളിലും ഇപ്പോഴുമുണ്ട്. അവര്‍ കഴിഞ്ഞ നാല്പത് വര്‍ഷത്തോളമായി കേട്ടുകൊണ്ടിരിക്കുന്നത് സഭക്കെതിരെയുള്ള വികലമായ പഠിപ്പിക്കലുകളാണ്. അതില്‍ നിന്ന് അവര്‍ മോചിക്കപ്പെടണമെങ്കില്‍ പള്ളികള്‍ നിയമവിധേയമാക്കി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ഇക്കാരണങ്ങളാല്‍ ഓര്‍ത്തഡോക്‌സുകാര്‍ ഇല്ലാത്ത പള്ളികള്‍ എന്നത് മലങ്കര സഭയുടെ ദേവാലയങ്ങളെക്കുറിച്ച് പറയുക പ്രയാസകരമാണ്.

8. പൗരോഹിത്യത്തിന്റെ ഉറവിടം പരിശുദ്ധ പത്രോസ് ശ്ലീഹാ ആകുന്നുവെന്നും പത്രോസ് ശ്ലീഹായുടെ പിന്‍ഗാമികളായ അന്ത്യോഖ്യ പാത്രിയര്‍ക്കീസിനാല്‍ കൈവയ്പ് കിട്ടിയവര്‍ക്കേ സാധ്യതയുള്ളൂവെന്ന് പറഞ്ഞു കേള്‍ക്കുന്നു, വിശദമാക്കാമോ?

ദൈവശാസ്ത്രപരമായും സഭാവിജ്ഞാനീയപരമായും വളരെ തെറ്റായ ഒരു ചിന്തയാണിത്. കാരണം, പൗരോഹിത്യത്തിന്റെ ഉറവിടം പരിശുദ്ധ പത്രോസ് ശ്ലീഹായും പരിശുദ്ധ തോമാ ശ്ലീഹായും മറ്റ് അപ്പോസ്‌തോലന്മാരും ഒന്നുമല്ല. അത് കര്‍ത്താവാണ്. കര്‍ത്താവില്‍ നിന്ന് ശ്ലീഹന്മാര്‍ വഴി അത് സഭയിലേക്ക് വന്നുവെന്ന് മാത്രം. പരിശുദ്ധ പത്രോസ് ശ്ലീഹായും പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്‍ക്കീസും മാത്രമേ പൗരോഹിത്യ നല്‍വരത്തിന്റെ ഉറവിടങ്ങളായുള്ളൂ എങ്കില്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും ബൈസന്റയിന്‍ ഓര്‍ത്തഡോക്‌സ് സഭകളുമൊക്കെ സാധുതയില്ലാത്തവയാകും. കാരണം അന്ത്യോഖ്യന്‍ സുറിയാനി സഭയൊഴികെ മറ്റൊരു സഭയും പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിന്റേയോ പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെയോ അധികാരത്തിന്‍ കീഴിലുള്ളവരല്ല. അതോടൊപ്പം, ഇപ്പോഴുള്ള അന്ത്യോഖ്യ സുറിയാനി സഭ പ. യാക്കോബ് ബുര്‍ദാനയുടെ പരിശ്രമത്തില്‍ രൂപപ്പെട്ടുവന്നതാണെന്നൊരു ചൊല്ലുണ്ടല്ലോ. സഭാവിജ്ഞാനീയപരമായി അത് ശരിയല്ലെങ്കിലും ഇന്നത്തെ യാക്കോബായക്കാര്‍ അത് സ്വീകരിക്കുന്നു എന്നതുകൊണ്ടാണല്ലോ പിശകായി വിളിക്കപ്പെട്ടതിനെ ഔദ്യോഗികമാക്കി യാക്കോബായ സുറിയാനി സഭ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. മാര്‍ യാക്കോബ് ബുര്‍ദാനയ്ക്ക് (6-ാം നൂറ്റാണ്ട്) ആരുടെ കൈവെയ്പ്പിനാലാണ് മേല്പട്ട സ്ഥാനം ലഭിച്ചത് എന്നത് പരിശോധിച്ചാല്‍ ഇന്നത്തെ അന്ത്യോഖ്യന്‍ സുറിയാനി സഭയുടെ ആദ്യ അദ്ധ്യക്ഷന്‍ പത്രോസ് ശ്ലീഹാ അല്ലെന്ന് പറയേണ്ടിവരും. കാരണം, അലക്‌സാന്ത്രീയ പാത്രിയര്‍ക്കീസാണ് മാര്‍ യാക്കോബ് ബുര്‍ദാനയെ മേല്‍പട്ടക്കാരനാക്കിയത്. വി. മര്‍ക്കോസ് ഏവന്‍ഗേല്യസ്ഥനാണ് അലക്‌സാന്ത്രീയന്‍ സഭയുടെ ആദ്യ പിതാവ് എന്ന് വിളിക്കപ്പെട്ടിരിക്കുന്നത്. വി. പത്രോസിന്റെ ശിഷ്യനായിരുന്നു വി. മര്‍ക്കോസ് എന്ന മുട്ടാതര്‍ക്കം വേണമെങ്കിലാകാം. അതിനു വിരോധമില്ല, കാരണം നമ്മെ സംബന്ധിച്ച് പത്രോസും തോമായും മര്‍ക്കോസും അന്ത്രയോസും തുടങ്ങി ആരും തന്നെ പൗരോഹിത്യത്തിന്റെ ഉറവിടങ്ങളല്ല. ഉറവിടം കര്‍ത്താവാണ്. മലങ്കര സഭ അതിന്റെ ചരിത്രത്തില്‍ പരിശുദ്ധ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസന്മാരുടെ കൈവയ്പിനാല്‍ പട്ടം സ്വീകരിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ പരിശുദ്ധ പത്രോസോ പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്‍ക്കീസോ മാത്രമേ ഉറവിടങ്ങളായുള്ളൂ എന്ന അര്‍ത്ഥത്തിലല്ല. പിന്നെയോ കര്‍ത്താവിന്റെ പൗരോഹിത്യ അധികാരം മറ്റ് ശ്ലീഹന്മാര്‍ക്കും പിന്‍ഗാമികള്‍ക്കും ഉള്ളതുപോലെ അവരിലുമുണ്ടെന്ന വിശ്വാസം മൂലമാണ്. പത്രോസ് ശ്ലീഹായ്ക്ക് ശ്ലീഹന്മാരുടെ ഇടയില്‍ ഉണ്ടായിരുന്ന കൂട്ടുമൂപ്പന്‍ സ്ഥാനത്തെ നിഷേധിക്കുന്നുവെന്ന് ഇവിടെ അര്‍ത്ഥമില്ല.

9. ബഹു. സുപ്രീംകോടതി വിധി നടപ്പിലാക്കിയാല്‍ പള്ളികളും സ്വത്തുക്കളും ഇടവകക്കാരുടേത് അല്ലാതായി മാറുമോ?

മലങ്കര സഭാ ഭരണഘടനയും പാരമ്പര്യവും അനുസരിച്ച് ഇടവകയ്ക്കുവേണ്ടി സ്വരൂപിക്കുന്ന സ്വത്തുക്കളും സ്ഥാപനങ്ങളും ഇടവകയുടേത് തന്നെയാണ്. അവയുടെ എല്ലാ വിധത്തിലുമുള്ള കാര്യവിചാരകത്വവും കൊടുക്കല്‍ വാങ്ങലും എല്ലാം നിര്‍വ്വഹിക്കുന്നത് ഇടവക യോഗത്തിന്റെ തീരുമാനപ്രകാരം മാത്രമാണ്. ഇടവകാംഗങ്ങള്‍ക്ക് ഇടവകയോഗാംഗങ്ങളാകു വാനുള്ള മാനദണ്ഡങ്ങള്‍ സഭയുടെ ഭരണഘടനയില്‍ പറഞ്ഞിരി ക്കുന്നത് അനുസരിച്ചാല്‍ തുല്ല്യതയോടെ എല്ലാ വിശ്വാസികള്‍ക്കും ഇടവകയോഗത്തില്‍ പങ്കെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. പാത്രീയര്‍ക്കിസ് പക്ഷം കൈവശം പിടിച്ചുവെച്ചിരിക്കുന്ന ചില പള്ളികളില്‍ ഇപ്പോള്‍ നടന്നുവരുന്നത് പോലെ ചില പ്രമാണികള്‍ക്ക് മാത്രമുള്ളതല്ല ഈ അവകാശം. മലങ്കര സഭയില്‍ ഇടവകയുടെ സ്വത്തുകളോ പ്രവര്‍ത്തനങ്ങളോ സംബന്ധിച്ച് ദുര്‍വിനിയോഗങ്ങളോ അഴിമതിയോ ഉണ്ടാകുന്നു എന്ന പരാതി ലഭിക്കുമ്പോള്‍ മാത്രമാണ് ഇടവക മെത്രാപ്പോലീത്തയോ മലങ്കര മെത്രാപ്പോലീത്തയോ അതില്‍ ഇടപെടുന്നതും കാര്യനിര്‍വഹണങ്ങള്‍ നിയമവിധേയമാക്കുന്നതും. പള്ളിയോ പള്ളിവക സ്വത്തുക്കളോ എപ്പോഴും ഇടവകക്കാരുടേത് തന്നെയാണ്. ബഹുമാനപ്പെട്ട സുപ്രീംകോടതി അനുവദിച്ച് നല്‍കിയിരിക്കുന്ന 1934-ലെ ഭരണഘടന അനുസരിച്ച് വിശ്വാസികള്‍ വികാരിമാരോട് ചേര്‍ന്ന് അവയുടെ കാര്യവിചാരകത്വം നിര്‍വ്വഹിക്കണമെന്ന് മാത്രം. ഇതിനു വിരുദ്ധമായി ഉണ്ടാകുന്ന പ്രചാരണങ്ങളൊക്കെ വിശ്വാസികളെ കബളിപ്പിക്കുവാന്‍ വേണ്ടിയുള്ളതാണ്.

10. മലങ്കര സഭയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ ഒരു ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതല്ലേ? സുപ്രീം കോടതി വിധി അങ്ങനെ സൂചിപ്പിക്കുന്നുണ്ടല്ലോ.

2017 ജൂലൈ 3-ന് സുപ്രീംകോടതി വിധി ഉണ്ടായ സമയം മുതല്‍ പാത്രിയര്‍ക്കീസ് കക്ഷി നേതാക്കളുടെ ഭാഗത്തു നിന്നും അവരെ അനുഗമിച്ചുകൊണ്ട് ചില സാമുദായിക രാഷ്ട്രീയ കോണുകളില്‍ നിന്നും മലങ്കര സഭയില്‍ തന്നെയുള്ള ചില ആളുകളില്‍ നിന്നും സ്ഥിരമായി കേള്‍ക്കുന്ന ഒരു ശബ്ദമാണിത്. ഇക്കൂട്ടരൊക്കെ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി ഉണ്ടാകുന്നതിന് മുമ്പുണ്ടായിട്ടുള്ള ചര്‍ച്ചകളുടെ നീണ്ട പരമ്പരകളെ മനഃപൂര്‍വ്വം വിസ്മരിക്കുകയോ വിഴുങ്ങുകയോ ചെയ്യുകയാണ്. ഈ വിഷയത്തിന് വേണ്ടി മലങ്കര സഭ ധാരാളം ചര്‍ച്ചകള്‍ നടത്തുകയും മറുവിഭാഗം ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറി കോടതിയെ സമീപിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് 2017 ജൂലൈ 3-ലെ ബഹു. സുപ്രീംകോടതി വിധി. ദീര്‍ഘനാളത്തെ കോടതി വാദങ്ങള്‍പോലും ചര്‍ച്ചകളുടെ ഭാഗമാണ്. എല്ലാ ചര്‍ച്ചകളും കേട്ട് വിധി ലഭിച്ചു കഴിഞ്ഞാല്‍ അതിനെ മനസാ സ്വീകരിക്കുകയും അത് നടപ്പിലാക്കുവാന്‍ സഹകരിക്കുകയുമാണ് വേണ്ടത്. തന്നെയുമല്ല ചര്‍ച്ചയ്ക്കുവേണ്ടി ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം തന്നെ ബഹുമാനപ്പെട്ട നീതിന്യായ കോടതിയുടെ ശ്രദ്ധയില്‍ വന്നവയും അവയ്ക്ക് വ്യക്തമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ആകയാല്‍ ഇനിയും ചര്‍ച്ച വേണമെന്ന് ശഠിക്കുന്നത് നീ തിന്യായ കോടതികളില്‍ നിന്ന് വന്നിരിക്കുന്ന വിധികള്‍ നടപ്പിലാക്കാതെയിരിക്കാനുള്ള തന്ത്രം മാത്രമാണ്. ചര്‍ച്ച ചെയ്യാമെന്ന് ബഹു. കോടതിയുടെ പരാമര്‍ശം വിധി നടത്തിപ്പിനുശേഷം എവിടെയെങ്കിലും കുറവുണ്ടെങ്കില്‍ അവ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാണ്. ദേവാലയങ്ങളില്‍ വിധി നടപ്പിലാക്കി നിയമവിധേയമാക്കിയതിനുശേഷം ആരുമായും ചര്‍ച്ച ചെയ്യാവുന്നതാണ്. നിയമവിധേയമായിപോകുന്ന വിശ്വാസികളുടെ ഇടയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നും ആവശ്യമെങ്കില്‍ അതിനുവേണ്ടി നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ഭരണഘടനവരെ ഭേദഗതി ചെയ്യാവു ന്നതാണെന്നുമാണ് ബഹു. കോടതി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
ചര്‍ച്ചകള്‍ സംബന്ധിച്ച സഭയുടെ നിലപാട് ഇതാണെങ്കിലും 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധിക്ക് ശേഷം മലങ്കരസഭ ചെയ്ത ചില കാര്യങ്ങള്‍ ഇവിടെ രേഖപ്പെടുത്തുന്നു.

1) സുപ്രീം കോടതി വിധിയനുസരിച്ച് എല്ലാ വിശ്വാസികളും ഒരുമിച്ച് നിന്ന് ദൈവാരാധന നടത്തി സഭയെ ശാശ്വത സമാധാനത്തിലും ഐക്യത്തിലുമെത്തിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പ. കാതോലിക്കാ ബാവാ തിരു മനസ്സുകൊണ്ട് 11/7/2017-ല്‍ 185/2017-ാം നമ്പര്‍ കല്പന പുറപ്പെടുവിച്ചു.
2) പ. കാതോലിക്കാ ബാവാ തിരുമേനിയുടെ സമാധാന കല്പനയുടെ അടിസ്ഥാനത്തില്‍ 2018 ഫെബ്രുവരിയില്‍ കൂടിയ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സഭാ സമാധാനം സംബന്ധിച്ചുള്ള വ്യക്തമായ നിലപാടുകള്‍ പത്രമാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തി.
3) കേരളത്തിലെ പൊതുസമൂഹത്തിന്റെ അറിവിലേയ്ക്ക് സഭയുടെ നിലപാടുകള്‍ വ്യക്തമാക്കികൊണ്ട് സഭ’യുടെ പി. ആര്‍. വിഭാഗം വിവിധ സമയങ്ങളില്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ചു.
4) പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയും സഭാ ഐക്യ പ്രസ്താവന പുറപ്പെടുവിച്ചു.
5) പ. അന്തോഖ്യ പാത്രീയര്‍ക്കീസ് ബാവാ തിരുമേനിയോട് നേരിട്ട് ചര്‍ച്ച നടത്തി കോടതിവിധിയുടെ നടത്തിപ്പ് സഭയില്‍ പൂര്‍ണ്ണമാക്കി ശാശ്വത സമാധാനം കൈവരുത്തുകയെന്ന ഉദ്ദേശത്തോടുകൂടി അദ്ദേഹത്തിന്റെ ഓഫീസുമായി കത്തിടപാടുകള്‍ നടത്തി.
6) മലങ്കരസഭയിലെ രണ്ട പിതാക്കന്മാര്‍ അനൗദ്യോഗികമായിട്ടാണെങ്കിലും ലബനോനില്‍പോയി പ. പാത്രീയര്‍ക്കീസ് ബാവായെ നേരിട്ട് കണ്ട് സംസാരിച്ചു.
7) സുപ്രീം കോടതി വിധിക്കുശേഷം ബഹു. കേരള സര്‍ക്കാര്‍ ഒരു മന്ത്രിസഭാ ഉപസമിതിയെ നിയമിച്ച് ചര്‍ച്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ നിയമപരവും സാങ്കേതികവുമായ കാരണങ്ങളാല്‍ അതില്‍ സംബന്ധിച്ചില്ലെങ്കിലും സഭയുടെ പ്രതിനി ധികള്‍ ഉപസമിതിയുടെ മുമ്പാകെ എത്തി രേഖാപരമായി സഭയുടെ നിലപാടുകള്‍ അറിയിച്ചു.
ടി നടപടികളൊന്നും ഫലപ്രദമാകാതെ വന്നപ്പോള്‍ ദേവാലയങ്ങളില്‍ ബഹു. നീതിന്യായ കോടതികളുടെ സഹായത്തോടെ നിയമം നടപ്പിലാക്കുവാന്‍ സഭ ശ്രമിച്ചുവരുകയും അതേസമയം തന്നെ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ മറുഭാഗത്തെ മൂന്ന് പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുകയും ഉണ്ടായി.

2020 സെപ്തംബര്‍ 21-ാം തീയതി തിങ്കളാഴ്ച ബഹു. കേരള മുഖ്യമന്ത്രിയോട് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളും പാത്രിയര്‍ക്കീസ് വിഭാഗം പ്രതിനിധികളും വെവ്വേറെയും ഒക്ടോബര്‍ മാസം 5-ാം തീയതി തിങ്കളാഴ്ചയും നവംബര്‍ മാസം 4-ാം തീയതി ബുധനാഴ്ചയും ഒരുമിച്ചാണ് ചര്‍ച്ചകള്‍ നടത്തിയത്. അവസാന യോഗത്തില്‍ തന്റെ സാന്നിധ്യത്തില്‍ ഉടനെതന്നെ അടുത്തയൊരു ചര്‍ച്ചയ്ക്ക് സാംഗത്യമില്ലെന്നും ഇരുകൂട്ടരും പരസ്പരം തുടര്‍ ചര്‍ച്ചകള്‍ നടത്തുന്നതാണ് ഉചിതമെന്നും അതിനുവേണ്ടി ഓരോ ഭാഗത്ത് നിന്ന് ഓരോ കോ-ഓര്‍ഡിനേറ്ററെ തെരെഞ്ഞെടുക്കണമെന്നും ബഹു. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍ ചര്‍ച്ചാകാലയളവില്‍ തന്നെ പാത്രിയര്‍ക്കീസ് വിഭാഗം വിഘടന വാദം പ്രോത്സാഹിപ്പിക്കുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും (മുടക്കുകളും വിലക്കുകളും), നവംബര്‍ മാസം 12-ാം തീയതി ബഹു. കേരള സര്‍ക്കാരിനുവേണ്ടി ആഭ്യന്തര സെക്രട്ടറി ബഹു. കേരള ഹൈക്കോടതി മുമ്പാകെ അസത്യപരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തതുമൂലം ചര്‍ച്ച എന്ന വാക്കുകൊണ്ട് ബഹു. കോടതി നടപടികളും വിധി നടത്തിപ്പുകളും അനന്തമായി നീട്ടികൊണ്ടുപോകുക എന്നതു മാത്രമാണ് തല്പരകക്ഷികള്‍ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കുകയാല്‍ ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിക്കേണ്ടി വന്നു.

2017 ജൂലൈ 3-ന് മൂന്‍പ് ദീര്‍ഘകാലങ്ങളായി നടത്തിയ ചര്‍ച്ചകളുടെ സംക്ഷിപ്തരൂപവും ഇവിടെ നല്‍കുന്നത് നല്ലതായിരിക്കുമെന്ന് കരുതുന്നു.
1970-കളില്‍ സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും ഡല്‍ഹി ഭദ്രാസന അദ്ധ്യക്ഷനുമായിരുന്ന അഭി. പൗലോസ് മാര്‍ ഗ്രീേഗാറിയോസ് തിരുമേനി പല പ്രാവശ്യം ഡമസ്‌ക്കോസില്‍ പോയി പ. പാത്രിയര്‍ക്കീസ് ബാവായെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്്. അതുപോലെതന്നെ കേരളത്തിലും പ്രശ്‌നം ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രിയര്‍ക്കീസിന്റെ അനുയായി കളെയും അദ്ദേഹം നേരിട്ട് കണ്ട് സംസാരിച്ചു. എന്നാല്‍ പ. പാത്രിയര്‍ക്കീസിനും അനുയായികള്‍ക്കും പ്രശ്‌നം പരിഹരിക്കണമെന്ന് ഒരാഗ്രഹവും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 1974-ല്‍ ബഹു. കോടതിയില്‍ കേസ് ആരംഭിക്കുന്നതിനുമുമ്പ് കോപ്റ്റിക് സഭയിലെ ഒരു മെത്രാപ്പോലീത്തായെ ക്ഷണിച്ചുവരുത്തി മദ്ധ്യസ്ഥശ്രമം നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. സമാധാനപരമായി പ്രശ്‌നം പരിഹരിക്കുവാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോഴാണ് കേസ് ആരംഭിച്ചത്.

ആദ്യവട്ടം കേസുകള്‍ 1995-ലെ ബഹു. സുപ്രീം കോടതി വിധിയില്‍ അവസാനിച്ചു. അന്ന് സമാധാനത്തിനുള്ള മാര്‍ഗ്ഗനി ര്‍ദ്ദേശം കോടതി നല്‍കി. ആ വിധിയുടെ എക്‌സിക്യൂഷന്‍ പ്രക്രിയ അവസാനിക്കും വരെ 1934-ലെ ഭരണഘടന അനുസരിക്കുന്ന എല്ലാ മെത്രാന്മാര്‍ക്കും തല്‍സ്ഥിതി തുടരാമെന്ന് കോടതി പറഞ്ഞു. അന്ന് തല്‍സ്ഥിതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഒട്ടുമിക്ക മെത്രാന്മാരും 1934-ലെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനയ്ക്ക് വിധേയത്വം ഒപ്പിട്ടു കോടതികളില്‍ കൊടുത്തു. അഭി. തോമസ് മാര്‍ ദീവന്നാസ്യോസ് (ശ്രേഷ്ഠബാവ), അഭി. തോമസ് മാര്‍ തീമോത്തിയോസ്, അഭി. ജോസഫ് മാര്‍ ഗ്രീഗോറിയോസ് എന്നിവര്‍ ഒപ്പിട്ട രേഖകള്‍ ഇന്നും ലഭ്യമാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ പറയുന്നത് ഇങ്ങനെ ഒരു ഭരണഘടന തങ്ങള്‍ കണ്ടിട്ടില്ല എന്നാണ്.

1995-ലെ വിധിയെ തുടര്‍ന്ന് വൈ.എം.സി.എയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചകളില്‍ സഭ ആത്മാര്‍ത്ഥമായി സഹകരിച്ചു. ചര്‍ച്ചകളുടെ പേരില്‍ വിധി നടത്തിപ്പ് 7 വര്‍ഷം താമസിച്ചതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. കോടതി വിധി നടപ്പിലാക്കുന്നതിനുള്ള സമയം നീട്ടിക്കിട്ടാന്‍വേണ്ടി പാത്രിയര്‍ക്കീസ് വിഭാഗം ആസൂത്രണം ചെയ്യുന്ന തന്ത്രത്തിന്റെ ഉത്തമ ഉദാഹരണമാണിത്.
1995-ലെ വിധി നടത്തിപ്പിനായി സഭയിലെ ഇരുവിഭാഗങ്ങളുടെയും സമ്മതത്തോടുകൂടി കോടതി നിശ്ചയിച്ചയച്ച നിരീക്ഷകനായ ജസ്റ്റീസ് മളീമഠിന്റെ മേല്‍നോട്ടത്തില്‍ 2002-ല്‍ പരുമലയി ല്‍വച്ച് നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ പങ്കെടുക്കാതെ നിസ്സഹകരണം നടത്തിക്കൊണ്ട് പാത്രിയര്‍ക്കീസ് വിഭാഗം വീണ്ടും സഭയില്‍ പ്രശ്‌നം വര്‍ദ്ധിപ്പിച്ചു.

കോടതിവിധികള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് കോലഞ്ചേരിയില്‍ സഭയിലെ മൂന്നു മെത്രാപ്പോലീത്തമാര്‍ 2002-ല്‍ ഉപവാസം അനുഷ്ടിച്ചു. അന്നത്തെ ഗവണ്‍മെന്റെ് ഒരു മന്ത്രി സഭ ഉപസമിതിയെ നിയമിച്ചു. അവര്‍ ഒരു രാത്രിമുഴുവന്‍ ചര്‍ച്ച ചെയ്ത് എഗ്രിമെന്റ് ഉണ്ടാക്കി മെത്രാപ്പോലീത്തന്മാരുടെ ഉപവാസം അവസാനിപ്പിച്ചു. എന്നാല്‍ പിറ്റേന്നു തന്നെ ഉപസമിതിയുടെ ഒത്താശയോടെ എഗ്രിമെന്റ് ലംഘിക്കപ്പെട്ടു. അന്നത്തെ ഉപസമിതിയുടെ ചെയര്‍മാന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരോ പള്ളിയുടെയും പ്രശ്‌നങ്ങള്‍ പഠിച്ച് എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചു. ഉപസമിതിയുടെ ഉദ്ദേശം ആത്മാര്‍ത്ഥമാണെന്ന് സഭ ധരിച്ചു. എന്നാല്‍ പ്രയോജനമൊന്നും ഉണ്ടായില്ല. തിരുമേനിമാരെ ഉപവാസത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കുവാനുള്ള കേവലം പ്രഹസനം മാത്രമായി ആ നടപടി അവശേഷിച്ചു.

2005-ല്‍ ആലുവ തൃക്കുന്നത്തു സെമിനാരി പ്രശ്‌നത്തില്‍ അന്നത്തെ മുഖ്യമന്ത്രിയുടെയും, ആലുവ പോലീസ് മേധാവിയുടെയും, ജില്ലാകളക്ടറുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇനി മേലാല്‍ വിശ്വാസികള്‍മാത്രമേ സെമിനാരി ചാപ്പലില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തുകയുള്ളൂ എന്ന് എഗ്രിമെന്റ് ഉണ്ടാക്കി. അവിടുത്തെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെടുന്നതുവരെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കപ്പെടണം എന്നാണ് തീരുമാനിച്ചത്. മേല്‍പ്പറഞ്ഞ ശ്രേഷ്ഠ വ്യക്തികള്‍ ഒപ്പിട്ട എഗ്രിമെന്റിന്റെ മഷി ഉണങ്ങും മുമ്പുതന്നെ അത് ലംഘിക്കപ്പെട്ടു.

2011-ല്‍ വീണ്ടും കോലഞ്ചേരിപള്ളിക്കേസിലെ വിധി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് പ. കാതോലിക്കാബാവായും മെത്രാപ്പോലീത്തമാരും ഉപവാസം അനുഷ്ഠിച്ചപ്പോള്‍ ഒരു മന്ത്രിസഭ ഉപസമിതിയെ നിയമിച്ച് രണ്ടാഴ്ചക്കകം പ്രശ്‌നം പരിഹരിക്കുകയോ, പരിഹാരം കാണുന്നില്ല എങ്കില്‍ വിധി നടപ്പാക്കുകയോ ചെയ്യും എന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ രണ്ടാഴ്ചകഴിഞ്ഞപ്പോള്‍ ഉപസമിതിയെ നിയമിച്ചു. ചര്‍ച്ചകള്‍ മാസങ്ങളോളം നീണ്ടു. ഒരു തീരുമാനവും ഉണ്ടായില്ല. ഉപസമിതി മുന്നോട്ടുവച്ച ഒരു വ്യവസ്ഥയും അംഗീകരിക്കുവാന്‍ പാ ത്രിയര്‍ക്കീസ് വിഭാഗം തയ്യാറായില്ല. കേസു നടത്തിപ്പുകാര്യങ്ങള്‍ കുറേ താമസിപ്പിക്കാന്‍മാത്രം ആ പ്രക്രിയ പാത്രീയര്‍ക്കീസ് വിഭാഗം സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു.
2013-ല്‍ പിറവം പള്ളി കത്തീഡ്രല്‍ ആയി പ്രഖ്യാപിക്കുന്നതിനോട് അനുബന്ധിച്ച് അവിടെ ഓര്‍ത്തഡോക്‌സ് സഭ നടത്താനിരുന്ന സമ്മേളനത്തിന്റെ അതേ ദിവസം പാത്രീയര്‍ക്കീസ് വിഭാഗം അവരുടെ ഇടവകസംഗമം പള്ളി കോമ്പൗണ്ടില്‍ ക്രമീകരിച്ചു. അത് ക്രമസമാധാന പ്രശ്‌നമായി മാറും എന്നായപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ആദ്യ ദിവസം പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ സമ്മേളനം നടത്താന്‍ അനുവദിക്കണമെന്നും, അടുത്ത ഞായറാഴ്ച ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പള്ളികോമ്പൗണ്ടില്‍, പാത്രിയര്‍ക്കീസ് വിഭാഗം സമ്മേളനം നടത്തുന്ന അതേ സ്ഥലത്തുതന്നെ സമ്മേളനവും മറ്റു പരിപാടികളും നടത്തുവാന്‍ അനുവദിക്കുമെന്നും എഗ്രിമെന്റ് ഉണ്ടാക്കി. ഈ വിവരം അന്നത്തെ റവന്യൂ മന്ത്രി നേരിട്ട് ഉറപ്പ് നല്‍കിയത് അനുസരിച്ച് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ സമ്മേളന ദിവസം ഓര്‍ത്തഡോക്‌സ് സഭ ഒരു പ്രശ്‌നവും സൃഷ്ടിച്ചില്ല. എന്നാല്‍ പിറ്റേ ഞായറാഴ്ച ഓര്‍ത്തഡോക്‌സ് സഭയുടെ ഉഴം വന്നപ്പോള്‍ എഗ്രിമെന്റുകള്‍ ലംഘിക്കപ്പെട്ടു.

ഇതിനെല്ലാം അതാതുകാലത്തെ ഗവണ്‍മെന്റുകളുടെ പങ്കാളിത്തം വിസ്മരിച്ചു കൂടാത്തതാണ്. പാത്രിയര്‍ക്കീസ് വിഭാഗത്തിന് സമാധാന ചര്‍ച്ചകള്‍ എന്നത് കോടതിവിധി നടപ്പിലാക്കല്‍ താമസിപ്പിക്കുന്നതിനും, സാധിക്കുമെങ്കില്‍ അതു മുടക്കുന്നതിനുമുള്ള ഉപാധികള്‍ മാത്രമാണ്. പലപ്പോഴും ഗവണ്‍മെന്റുകള്‍ അറിഞ്ഞോ അറിയാതെയോ അതിന് കൂട്ടുകക്ഷികളായി മാറിയിട്ടുണ്ട്. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമീപകാലത്ത് നടന്ന ചര്‍ച്ചകള്‍ അങ്ങനെയൊരു അവസരമായി മാറാതിരിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നിലവിലുള്ള കോടതി വ്യവഹാരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നീതിന്യായ കോടതികളില്‍ നിന്ന് ഉണ്ടാകുന്ന വിധികള്‍ നടപ്പിലാക്കുന്നതിനും ചര്‍ച്ചകള്‍ തടസ്സമാകരുതെന്നും കോടതി വിധികളുടെ അടിസ്ഥാനത്തില്‍ മലങ്കരസഭയിലെ എല്ലാ പള്ളി കളും സമാന്തര ഭരണമില്ലാതെ മലങ്കര മെത്രാപ്പോലീത്തായാല്‍ നയിക്കപ്പെടണമെന്നും സഭാവിശ്വാസിയായ ഒരാള്‍പോലും അതില്‍നിന്ന് വിട്ടുപോകുവാന്‍ പാടില്ലയെന്നതുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്. നീതിന്യായ കോടതിയുടെ നിര്‍ദ്ദേശത്തില്‍ നിന്ന് വ്യതിചലിക്കുവാന്‍ പ. സഭയ്‌ക്കോ വിധികള്‍ നടപ്പിലാക്കേണ്ട ഭരണാധികാരികള്‍ക്കോ അനുവാദമില്ലയെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ വിരുദ്ധമായ നിലപാടുകള്‍ സംസ്ഥാന ഭരണകൂടത്തില്‍ നിന്നും പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ നിന്നും ഉണ്ടാക്കുന്നത് സങ്കടകരവും ഐക്യ ചര്‍ച്ചകളുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നവയുമാണ്. ബഹു. കേരള സര്‍ക്കാര്‍ ആത്മാര്‍ത്ഥതയോടെ ഇടപെട്ടാല്‍ നീതിന്യായ കോടതികളില്‍ നിന്നുണ്ടാകുന്ന വിധികള്‍ യഥാവിധി നടപ്പിലാക്കുകയും സഭയില്‍ ഐക്യവും സമാധാനവും ഉണ്ടാവുകയും ചെയ്യും. ഓര്‍ത്തഡോക്‌സ് സഭയും സമാധാന കാംക്ഷികളായ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വിശ്വാസികളും ഇതുതന്നെയാണ് ആഗ്രഹിക്കുന്നത്.

11. പാത്രിയര്‍ക്കീസുകാര്‍ക്ക് ഭൂരിപക്ഷമുള്ള പള്ളികള്‍ അവര്‍ക്ക് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിച്ചുകൂടേ?

ഈ ആശയം ബഹു. സുപ്രീംകോടതി വിധി വന്നതിനു ശേഷം പലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ അതിന് സാധ്യതയില്ലായെന്നതാണ് ഒറ്റവാക്കില്‍ നല്‍കാനുള്ള ഉത്തരം. കാരണം മലങ്കര സഭ ഒന്നേയുള്ളൂവെന്നും അതൊരു ട്രസ്റ്റ് ആണെന്നും ട്രസ്റ്റ് ഭരിക്കപ്പെടേണ്ടത് 1934-ലെ ഭരണഘടന അനുസരിച്ചാണെന്നും ട്രസ്റ്റിലെ അംഗമായ ഓരോ വിശ്വാസിയും ആ നിയമം അനുസരിച്ച് നിലകൊള്ളണമെന്നും അനുസരിക്കാത്തവര്‍ക്ക് ട്രസ്റ്റില്‍ നിന്നും സ്വമേധയാ പുറത്തുപോകാമെന്നും പുറത്തുപോകുന്നവര്‍ക്ക് ട്രസ്റ്റിന്റെ ഒരു ഭാഗവും വീതിച്ച് നല്‍കാന്‍ പാടില്ലായെന്നും ബഹു. കോടതി പുറപ്പെടുവിച്ച വിധിന്യായം വ്യക്തമാക്കുന്നു. ഇക്കാരണത്താല്‍ സഭയുടെ ഒരു ഭാഗവും സഭാംഗമല്ലാത്തവര്‍ക്ക് നല്‍കുവാനോ അവര്‍ക്കത് ഉപയോഗിക്കുവാനോ അനുവാദം ഇല്ലാത്തതാകുന്നു. അഥവാ 2017 ജൂലൈ 3-നു ശേഷം എവിടെയെങ്കിലും ആരെങ്കിലും അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യവും അടുത്ത നീണ്ടï കോടതി വ്യവഹാരങ്ങളുടെ ആരംഭവുമായി മാറുന്നതാണ്. അതുകൊണ്ടുതന്നെ വീതം വയ്ക്കുന്ന പരിപാടിയും സമാന്തരഭരണവും മലങ്കര സഭ അനുവദിക്കുന്നില്ല. ഭൂരിപക്ഷവും ന്യൂനപക്ഷവുമൊക്കെ മലങ്കര സഭാ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഇടവകകളുടെ ഭരണനിര്‍വ്വഹണം നടത്തുന്നതിന് തെരഞ്ഞെടുക്കപ്പെടുന്ന സമിതികളുടെ കാര്യത്തിലാണ്. അത് ഏതെങ്കിലും കക്ഷിയുടെ ഭൂരിപക്ഷം നോക്കിയല്ലാതാനും.

2021 ഫെബ്രുവരി 10-ന് നിയമപരിഷ്‌കാര കമ്മീഷന്റെ പേരില്‍ റിട്ടയര്‍ഡ് ജസ്റ്റിസ് കെ.റ്റി. തോമസ് തയ്യാറാക്കി കേരളാ സര്‍ക്കാരിന് സമര്‍പ്പിച്ച ”സഭാതര്‍ക്ക പരിഹാര കരട് ബില്‍” ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷറിയോടുമുള്ള വെല്ലുവിളിയാണ്. രാജ്യത്തിന്റെ മഹത്തായ നിയമങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ട് പരമോന്നത മദ്ധ്യസ്ഥനായ ബഹു. സുപ്രീം കോടതിയുടെ വിധിന്യായങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്ന കരടുബില്‍ അസമയത്തു കൊണ്ടുവന്നിരിക്കുന്നത് സഭയില്‍ ഭിന്നിപ്പുണ്ടാക്കുവാനും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയും മാത്രമാണെന്ന് സഭ മനസ്സിലാക്കുന്നു. ഇങ്ങനെയുള്ള വികൃത ശ്രമങ്ങളോടു സഭ നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധിക്കുക എന്നതാണ് കരണീയമായിരിക്കുന്നത്. നിയമപാ ലകരായ ന്യായാധിപന്മാര്‍ റിട്ടയര്‍ ആയ ശേഷം നിയമലംഘനം നടത്തുമ്പോള്‍ കൂടുതല്‍ ലജ്ജിക്കേണ്ടി വരുന്നത് ഭാരതത്തിന്റെ നീതിപീഠത്തിനു തന്നെയാണ്.

12. പാത്രിയര്‍ക്കീസ് വിഭാഗത്തിലുള്ള വിശ്വാസികളുടെ ശവസംസ്‌കാരം ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ തടയുന്നു എന്ന ആരോപണത്തില്‍ എന്തെങ്കിലും സത്യമുണ്ടോ?

ഈ വിഷയം സംബന്ധിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിവരെ മലങ്കരസഭയെ അപമാനിച്ചുകൊണ്ടിരിക്കുന്ന രീതിയാണ് കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഒട്ടും തന്നെ സത്യമുള്ള ഒരു ആരോപണമല്ലിത്. കട്ടച്ചിറയില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആരോപണം ശക്തമായി നിലനിര്‍ത്തി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു പോകുന്നത്. സഭയില്‍ സത്യത്തെ തിരിച്ചറിയുവാന്‍ ശ്രമിക്കാത്ത ഭരണകര്‍ത്താക്കള്‍വരെ സമൂഹത്തിലുണ്ടായാല്‍ ഇതല്ല ഇതിനപ്പുറമുള്ള ആരോപണങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുമെന്ന് യാഥാര്‍ത്ഥ്യമാണ് (യേശുക്രിസ്തുവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്). സഭ ദൈവത്തിന്റേതാകുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്ന മലങ്കരസഭ ഇപ്രകാരമുള്ള അസത്യ ആരോപണങ്ങളില്‍ പതറുകയില്ല. സമൂഹത്തിന്റെ അനുകമ്പ പിടിച്ചുപറ്റി നിയമം തെറ്റിക്കുവാനുള്ള മാര്‍ഗ്ഗത്തിന്റെ ഭാഗമായി അനാഥശാലയില്‍ ചിലവഴിക്കുകയും ചോദിക്കുവാനും പറയുവാനും അധികമാരുമില്ലയെന്ന് ബോധ്യപ്പെടുത്തുകയും ചെയ്ത ഒരു വൃദ്ധ മാതാവിന്റെ മൃതശരീരം വച്ച് പാത്രിയര്‍ക്കീസ് വിഭാഗം നടത്തിയ നാടകങ്ങളാണ് ഈ ആരോപണങ്ങളുടെ യഥാര്‍ത്ഥ പശ്ചാത്തലം. നിയമാനുസൃത വികാരി ടി മാതാവിന്റെ മൃതദേഹം ആദരവോടുകൂടി സംസ്‌കരിക്കാമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അധികാരികള്‍ ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞുവെങ്കിലും അതിനെ അംഗീകരിക്കാതെ നിയമം തെറ്റിക്കുവാന്‍വേണ്ടി വഴിവക്കിലും വീട്ടുമുറ്റത്തെ പേടകത്തിനുള്ളിലും മൃതദേഹം വച്ച് വിലപേശിയ പാത്രിയര്‍ക്കീസ് വിഭാഗം കാണിച്ച നിഷ്ഠൂരതയാണ് ഓര്‍ത്തഡോക്‌സ് സഭയെ പ്രതികൂട്ടിലാക്കിയ തന്ത്രപ്രചരണം. അതിനു തുടര്‍ച്ചയായി തിരുവനന്തപുരത്ത് നടത്തിയ ശവപെട്ടി ഘോഷയാത്ര കേരള സര്‍ക്കാരിനെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായത്തോടുകൂടിതന്നെ ശവസംസ്‌കാര ഓര്‍ഡിനന്‍സും ബില്ലുമൊക്കെ ഇറക്കിക്കുവാന്‍ വേണ്ടി നടത്തിയ നാടകങ്ങളാണ്. കഥയും തിരക്കഥയും സംഭാഷണവും നിര്‍മ്മാണവും സംവിധാനവുമൊക്കെ നിര്‍വ്വഹിച്ചത് ഭരണനിര്‍വ്വഹണത്തിലിരിക്കുന്നവരും പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്നായിരിക്കുന്നുവെന്നത് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും മനസ്സിലാകും (പുതിയ നിയമനിര്‍മ്മാണത്തിനുവേണ്ടിയുള്ള നിലവിളിയും സംവിധാനവുമൊക്കെ ഇതിന്റെ പിന്‍തുടര്‍ച്ചയായി സഭ മനസ്സിലാക്കുന്നു. ഇത് കേരള സമൂഹത്തില്‍ ഭാവിയിലുണ്ടാകാവുന്ന അരാജകത്വത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്).

സഭയില്‍ കാലാകാലങ്ങളായി ശവസംസ്‌ക്കാരം സംബന്ധിച്ച് സംഭവിച്ചു കൊണ്ടിരിക്കുന്നത് തിരിച്ചാണ്. നിയമപരമായ അനുവാദമുള്ള ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ മൃതദേഹങ്ങള്‍ തടഞ്ഞും മൃതദേഹങ്ങളെ കൂവിവിളിച്ച് അവഹേളിച്ചും പാരമ്പര്യമുള്ളവരാണ് പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ (ഇതില്‍ ചില സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴും ലഭ്യമാണ്). ഓര്‍ത്തഡോക്‌സ് വിഭാഗം ശാന്തരായി നിന്ന് സഹിഷ്ണതയോടെ അവയെ സഹിച്ചത്‌കൊണ്ട് ലോകത്തിനുമുമ്പില്‍ സഭ അവഹേളിക്കപ്പെട്ടില്ല. ഓര്‍ത്തഡോക്‌സ് സഭ ഒരു വിശ്വാസിയുടെയും മൃതദേഹം തടഞ്ഞിട്ടില്ല. നിയമം അനുവദിച്ചിരിക്കുന്ന വികാരിമാരുടെ അറിവും അനുവാദവും കാര്‍മികത്വവും ഉണ്ടായിരിക്കണമെന്ന് മാത്രമെ സഭ അനുശാസിക്കുന്നുള്ളു (അത് സാമൂഹിക നിയമമാണ്). അത് ബഹുമാനപ്പെട്ട നീതിന്യായ കോടതികളും വ്യക്തമാക്കിയിരിക്കുന്ന വസ്തുതയാണ്. അതുകൊണ്ടു തന്നെയാണ് മനുഷ്യാവകാശ കമ്മീഷനും 29/11/2019-ലെ വിധിപ്രകാരം നിയമസാധുതയുള്ള വികാരിയുടെ നേതൃത്വത്തില്‍ മൃതശരീരം സംസ്‌കരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശവസംസ്‌കാരം തടയുന്നു എന്ന വ്യാജപ്രചാരണം വഴി സമൂഹത്തിന്റെ അനുകമ്പ പിടിച്ചുപറ്റാനും ദേവാലയങ്ങളില്‍ സമാന്തരഭരണം സ്ഥാപിക്കാനുമുള്ള പാത്രിയര്‍ക്കീസ് തന്ത്രമാണ് വെളിപ്പെട്ടു വരുന്നത്. കട്ടച്ചിറയിലും മറ്റുമുണ്ടായ ശവസംസ്‌കാര വിഷയങ്ങളുടെ ശരിയായ പശ്ചാത്തലവും കാരണവും ഇനിയെങ്കിലും മനസ്സിലാക്കി വിശകലനം ചെയ്താല്‍ സത്യം തിരിച്ചറിയാവുന്നതെയുള്ളൂ.

13. മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെക്കുറിച്ച് എന്താണഭിപ്രായം?

അത് സംബന്ധിച്ച് പ്രത്യേകിച്ച് ഒരു അഭിപ്രായം പറയാതിരിക്കുന്നതാണ് ഉചിതമെന്ന് വിചാരിക്കുന്നു. ഏവര്‍ക്കും അറിയാവുന്നതുപോലെ ഉചിതമായ ശവസംസ്‌കാരം ലഭിക്കുക എന്നത് ഏതൊരു വ്യക്തിയുടേയും അവകാശമാണ്. അത് മാനിക്കപ്പെടുക തന്നെ വേണം. പാത്രിയര്‍ക്കീസ് വിഭാഗം ഒരിക്കല്‍പ്പോലും അത് മാനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 1972 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാണ്. 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധി വന്നതിനുശേഷവും വിധി നടപ്പിലായിട്ടില്ലാത്ത പള്ളികളില്‍ സഭാമക്കള്‍ വാങ്ങിപ്പോകുമ്പോള്‍ അവരുടെ ശവസംസ്‌കാരം നീതിന്യായകോടതികളുടെ സഹായത്തോടെ മാത്രം നടത്തേണ്ടി വരുന്നതും ഇക്കാരണത്താലാണ്. കേരള സര്‍ക്കാരിന്റെ ശവസംസ്‌കാര ബില്‍ എല്ലാ ക്രൈസ്തവ സഭകള്‍ക്കും എന്ന പേരില്‍ തുടങ്ങിയെങ്കിലും മറ്റുള്ളവരുടെ എതിര്‍പ്പുമൂലം അത് ഓര്‍ത്തഡോക്‌സ്-യാക്കോബായക്കാര്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. ബഹു. കോടതിയില്‍ നിന്ന് ശവസംസ്‌ക്കാരം സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉള്ളതിനാല്‍ അതിന് മുകളില്‍ ഓര്‍ഡിനന്‍സും ബില്ലും ഒക്കെ കൊണ്ടു വരുന്നത് അരാജകത്വം സൃഷ്ടിക്കുന്നതിനു മാത്രമാണ്. ശവസംസ്‌ക്കാര ബില്‍ വന്നതിനുശേഷം ഉത്തരവാദികള്‍ ഇല്ലാതെ സഭയുടെ സെമിത്തേരികള്‍ മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. നീതിന്യായ കോടതികള്‍ ഇടപെടും എന്ന് കരുതുന്നു.

14. ഓര്‍ത്തഡോക്‌സ് സഭ ഉന്നയിക്കുന്ന ദേശീയതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് മാര്‍ത്തോമാ ശ്ലീഹാ ഇന്ത്യാക്കാരനായിരുന്നുവോ, യേശുക്രിസ്തു ഇന്ത്യാക്കാരനായിരുന്നുവോ എന്ന പാത്രിയര്‍ക്കീസ് ബാവായുടെ ചോദ്യങ്ങള്‍ക്ക് എന്തു മറുപടിയാണ് നല്‍കുവാനുള്ളത്?

ഇതൊരു യുക്തിചിന്തയുടെ ഭാഗമാണ്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ സാധാരണക്കാരായ ആരെങ്കിലും ഉന്നയിച്ചാല്‍ മനസിലാക്കാം. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളില്‍ ഒന്നിന്റെ പ്രധാന മേലധ്യക്ഷന്‍ തന്നെ ഇങ്ങനെയൊരു യുക്തിചോദ്യം ഉന്നയിച്ചാല്‍ മറുപടി നല്‍കേണ്ടത് മറ്റ് പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളാണ്. എന്തായാലും ഏതെങ്കിലും ഒരു സഭയുടെ മാത്രം മേലധ്യക്ഷന്‍ കര്‍ത്താവാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ വിശ്വസിക്കുന്നില്ല. മേലദ്ധ്യക്ഷന്മാര്‍ കര്‍ത്താവിനെ പ്രതിനിധീകരിക്കുന്നു എങ്കില്‍ അത്തരമൊരു പ്രതിനിധി ഭാരതത്തിലുമുണ്ടെന്ന് മനസിലാക്കിയാല്‍ നന്ന്. മലങ്കര സഭ ഒരു വിദേശ ക്രൈസ്തവ സഭയേയോ അവിടുത്തെ മേലധ്യക്ഷന്മാരെയോ ഒരിക്കലും എതിര്‍ക്കുന്നില്ല. എല്ലാവരേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ മലങ്കര സഭയുടെ മേല്‍ അടിമനുകം കൊണ്ടുവന്നാല്‍ അത് ആരായാലും സ്വീകരിക്കുക പ്രയാസമാണ്. അത് എതിര്‍ക്കുക തന്നെ ചെയ്യും. ഏകം, വിശുദ്ധം, കാതോലികം, അപ്പോസ്‌തോലികം എന്ന് കോപ്റ്റിക്-എത്യോപ്യന്‍- അര്‍മീനിയന്‍ -സിറിയന്‍ സഭകള്‍ ഉരുവിടുന്നതുപോലെയാണ് മലങ്കര സഭയും ഉരുവിടുന്നത്. ഈ സഭകളൊക്കെ അതാത് ദേശത്തെ ദേശീയ സഭകള്‍ തന്നെയാണ്. അവരവരുടെ ദേശത്തിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ടുതന്നെ അവര്‍ മുന്നോട്ടുപോകുന്നു. മലങ്കര സഭയും അങ്ങനെതന്നെ മുന്നോട്ടുപോകാന്‍ സുറിയാനി സഭ ഉള്‍പ്പെടെയുള്ള മറ്റ് ക്രൈസ്തവ സഭകള്‍ അനുവദിക്കണം. മറ്റെല്ലാ സഭകളും അത് അംഗീകരിക്കുന്നു. അന്ത്യോഖ്യന്‍ സുറിയാനി സഭയും അത് അംഗീകരിച്ചെങ്കിലേ മതിയാകൂ. ഭാരതത്തിന്റെ പരമോന്നത കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്ന ന്യായവിധികള്‍ മാനിക്കുകയെന്ന സാമാന്യമര്യാദ പ. പാത്രിയര്‍ക്കീസ് ബാവായും പാത്രിയര്‍ക്കീസ് വിഭാഗവും കാട്ടിയാല്‍ മലങ്കരസഭയില്‍ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പാത തെളിയും.

15. എപ്പോള്‍ വേണമെങ്കിലും കേരളത്തില്‍ ചര്‍ച്ചയ്ക്ക് വരാന്‍ തയ്യാറാണെന്ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അഭിമുഖത്തില്‍ പറയുന്നുണ്ടല്ലോ. എന്താണ് അഭിപ്രായം?

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ വരേണ്ടïരീതിയില്‍ മലങ്കരയില്‍ എത്തിയാല്‍ അദ്ദേഹത്തിന് സുസ്വാഗതം. ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് വിഭാഗം അദ്ദേഹത്തിന് നല്‍കി വരുന്ന ആദരവിന്റെ പത്തിരട്ടി ആദരവ് നല്‍കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പോഴും തയ്യാറാണ്. എന്നാല്‍ അങ്ങനെയൊരു പ്രത്യാശ ഇപ്പോള്‍ മലങ്കര സഭയ്ക്കുണ്ടെന്ന് കരുതുന്നില്ല. പരിശുദ്ധ അപ്രേം കരീം പാത്രിയര്‍ക്കീസ് ബാവ സ്ഥാനമേറ്റപ്പോള്‍ പുറപ്പെടുവിച്ച പ്രസ്താവനകളും എഴുത്തുകളും മലങ്കര സഭയ്ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രഥമ മലങ്കര സന്ദര്‍ശനം മുതല്‍ ഇന്നയോളമുള്ള പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും പ്രതീക്ഷക്ക് ഒട്ടും വക നല്‍കുന്നതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഇപ്പോഴത്തെ ചില നേതാക്കന്മാരൊക്കെ അതു തുറ ന്നു സമ്മതിക്കുന്നില്ലെങ്കിലും അവരുടെ ഉള്ളിലുള്ള ചിന്തയും ഇതാണെന്നാണ് വിചാരം. അതുകൊണ്ടാണ് ‘ഈ ഇരുമ്പുനുകം എത്രനാള്‍ സഹിക്കേണ്ടിവരും’ എന്ന പ്രസ്താവന പോലും അവരുടെ ചില പ്രധാന നേതാക്കന്മാര്‍ രേഖാപരമായിത്തന്നെ ഇറക്കിയിട്ടുള്ളത്. സമീപകാലത്തായി ക്‌നാനായ വിഭാഗത്തില്‍ രൂപം കൊണ്ടï തര്‍ക്കങ്ങളും സമൂഹം അറിഞ്ഞതാണ്. പ. അന്ത്യോഖ്യ പാത്രീയര്‍ക്കീസന്മാരുടെ ലക്ഷ്യമെന്തെന്ന് ഉത്തമബോധ്യമുള്ളതിനാല്‍ മലങ്കര സഭയുടെ ഭരണഘടനയും ഭാരതത്തിലെ നീതിന്യായ കോടതികള്‍ നല്‍കിയിരിക്കുന്ന നിയമവും അനുസരിക്കുന്നവര്‍ക്ക് മാത്രമേ മലങ്കര സഭയില്‍ സ്ഥാനമുണ്ടാവുകയുള്ളൂ എന്ന് വീണ്ടും ഉറപ്പിക്കേണ്ടിയിരിക്കുന്നു. അതിനപ്പുറമായ ഒരു ചിന്ത ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ചര്‍ച്ചകളും ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുവാന്‍ തയ്യാറാണെന്ന് പറയുന്നവരും ലക്ഷ്മണരേഖയ്ക്ക് അപ്പുറത്ത് നില്‍ക്കുന്നത് തന്നെയാണ് ഉചിതം. മലങ്കരസഭ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നത് പ. പാത്രീയര്‍ക്കീസ് ബാവായോട് തന്നെയാണ്. അതിനുവേണ്ടി സഭ പല പ്രാവശ്യം ശ്രമിച്ചിട്ടുമുണ്ട്.

16. മലങ്കര സഭയിലെ ചില പള്ളികളോട് ചേര്‍ന്ന് ചില മതമൈത്രി സഭാഘടനകളും രാഷ്ട്രീയ നേതാക്കന്മാരും ചില നിയമജ്ഞര്‍പോലും പാത്രിയര്‍ക്കീസ് വിഭാഗത്തിനുവേണ്ടി പ്രത്യക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. എന്താണ് അഭിപ്രായം?

നീതിബോധവും നിയമബോധവുമുള്ള ഒരു പൗരന് മനസിലാക്കുവാന്‍ കഴിയാത്ത ഒന്നായിട്ടാണ് ഈ പിന്താങ്ങലിനെ മനസിലാക്കുന്നത്. പള്ളികളുടേയും വിശ്വാസത്തിന്റേയും സംരക്ഷണമാണ് പിന്താങ്ങലുകാരുടെ ലക്ഷ്യം എന്നൊക്കെയാണ് കേള്‍ക്കുന്നത്. പള്ളിക്കും വിശ്വാസത്തിനും ഭീഷണിയും ജീര്‍ണതയും സംഭവിക്കുമ്പോഴാണ് സംരക്ഷണം ആവശ്യമാകുന്നത്. നിയമം അനുസരിക്കാത്ത ചില ആളുകള്‍ പള്ളികള്‍ കൈയ്യേറി പിടിച്ചെടുത്തശേഷം ദീര്‍ഘവര്‍ഷങ്ങളായി അഴിമതിയിലൂടേയും കൊള്ളിവയ്പിലൂടേയും ഭരണം കൈയ്യാളിയപ്പോള്‍ അതിന്റെ ഗുണഭോക്താക്കളായി ചില ദേശവ്യാപാരികളും രാഷ്ട്രീയക്കാരും നിയമജ്ഞരും നിയമപാലകരും ഭരണകര്‍ത്താക്കളുമൊക്കെ മാറിയിട്ടുണ്ടെന്നത് പരസ്യമായി വിളിച്ചുപറയുവാന്‍ സാധിക്കാത്ത ചില യാഥാര്‍ത്ഥ്യങ്ങളാണ്. ദീര്‍ഘനാളുകളിലെ വ്യവഹാരങ്ങളുടെ ഫലമായി ലഭിച്ച നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കി പള്ളികളില്‍ നിയമം പുനഃസ്ഥാപിക്കുന്നതുവഴി പള്ളികള്‍ക്കോ വിശ്വാസത്തിനോ പള്ളി ആചാരങ്ങള്‍ക്കോ വിശ്വാസികള്‍ക്കോ എന്ത് നാശമാണ് സംഭവിക്കുന്നത്? അടുത്ത കാലത്തായി ഒരു സ്ഥലത്തെ ‘മതമൈത്രിക്കാര്‍’ കോടതിയില്‍ സഭാക്കേസില്‍ കക്ഷി ചേരാന്‍ ചെന്നപ്പോള്‍ കോടതിയുടെ പ്രതികരണം മാധ്യമങ്ങള്‍ വഴി ഏവരും മനസിലാക്കിയതാണ്. ‘മെത്രാന്‍ കക്ഷികള്‍ പള്ളി പിടിച്ചെടുക്കാന്‍ വരുന്നു’ എന്ന് ബഹളമുണ്ടാക്കുമ്പോള്‍ അതിലെ സത്യാവസ്ഥ മനസിലാക്കുവാന്‍ ശ്രമിക്കാതെ വിഘടിത വിഭാഗത്തിന് പിന്താങ്ങല്‍ നല്‍കുന്ന സ്വാര്‍ത്ഥമതികളായ രാഷ്ട്രീയ നേതാക്കന്മാരുടേയും ‘മതമൈത്രി സംഘങ്ങളുടേയും’ നിയമജ്ഞന്മാരുടേയും മതനേതാക്കന്മാരുടേയും എന്തിനോ വേണ്ടി അവര്‍ക്ക് അമിതമായ വാര്‍ത്താപ്രാധാന്യം നല്‍കുന്ന ചില മാധ്യമ പടയാളികളുടേയും (ഇങ്ങനെ ചെയ്യുന്ന ആളുകളെ മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്) പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ‘പണത്തിനു മീതെ പരുന്തും പറക്കില്ല’ എന്ന പഴമൊഴി മാത്രമാണ് ഓര്‍മ്മ വരുന്നത്. സമൂഹത്തില്‍ നിയമം നടപ്പിലാക്കുന്നതിന് തടസമുണ്ടാക്കുന്ന നിയമപാലകരുടെ പ്രവര്‍ത്തനരീതികള്‍ കാണുമ്പോള്‍ മറ്റെന്തെങ്കിലും പഴമൊഴി കെണ്ട് അതിനെ നിര്‍വ്വചിക്കുവാന്‍ പറ്റുമോ? എന്തായാലും ഒരു കാര്യത്തില്‍ ഉറപ്പുണ്ട്. ഇന്ത്യ വ്യക്തമായ ഭരണഘടനയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. അതിന് നിയമങ്ങളും അവ നടപ്പിലാക്കുവാനുള്ള സംവിധാനങ്ങളുമുണ്ട്. യഥാസമയത്ത് അത് നടന്നുകൊള്ളും. നിയമം നടപ്പിലാക്കുമ്പോള്‍ ഒരു പള്ളിക്കും ഒരു വിശ്വാസിക്കും ഒരു നാശവും ഉണ്ടാകുകയില്ല. പിന്നെയോ നിയമവിധേയരല്ലാത്ത ചില വൈദീക വേഷധാരികള്‍ക്കും നിയമമില്ലാത്ത ചില പള്ളി ഭരണക്കാര്‍ക്കും അവരെ പുറമെ നിന്ന് പിന്താങ്ങുന്ന സ്വാര്‍ത്ഥമതികളായ മതമൈത്രി എന്നൊക്കെ സ്വയം പേരിട്ട് വിളിക്കുന്നവര്‍ക്കുമൊക്കെ ചില നഷ്ടങ്ങള്‍ ഉണ്ടായി തുടങ്ങുമെന്നേയുള്ളൂ.

17. കേരളത്തിലെ സഭാതര്‍ക്കം ചിലപ്പോള്‍ ക്രമസമാധാനത്തെപ്പോലും ബാധിക്കുന്നുണ്ട്, എന്താണഭിപ്രായം?

അതില്‍ അല്‍പം ശരിയുണ്ട്. അത് അങ്ങേയറ്റം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. നിഷ്പക്ഷമതികളായവര്‍ ഇതിനെക്കുറിച്ച് ഒരു ശരിയായ വിശകലനം നടത്തേïതുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഒരിക്കല്‍പ്പോലും പള്ളി പിടിച്ചെടുക്കുവാനോ പള്ളി കൈയ്യേറുവാനോ പോയിട്ടില്ല. അവരെ ആ രീതിയില്‍ വിശേഷിപ്പിക്കുന്നത് പള്ളികള്‍ കൈയ്യേറി പിടിച്ചു വച്ചിരിക്കുന്നവരും നിയമസാധുതയില്ലാത്തവരും അവരെ പിന്താങ്ങുന്നവരുമാണ്. ക്രമസമാധാനപ്രശ്‌നം സമൂഹത്തില്‍ ഉണ്ടാക്കുന്നവരും അവര്‍ തന്നെയാണ്. ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ ഉത്തരവാദിത്തം അവര്‍ ഭംഗിയായി നിറവേറ്റിയാല്‍ കേരളത്തില്‍ സഭാതര്‍ക്കം സംബന്ധിച്ചുള്ള ഒരു ക്രമസമാധാനപ്രശ്‌നവും ഉണ്ടാകുകയില്ലെന്ന് ഉറപ്പാണ്. നീതിന്യായ കോടതികളില്‍ നിന്ന് വിധിന്യായങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അവ നടപ്പിലാക്കിയേ പറ്റുകയുള്ളൂ എന്ന് കോടതി നിര്‍ബന്ധിക്കുമ്പോഴെങ്കിലും നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഒരിടത്തും ക്രമസമാധാനപ്രശ്‌നം ഉണ്ടാകില്ല. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതുകൊണ്ടാണ് ക്രമസമാധാനപ്രശ്‌നം ഉണ്ടാകുന്നതെന്ന ഒരു ചിന്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. കാരണം മലങ്കര സഭയുടെ ഒരു ദേവാലയത്തില്‍ നിന്നും വിശ്വാസികള്‍ വിട്ടുപോകണമെന്ന് ഏതെങ്കിലും നീതിന്യായ കോടതിയോ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയോ ഇതുവരേയും ഒരിടത്തും പറഞ്ഞിട്ടില്ല. സമാന്തര ഭരണം പാടില്ലയെന്നു മാത്രമേ കോടതിയും സഭയും പറയുന്നുള്ളൂ. ഒന്നുകില്‍ നിയമം പാലിച്ചുകൊണ്ട് സഭയില്‍ സന്തോഷപൂര്‍വ്വം നിന്ന് ഒന്നായി ആരാധിക്കുക; അല്ലെങ്കില്‍ തന്നിഷ്ടപ്രകാരം ആരാധന നടത്താവുന്ന മറ്റു മാര്‍ഗ്ഗങ്ങള്‍ തേടി പോവുക. സഭയെ ഉപദ്രവിക്കാതിരിക്കുക. ഇതൊരു സാധാരണ തത്വമല്ലേ?

18. വിശ്വാസപരമായ കാര്യങ്ങള്‍ സഭാതര്‍ക്കത്തിന് കാരണമാണോ?

മലങ്കര സഭാതര്‍ക്കം എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന വിഷയത്തില്‍ വിശ്വാസപരമായ എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാകൂട്ടായ്മയില്‍ ഇപ്പോഴുമുള്ള രണ്ട് സജീവ കുടുംബങ്ങളാണ്. അടിസ്ഥാനപരമായ എല്ലാ വിശ്വാസകാര്യങ്ങളിലും വ്യത്യസ്തത ഇല്ലാതെ പോകുന്നു എന്നതിനാലാണ് അങ്ങനെ നിലനില്‍ക്കുന്നത്. എന്നാല്‍ രണ്ട് പ്രധാന വിശ്വാസ വിഷയങ്ങള്‍ സഭാതര്‍ക്കത്തിന്റെ ഉള്ളില്‍ കടന്നു വന്നിട്ടുണ്ട്:
a) പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായ്ക്ക് പട്ടത്വം ഇല്ലെന്ന് കാണിച്ചുകൊണ്ട് പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് യാക്കോബ് ത്രിതീയന്‍ ബാവ പുറപ്പെടുവിച്ച 203-ാം നമ്പര്‍ കല്‍പന. ആ കല്‍പന 1971-ല്‍ പുറപ്പെടുവിച്ചതാണ്. അദ്ദേഹമോ അദ്ദേഹത്തിന്റെ പിന്‍ഗാമികളോ അത് ഇതുവരേയും പിന്‍വിലിച്ചിട്ടില്ല. ഇക്കാര്യം പുറത്തുപറയാന്‍ പാത്രിയര്‍ക്കീസ് പക്ഷം ഇപ്പോള്‍ അധികം ശ്രമിക്കാറില്ല.
b ) ശ്ലൈഹീകതയുടെയും പട്ടത്വത്തിന്റെയും ഉറവിടം പരിശുദ്ധ പത്രോസ് ശ്ലീഹാ മാത്രമാണെന്ന പഠിപ്പിക്കല്‍. എന്തായാലും അങ്ങനെയൊരു പഠിപ്പിക്കല്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളിലോ ബൈസന്റയിന്‍ ഓര്‍ത്തഡോക്‌സ് സഭകളിലോ ഇല്ലെന്നതാണ് സത്യം. ഓര്‍ത്തഡോക്‌സുകാരോടുള്ള അകലം കൂട്ടുവാന്‍വേണ്ടി കേരളത്തിലെ പാത്രിയര്‍ക്കീസ് വിഭാഗം മാത്രം കൊണ്ടുവന്ന ചിന്തയാണത്. എന്തായാലും ഈ രണ്ട് തെറ്റുകളും ഉണ്ടായിരിക്കുന്നത് പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ നിന്നാണ്. തിരുത്തേണ്ടത് അവരാണ്. ഇല്ലെങ്കില്‍ കാലക്രമേണ മറ്റ് പൗരസ്ത്യ സഭകള്‍ ഇതില്‍ ഇടപെട്ടുകൊള്ളും എന്ന് ആശിക്കുന്നു.

19. സഭാവിഷയത്തില്‍ ഇപ്പോള്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്?

സഭാവിഷയത്തില്‍ ബഹു. സുപ്രീം കോടതി നല്‍കിയിരിക്കുന്ന വിധി നടപ്പിലാക്കി സഭയില്‍ ഐക്യവും സമാധാനവും വരുത്തുക എന്നതല്ലാതെ മറ്റൊരു നിലപാട് സ്വീകരിക്കുവാന്‍ നമുക്ക് അനുവാദമില്ലല്ലോ. മലങ്കര സഭ ഇന്ന് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്്. പ്രധാന പ്രശ്‌നം കോടതിവിധി പുറപ്പെടുവിക്കപ്പെട്ട സമയം മുതല്‍ പല കേന്ദ്രങ്ങളില്‍നിന്നും പുറത്തുവരുന്ന അസത്യപ്രസ്താവനകളും വ്യക്തിഹത്യകളുമാണ്. കൃത്യമായി പറഞ്ഞാല്‍ 2017 ജൂലൈ 3-ന് വിധി വന്നുവെങ്കില്‍ ജൂലൈ 8-ലെ മംഗളം പത്രത്തില്‍ ആദ്യ വ്യാജവാര്‍ത്ത വന്നു. മലങ്കര സഭ ഭരണഘടനയെക്കുറിച്ചായിരുന്നു അത്. വ്യാജവാര്‍ത്തകളുടെ തുടര്‍കഥകള്‍ വിവിധ മാധ്യമങ്ങള്‍ വഴി ഇന്നും തുടരുന്നു. നിയമവിധേയമായി സഭ ഒന്നാവുകയാണെങ്കില്‍ തങ്ങള്‍ക്കുണ്ടായേക്കാവുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള ബോധ്യമുള്ളതുകൊണ്ടായിരിക്കാം അവര്‍ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും പ്രസ്താവിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കോടതി ഉത്തരവുകള്‍ ഉണ്ടാകുമ്പോള്‍ അവയിലുണ്ടാകുന്ന ഗുണപരമായ കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശൈലി അകത്തുള്ളവരും പുറത്തുള്ളവരും തിരുത്തേണ്ടതുണ്ട്. വോട്ടിന് മാത്രം ജീവിക്കുന്ന ചില രാഷ്ട്രീയ നേതാക്കളും പണത്തിനു വേണ്ടി മാത്രം എന്തും പറയുവാന്‍ തയ്യാറായിരിക്കുന്ന കേസില്ലാ നിയമജ്ഞരും സത്യത്തെ മനസിലാക്കിയിട്ടും ശരിയായത് വെളിപ്പെടുത്താതെ സെന്‍സേഷന്‍ വാര്‍ത്തകള്‍ മാത്രം സൃഷ്ടിക്കുന്ന ചില മാധ്യമങ്ങളും സത്യം വിളിച്ചുപറഞ്ഞാല്‍ തങ്ങളുടെ പൂര്‍വ്വീകര്‍ പണ്ട് ചെയ്തുകൂട്ടിയ പലതും തെറ്റായിരുന്നുവെന്ന് പറയേണ്ടിവരും എന്നതുകൊണ്ട് അസത്യത്തോടൊപ്പം നിലകൊള്ളാമെന്ന് ചിന്തിച്ച് ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവനകള്‍ ഇറക്കുന്ന ചില ക്രൈസ്തവ നേതാക്കളും മലങ്കര സഭയുടെ പള്ളികളില്‍ നിയമം നടപ്പിലാക്കി ശ്വാശത സമാധാനമുണ്ടാക്കുന്നതിന് തടസ്സങ്ങളാണ്. സഭയേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളേയും തങ്ങളുടെ സ്ഥാനങ്ങളേയും സ്‌നേഹിക്കുന്ന വൈദീകസ്ഥാനികളുള്‍പ്പെടെ ചില വ്യക്തിത്വങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടെന്നുള്ളതും വിസ്മരിച്ചുകൂടാ.

ഐക്യവും സമാധാനവുമാണ് സഭയുടെ ലക്ഷ്യം. ബഹു. കോടതിയും അതുതന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1958-ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലുണ്ടായ സമാധാനവഴി നിലച്ചുപോയതും 1995-ലെ വിധിക്ക് ശേഷം ബഹു. കോടതിയുടെ നിരീക്ഷകന്റെ സാന്നിദ്ധ്യത്തില്‍പോലും സമാധാനചര്‍ച്ചകള്‍ തകര്‍ക്കപ്പെട്ടതും തുടര്‍ന്നുമുണ്ടാകാതി രിക്കാനാണ് 2017 ജൂലൈ 3-ന് വ്യക്തമായ നിര്‍ദ്ദേശങ്ങളോടെയുള്ള വിധി ഉണ്ടായിരിക്കുന്നത്. അത് മനസ്സിലാക്കികൊണ്ട്് തന്നെയാണ് 2017 ജൂലൈ 11-ന് 185/2017 നമ്പറായി സമാധാനവും ഐക്യവും ആഹ്വാനം ചെയ്തുകൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പൊതു കല്പന പുറപ്പെടുവിച്ചത്. 2017 ഓഗസ്റ്റ് മാസത്തില്‍ ചേര്‍ന്ന പ. സുന്നഹദോസ് അത് അംഗീകരിക്കുകയും ഐക്യത്തിന്റെ ആഹ്വാനം നടത്തുകയും ചെയ്തിട്ടുണ്ട്. അതേമാസം ചേര്‍ന്ന സഭയുടെ അസ്സോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയും അതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 2018 ഫെബ്രുവരിയില്‍ കൂടിയ പ. സുന്നഹദോസ് പ്രഖ്യാപിച്ച പൊതു പ്രസ്താവനയില്‍ പറയുന്നത് ഇപ്രകാരമാണ്: ‘മലങ്കര സഭാ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നു, സ്പര്‍ദ്ധയും വിദ്വേഷവും വെടിഞ്ഞ് ഒരു ആരാധനാ സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നുവരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിനുവേണ്ടി. ഈ ലക്ഷ്യത്തെ ദോഷകരമായി ബാധിക്കുന്ന യാതൊരു നടപടിയും മലങ്കരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുകയില്ല. എന്നാല്‍ നീതി നിര്‍വഹണമുണ്ടാകുന്നത് ഇനിയും വൈകികൂടാ എന്ന് സഭയ്ക്ക് നിര്‍ബന്ധമുണ്ട്. സഭയില്‍ ഐക്യവും സമാധാനവും സമ്പൂര്‍ണ്ണമാകുന്നതുവരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുവാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യത്തിന് ഏവരുടെയും സഹായവും പങ്കാളിത്തവും ദൈവനാമത്തില്‍ ഉണ്ടാകണമെന്ന് പ. സുന്നഹദോസ് ആഗ്രഹിക്കുന്നു. ‘2018-ലെ സുന്നഹദോസിന് ശേഷം സുന്നഹദോസ് പ്രതിനിധികളും സഭാസ്ഥാനികളും മറ്റു വ്യക്തിത്വങ്ങളുമടങ്ങുന്ന സമിതി പ. കാതോലിക്കാ ബാവാ തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയില്‍ പല പ്രാവശ്യം കൂടുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിടുള്ളതാണ്.

സഭയുടെ വിഷയങ്ങളില്‍ മനസ്സ് സ്ഥിരമായി വ്യാപൃതമാവുക എന്നത് സഭാ സ്‌നേഹിയായ ഏതൊരാളിന്റെയും സ്വഭാവ സവിശേഷതയാണ്. എന്നാല്‍ അതുവഴിയുണ്ടാകുന്ന ചിന്തകളുടെ ആരംഭവും അവയുടെ പ്രവാഹവും ദിശതെറ്റിയതൊ പദഭ്രംശം സംഭവിച്ചതോ ആയാല്‍ ചിന്തകളുടെ സാംഗത്യം തന്നെ ചോദ്യം ചെയ്യപെടാവുന്നതാണ്. സഭയെ സംബന്ധിച്ച ഭാരം സാന്ദര്‍ഭികമായി ഒരാളില്‍ രൂപംകൊള്ളുന്ന മാനസിക അവസ്ഥയല്ല. ശിഷ്യന്മാരില്‍നിന്ന് ഒരു വിളിപ്പാടകലത്തിലേക്ക് മാറിപോയി സ്വന്ത പിതാവിന്റെ സന്നിധിയില്‍ ഹൃദയവിചാരങ്ങളുടെ രക്തം വിയര്‍പ്പു തുള്ളികളായി ഒഴുക്കിയ നമ്മുടെ കര്‍ത്താവിന്റെ ഹൃദയത്തിലെ ഭാരവും ഇതുതന്നെയായിരുന്നുവല്ലോ. കര്‍ത്താവിന്റെ മനുഷ്യാവതാരത്തിന്റെ പി ന്തുടര്‍ച്ചയായ സഭയെ അതിലെ പിതാക്കന്മാര്‍ ഇതേഭാരം പേറിക്കൊണ്ടു തന്നെയാണ് ഇന്നുവരെയും ദൈവത്തിന്റെ പരിശുദ്ധാത്മാവില്‍ നയിച്ചിട്ടുള്ളത്. സഭാ ബന്ധത്തില്‍ നിന്ന് അന്യപ്പെട്ടൊരു ലോകവും ജീവിതവും നമുക്കില്ലല്ലോ. സ്ഥിരമായി ഒന്നായിപോകുക എന്ന ലക്ഷ്യമാണ് ഓരോ കോടതി വിധിയും നമുക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത്തരം നന്മകള്‍ ചില നിഷിപ്ത താത്പര്യക്കാരുടെ അനാവശ്യ ഇടപെടലുകള്‍ മൂലം തമസ്‌ക്കരിക്കപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സംഗതികളാണ് നാം കാണുന്നത്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ആദിമ ക്രൈസ്തവ നേതൃത്വം കൂട്ടായി പരിശ്രമിച്ചത് വര്‍ത്തമാനകാല പ്രശ്‌നപരിഹാരത്തിന്റെ സാഹചര്യവുമായി കൂട്ടിവായിക്കുമ്പോള്‍ വര്‍ത്തമാനകാലത്തെ ചിലരുടെ മുന്‍കാല ചെയ്തികള്‍ നമ്മുടെ കാഴ്ച്ചകള്‍ക്കപ്പുറത്തേയ്ക്ക് തള്ളിക്കളയാനാകില്ല. ആരെയും പുറത്താക്കികൊണ്ടോ പിന്‍ തള്ളിക്കൊണ്ടോ സമാധാനം സ്ഥാപിക്കുവാനല്ല; മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇനിയൊരു പിഴവിലേക്ക് വഴിതുറക്കാതവണ്ണം സ്വയം സംരക്ഷിക്കുവാനും പരിരക്ഷിച്ചു പോരുന്ന നിലപാടുകളുടെ സംരക്ഷണത്തിനും വേണ്ടി നിയമ പ്രാബല്യത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട്് മാത്രം വിട്ടുവീഴ്ച്ച ചെയ്യുവാന്‍ എപ്പോഴും സഭ ഒരുക്കമാണ്. അതിനെ നേതൃത്വ ത്തിലിരിക്കുന്നവരുടെ വീക്ഷണരാഹിത്യമോ സ്വാര്‍ത്ഥതയോ ആയി വിലയിരുത്തപ്പെടുന്നുണ്ടെങ്കില്‍ നിര്‍ഭാഗ്യകരമാണ്.

ഒരു കാര്യം ഉറപ്പാണ്. ഏതു തടസമുണ്ടായാലും സത്യം മരിക്കുകയില്ല. അത് നിരങ്ങിയാണെങ്കിലും ഒരിക്കല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. കാലാകാലങ്ങളായി പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ കൈയ്യടക്കി വച്ചിരുന്ന നാല്‍പതിലധികം പള്ളികള്‍ മലങ്കര സഭയുടെ ഭരണക്രമത്തില്‍ വന്നുകഴിഞ്ഞു. ഒന്നു
പോലും ഓര്‍ത്തഡോക്‌സ് സഭ കൈയ്യേറിയതോ പിടിച്ചെടുത്തതോ അല്ല. നീതിന്യായ കോടതികളുടെ വിധികള്‍ നിയമപരമായി നടപ്പിലാക്കിയപ്പോള്‍ സംഭവിച്ചതാണ്. സത്യം അതിന്റെ പൂര്‍ണതയിലെത്തണം. അനുതാപത്തിന്റെ ആത്മാവ് നിയമനി ഷേധകരില്‍ ഉണ്ടെന്ന സഭയുടെ ബോധ്യമാണ് അനുരജ്ഞനത്തിലേക്കും സ്വീകരണത്തിലേക്കുമുള്ള പാതതെളി യിക്കുന്നത്. ഒരു വിശ്വാസിയും അവിടെ തോല്‍ക്കില്ല, തോല്‍ക്കാന്‍ പാടില്ല. തോല്‍ക്കാത്ത വിശ്വാസികള്‍ ഒരുമിച്ചു വന്നാല്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിന്യായത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നതുപോലെയുള്ള തുടര്‍ ചര്‍ച്ചകളും പ്രായോഗികതകളും ഉണ്ടാകും. സഭയില്‍ ശാശ്വത സമാധാനം നിലവില്‍ വരും.

മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പളളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍

മുളന്തുരുത്തി:  മാര്‍ത്തോമ്മന്‍ പളളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകക്ക് കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിക്കും.  മാര്‍ച്ച് 28 ന് 6ന് പ്രഭാത നമസ്‌ക്കാരം. 7ന് വിശുദ്ധ കുര്‍ബ്ബാനയും കുരുത്തോല വാഴ്‌വും. വൈകിട്ട് 6ന് സന്ധ്യാ നമസ്‌ക്കാരം.

ഏപ്രില്‍ 1ന് പുലര്‍ച്ചെ 2 മണിക്ക് രാത്രി നമസ്‌ക്കാരം, പ്രഭാത നമസ്‌ക്കാരം, മൂന്നാം മണി നമസ്‌ക്കാരം, ആറാം മണി നമസ്‌ക്കാരം, വിശുദ്ധ കുര്‍ബ്ബാന. ഉച്ചകഴിഞ്ഞ് 2.30ന് ഒന്‍പതാം മണി നമസ്‌ക്കാരം, കാല്‍കഴുകല്‍ ശുശ്രൂഷ. 6ന് സന്ധ്യാ നമസ്‌ക്കാരം.

2ന് പുലര്‍ച്ചെ 5ന് രാത്രി നമസ്‌ക്കാരം, 8ന് പ്രഭാത നമസ്‌ക്കാരം, മൂന്നാം മണി നമസ്‌ക്കാരം. 10.45 ന് ഒന്നാം പ്രദക്ഷിണം. 1ന് സ്ലീബാ വന്ദനവ്, കബറടക്കം. വൈകിട്ട് 6ന് സന്ധ്യ നമസ്‌ക്കാരം.

3ന് പുലര്‍ച്ചെ 5ന് രാത്രി നമസ്‌ക്കാരം. 9.30ന് പ്രഭാതനമസ്‌ക്കാരം, മൂന്നാം മണി നമസ്‌ക്കാരം, ആറാം മണി നമസ്‌ക്കാരം, ഒന്‍പതാം മണി നമസ്‌ക്കാരം.11 ന് വിശുദ്ധ കുര്‍ബ്ബാന. 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന.

4ന് പുലര്‍ച്ചെ 2 ന് രാത്രി നമസ്‌ക്കാരം. 2.30ന് ഉയിര്‍പ്പിന്റെ പ്രഖ്യാപനം, പ്രഭാതനമസ്‌ക്കാരം, മൂന്നാം മണി നമസ്‌ക്കാരം, ആറാം മണി നമസ്‌ക്കാരം, ഒന്‍പതാം മണി നമസ്‌ക്കാരം, ഉയര്‍പ്പിന്റെ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന.

പരുമല സെമിനാരിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍

പരുമല: പരുമല സെമിനാരിയിലെ പീഡാനുഭവവാര ശുശ്രൂഷകള്‍ നാളെ തുടങ്ങും. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്  മെത്രാപ്പോലീത്താ കാര്‍മികത്വം വഹിക്കും. നാളെ 7.30 ന് മുന്നിന്മേല്‍ കുര്‍ബാന. 9.15ന് ഓശാന ശുശ്രൂഷ, 6ന് സന്ധ്യാ പ്രാര്‍ത്ഥന, 7ന് ഡോ. സജി വര്‍ഗീസ് അമയില്‍ ധ്യാനം നയിക്കും.
ഏപ്രില്‍ 1ന് പുലര്‍ച്ചെ 2ന് നമസ്‌ക്കാരം. 4.30 ന് കുര്‍ബാന, ഉച്ചക്കഴിഞ്ഞ് 3 ന് കാല്‍കഴുകല്‍ ശുശ്രൂഷ.

2ന് പുലര്‍ച്ചെ 5നും 8നും 9നും നമസ്‌ക്കാരം, 10ന് പ്രദക്ഷിണം, 10.30 ന് പ്രസംഗം. 11ന് നമസ്‌ക്കാരം. 12.30ന് സ്ലീബാ വന്ദനം. കബറടക്ക ശുശ്രൂഷ, 6ന് സന്ധ്യാ പ്രാര്‍ത്ഥന.
3ന് 11 ന് കുര്‍ബാന.
4ന് പുലര്‍ച്ചെ 2ന് നമസ്‌ക്കാരവും ഉയര്‍പ്പ് ശുശ്രൂഷയും. 4.30 ന് ഈസ്റ്റര്‍ കുര്‍ബാന.

നാലാം മാര്‍ത്തോമ്മായുടെ ഓര്‍മ്മപ്പെരുന്നാള്‍

കണ്ടനാട്:  മലങ്കര മെത്രാപ്പോലീത്തായായിരുന്ന മാര്‍ത്തോമ്മാ നാലാമന്റെ  293മത് ഓര്‍മ്മപ്പെരുന്നാളും പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും സംയുക്തമായി 24, 25 തീയതികളില്‍ കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലില്‍  ആചരിക്കും. കണ്ടനാട് വെസ്റ്റ്ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പെരുന്നാള്‍ നടത്തപ്പെടുക. വികാരി റവ. ഐസക്ക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ പെരുന്നാൾ കൊടിയേറ്റ് നടത്തി.

24ന് വൈകിട്ട് 6.00 മണിയ്ക്ക് അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാ നമസ്ക്കാരം. തുടർന്ന് നവീകരിച്ച വി.മദ്ബഹായുടെ കൂദാശ, അനുസ്മരണ പ്രസംഗം, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം.

25ന്  7.30ന് അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാന. തുടർന്ന് വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, കബറിങ്കൽ ധൂപപ്രാർത്ഥന, പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഐസക്ക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ അറിയിച്ചു.

കാതോലിക്കേറ്റ് മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകം -ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ

റാന്നി : മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിന്റെയും ഭാരത സഭയുടെ ദേശീയതയുടെയും പ്രതീകമാണ് കാതോലിക്കേറ്റ് പതാകയും കാതോലിക്കാദിനാഘോഷവും എന്ന്  ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗത്തിന്റെയും സുവിശേഷസംഘത്തിന്റെയും സംയുക്ത വാര്‍ഷികവും സഭാദിനാഘോഷവും റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്റര്‍ ചാപ്പലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലങ്കര സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍ സഭാദിന സന്ദേശം നല്‍കി. സഭയുടെ അത്മായ ട്രസ്റ്റിയായി 10 വര്‍ഷം സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിക്കുകയും നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ ശക്തമായ പിന്തുണ നല്‍കുകയും ചെയ്തിരുന്ന മുത്തൂറ്റ് ശ്രീ.എം.ജി. ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ഫാ.ഷൈജു കുര്യന്‍, ഫാ.വറുഗീസ് ഫിലിപ്പ്, ഫാ.ജോണ്‍ സാമുവേല്‍, ഡോ.റോബിന്‍ പി.മാത്യു, എ.വി.ജോസ്, കെ.സി.മാത്യു എന്നിവര്‍ പ്രസംഗിച്ചു.

പാമ്പാടി പെരുന്നാള്‍ കൊടിയേറി

പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 56-ാം ഓര്‍മ്മപ്പെരുന്നാളിന് പാമ്പാടി ദയറായില്‍ കൊടിയേറി. അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ കാര്‍മികത്വം വഹിച്ചു. ഏപ്രില്‍ 4നും 5നുമാണ് പ്രധാന പെരുന്നാള്‍. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും മറ്റു മെത്രാപ്പോലീത്തമാരും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.

4ന് 6.30ന് പാമ്പാടി സെന്റ് ജോണ്‍സ് കത്തിഡ്രലില്‍ നിന്നും വാഹനങ്ങളില്‍ ദയറായിലേക്ക്
റാസ. ദയറായില്‍ നടത്തുന്ന സന്ധ്യാനമസ്‌ക്കാരത്തിനു പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അനുസ്മരണ പ്രസംഗം. 5ന് പുലര്‍ച്ചെ 5 മണിക്ക് അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. 8 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന പ്രസംഗം, പ്രദിക്ഷിണം, ശൈഹ്ലീക വാഴ്‌വ്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വിശ്വാസികള്‍ക്കു പെരുന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്രമീകരണമുണ്ട്. പെരുന്നാള്‍ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ദയറായുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബിലും ഉണ്ടായിരിക്കും.

കാതോലിക്കേറ്റ് ദിനാഘോഷം

കോട്ടയം/പരുമല : കാതോലിക്കേറ്റ് ദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. പരുമല സെമിനാരിയില്‍ നടന്ന കാതോലിക്കേറ്റ് ദിനാഘോഷങ്ങള്‍ക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്  മെത്രാപ്പോലീത്താ പ്രധാന കാര്‍മികത്വം വഹിച്ചു.

യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌കോപ്പ അന്തരിച്ചു

ന്യൂയോര്‍ക്ക്:  മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികന്‍ യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌കോപ്പ (85)  അന്തരിച്ചു.  അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യ കോറെപ്പിസ്‌കോപ്പയാണ്. സംസ്‌ക്കാരം പിന്നീട്.  പ്രാരംഭ സംസ്‌ക്കാര ശുശ്രൂഷകള്‍ ന്യൂയോര്‍ക്ക് ലോങ് ഐലന്‍ഡ് ലെവിറ്റ് ടൗണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ അഭി. സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ നടക്കും.

ലോങ് ഐലന്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളി വികാരിയാണ്.ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുമ്പഴ ശങ്കരത്തില്‍ കുടുംബാംഗമാണ്. ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മറ്റിയംഗം, അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഭാര്യ : എല്‍സി യോഹന്നാന്‍ (റിട്ട. എന്‍ജിനീയര്‍, നാസോ കൗണ്ടി, ഡി.പി.ഡബ്ല്യു)  മക്കള്‍: മാത്യൂ യോഹന്നാന്‍ ( ഇന്‍വെസ്റ്റമെന്റ് ബാങ്കര്‍), തോമസ് യോഹന്നാന്‍ (കോര്‍പറേറ്റ് അറ്റോര്‍ണി)

നിയമവാഴ്ച ഉറപ്പാക്കാതെ മലങ്കരസഭാന്തരീക്ഷം ശാന്തമാവുകയില്ല -ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

മലങ്കര സഭാ തര്‍ക്കത്തിന്റെ താത്വികവും, ചരിത്രപരവുമായ വസ്തുതകള്‍ സത്യസന്ധമായും സമഗ്രമായും പഠിച്ചാല്‍ മാത്രമേ പ്രശ്‌ന പരിഹാരത്തിന് ഉതകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാവൂ. നിര്‍ഭാഗ്യവശാല്‍ പല തെറ്റിദ്ധാരണകളും, അര്‍ദ്ധസത്യങ്ങളും കൂട്ടിക്കലര്‍ത്തിയ പ്രചരണങ്ങളാണ് മാദ്ധ്യമങ്ങള്‍ മുഖേന പൊതു സമൂഹത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. മലങ്കരസഭ ഈ പ്രശ്‌നത്തില്‍ എടുത്തിട്ടുള്ള നിലപാട് അന്നും ഇന്നും ഒന്നു തന്നെയാണ്. മലങ്കരസഭ എന്തെങ്കിലും നിയമനിഷേധമോ, ഉഭയസമ്മത കരാര്‍ ലംഘനമോ നടത്തിയതുകൊണ്ടല്ല ഈ പ്രശ്‌നം ആരംഭിച്ചത്. സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് അനേകം ചര്‍ച്ചകളില്‍ സഭ സഹകരിച്ചു. എന്നാല്‍ അതുകൊണ്ടൊന്നും തീരാതെ വന്നപ്പോഴാണ് പ്രശ്‌നം കോടതികളുടെ പരിഗനയില്‍ എത്തിയത്. ഇനിയിപ്പോള്‍ ശാശ്വതമായ ഒരു സമാധാനത്തിന് കോടതിവിധി അംഗീകരിക്കേണ്ടത് അനിവാര്യമാണ്. വളരെയധികം തെറ്റിദ്ധാരണകളും അസത്യങ്ങളും മറുവിഭാഗം പരത്തുന്നുണ്ട് എന്നത് സങ്കടകരമായ സംഗതിയാണ്. അത്തരം തെറ്റായ പ്രചരണങ്ങളാണ് ഇന്ന് സമാധാനത്തെ ഏറ്റവും അധികം തടസപ്പെടുത്തുന്നത്.

പള്ളികളുടെ ഉടമസ്ഥത
മലങ്കരസഭയിലെ പുരാതന പള്ളികളെല്ലാം ആരംഭം മുതലേ പാത്രിയര്‍കീസ് വിഭാഗത്തിന്റേതു മാത്രമായിരുന്നു എന്നും അവിടെ നിന്ന് അവരെ പുറത്താക്കി പള്ളി പിടിച്ചെടുക്കുവാന്‍ ഓര്‍ത്തഡോക്‌സ് സഭ ശ്രമിക്കുന്നു എന്നുമുള്ള വ്യാഖ്യാനം സത്യവിരുദ്ധമാണ്. സഭയില്‍ കലഹം ആരംഭിക്കുന്നതിന് ദശാബ്ദങ്ങളും നൂറ്റാണ്ടുകളും മുമ്പ്, ഇന്ന് തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇരുകൂട്ടരുടെയും പൂര്‍വികന്മാര്‍ ഒരുമിച്ചു നിന്ന് പടുത്തുയര്‍ത്തിയ പള്ളികള്‍ എങ്ങിനെ അവരുടെത് മാത്രമാകും. ക്രമീകൃതമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാവരും ചേര്‍ന്ന് ഭരിച്ചുകൊണ്ടിരുന്ന, ഓടയ്ക്കാലി, പിറവം, കോതമംഗലം മുതലായ പള്ളികളില്‍ നിന്ന് 1973-74 കാലത്ത് ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികരെയും ജനങ്ങളെയും ബലപ്രയോഗത്തിലൂടെ പുറത്താക്കി, പിടിച്ചെടുത്ത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാതൊരു വ്യവസ്ഥയുമില്ലാതെ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന പാത്രിയര്‍ക്കീസ് വിഭാഗം, ആ പള്ളികളുടെയെല്ലാം ഏകമാത്ര അവകാശികളാകുന്നതെങ്ങനെയാണ്? അന്നുമുതല്‍ കേസു നടത്തി അന്തിമ വിധി വന്നു, പള്ളികള്‍ എങ്ങിനെ ഭരിക്കപ്പെടണം എന്ന് കോടതികള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. കോടതി നിര്‍ദ്ദേശിച്ച ഭരണക്രമം നടപ്പാക്കാന്‍ മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നത്. ഒരു വിശ്വാസിയും അവിടെനിന്ന് ഇറങ്ങിപ്പോകേണ്ടിവരികയില്ല. ഭരണക്രമം മാറുമ്പോള്‍ തങ്ങളുടെ മേല്‍ക്കൈ നഷ്ടപ്പെടുമെന്നു ഭയക്കുന്ന പാത്രിയര്‍ക്കീസ് വിഭാഗം നേതാക്കള്‍ പൊതുജനത്തെ കള്ളങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ച് പ്രക്ഷോഭണം നയിക്കുവാന്‍ ശ്രമിക്കുകയാണ്. ഏതാനും വര്‍ഷങ്ങളായി പാത്രിയര്‍ക്കീസ് വിഭാഗം കൈയടക്കിവച്ച് അവരുടെ ഭരണക്രമം നടപ്പാക്കിപ്പോരുന്ന പള്ളികളില്‍, പള്ളിഭോഗങ്ങള്‍ കൊടുക്കുന്ന എല്ലാവരും അവരുടെ വിശ്വാസികളാണ് എന്ന പ്രചരണവും മിത്ഥ്യയാണ്. ഭീഷണിയുടെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ നിവൃര്‍ത്തികേടുകൊണ്ടാണ് പലരും ആ വിഭാഗത്തോട് ചേര്‍ന്നു നില്‍ക്കുന്നത് എന്നതല്ലേ പരമാര്‍ത്ഥം? എല്ലാവരും കോടതിവിധി അനുസരിച്ചേ മതിയാകൂ എന്ന സത്യം പാത്രിയര്‍ക്കീസ് വിഭാഗം മനസിലാക്കണം.

വിട്ടുവീഴ്ച ആരോട് എപ്പോള്‍
പലരും പറയുന്ന ഒരു ന്യായമാണ് ‘ഓര്‍ത്തഡോക്‌സ് സഭ കേസ് ജയിച്ചു എങ്കിലും സമാധാനത്തിനുവേണ്ടി വിട്ടുവീഴ്ച ചെയ്യണം’ എന്നത്. അത് ഒരു ക്രിസ്തീയ തത്വമാണെന്ന് സമ്മതിക്കുന്നു. എന്നാല്‍ ക്ഷമിക്കേണ്ടത് അനുതാപികളോടാണ്. തെറ്റിപ്പോയി എന്നും തോറ്റുപോയി എന്നും സമ്മതിക്കുന്നവരോട് ക്ഷമിക്കണം, മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ സഹായിക്കണം എന്ന് ആവശ്യപ്പെടുന്നവരെ സഹായിക്കണം. ശത്രു ആണെങ്കിലും അനുതാപികളോട് ക്ഷമിക്കണം. എന്നാല്‍ എത്ര തോല്‍വി നേരിട്ടാലും വീണ്ടും ധാര്‍ഷ്ഠ്യത്തോടെ അക്രമം കൊണ്ട് അവയെല്ലാം മറി കടക്കാനാണ് പാത്രിയര്‍ക്കീസ് വിഭാഗം ശ്രമിക്കുന്നത്.

1973 മുതല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരെയും ജനങ്ങളെയും പുറത്താക്കി പള്ളികള്‍ പിടിച്ചെടുത്തത് തെറ്റായിരുന്നു എന്ന ബോധ്യം പാത്രിയര്‍ക്കീസ് വിഭാഗത്തിന് ഉണ്ടോ? ഉമ്മിണിക്കുന്ന് പള്ളിയില്‍ ഒരു വൈദികന്റെ പിതാവ് മരിച്ചപ്പോള്‍ കബറടക്കാന്‍ സമ്മതിക്കാതെ 3 ദിവസം വച്ചിരുന്നിട്ട് 30 കാലോമീറ്റര്‍ ദൂരെ മറ്റൊരു പള്ളിയിലെ സെമിത്തേരിയില്‍ കബറടക്കേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചതിനെക്കുറിച്ച് യാക്കോബായ നേതൃത്വത്തിന് അനുതാപമുണ്ടോ? ഓടക്കാലി പള്ളിയില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുവാന്‍ സെമിത്തേരിയുടെ കവാടം പോലും തുറന്നുതരാതിരുന്ന സംഭവങ്ങളെക്കുറിച്ച് അനുതാപമുണ്ടോ? നീണ്ട വര്‍ഷങ്ങള്‍ അനീതിയും അക്രമവും സഹിക്കേണ്ടിവന്നപ്പോള്‍ ഓര്‍ത്തഡോക്‌സ് വിശ്വസികള്‍ വീഴ്‌ത്തേണ്ടി വന്ന കണ്ണുനീരിന് ദൈവം നല്‍കിയ പ്രതിഫലമാണ് 2017 ലെ സുപ്രീംകോടതി വിധി എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

മുന്‍കാലത്ത് നടന്ന പ്രതികരണങ്ങളില്‍ക്കൂടിയാണ് വിട്ടുവീഴ്ച കൊണ്ട് സമാധാനം ഉണ്ടാകുമോ എന്ന് നിശ്ചയിക്കാനാവുന്നത്. 1958 ല്‍ കോടതി അനുവദിച്ച ഭീമമായ കോടതിച്ചിലവ് ഓര്‍ത്തഡോക്‌സ് സഭ സമാധാനത്തിനായി വേണ്ടെന്ന് വച്ചിട്ട് ഫലം എന്തായിരുന്നു? 12 വര്‍ഷം കഴിഞ്ഞപ്പോള്‍ അതേ കാരണങ്ങള്‍ തന്നെ പറഞ്ഞ് യുദ്ധം പുനരാരംഭിച്ചു. അനേക പ്രാവശ്യം സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ട് ലഭിച്ച ഫലം എന്താണ്? കോടതിവിധി നടത്തിപ്പ് താമസിപ്പിക്കുവാനുള്ള ഒരു ഉപാധിയായി ചര്‍ച്ചകളെ ഉപയോഗിച്ചു. ആലുവാ തൃക്കുന്നത്തു സെമിനാരി കബറിങ്കല്‍ കയറി പ്രാര്‍ത്ഥിക്കുവാന്‍ സ്‌നേഹപൂര്‍വ്വം അനുമതി നല്‍കിയതിന്റെ ഫലം, രാത്രിയില്‍ ചാപ്പലില്‍ കയറി നശീകരണം നടത്തുകയും വൈദികരെ മര്‍ദ്ദിക്കുകയും ചെയ്തു. എഗ്രിമെന്റുകള്‍ മാനിച്ച് ആത്മസംയമനം പാലിച്ച മറ്റനേകം സന്ദര്‍ഭങ്ങളും ഓര്‍ത്തഡോക്‌സ് സഭയെ കീഴ്‌പ്പെടുത്താനുള്ള അവസരങ്ങളായി മറുവിഭാഗം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തത്്. ഈ ചരിത്രവസ്തുതകള്‍ അറിഞ്ഞുകൂടാത്തവരും, ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നവരുമാണ് വിട്ടുവീഴ്ച ചെയ്യണം എന്ന് ആവശ്യപ്പെടുന്നത്.

ഇത്രയെല്ലാം സംഭവിച്ചിട്ടും. ഓര്‍ത്തഡോക്‌സ് സഭ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ജനങ്ങളെ ആരാധനാലയങ്ങളില്‍ നിന്നും പുറത്താക്കുന്നില്ല. അവരെ ക്ഷമാപൂര്‍വ്വം ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. എന്നാല്‍ വിധി നടപ്പാകുമ്പോള്‍ സഹകരിക്കാന്‍ തയ്യാറാവാതെ ബഹളമുണ്ടാക്കി സ്വയം ഓടിപ്പോയിട്ട് പള്ളികളില്‍ നിന്ന് പുറത്താക്കി എന്നു പറയുന്നത് സത്യവിരുദ്ധമാണ്.

1934-ലെ ഭരണഘടന
രാജ്യത്തെ കോടതികള്‍ പലപ്രാവശ്യം സാധുവെന്ന് പ്രഖ്യാപിച്ച സഭാഭരണഘടന വ്യാജരേഖയാണെന്ന വാദം അടുത്തകാലത്താണ് പാത്രിയര്‍ക്കീസ് വിഭാഗം ഉയര്‍ത്തുവാന്‍ ആരംഭിച്ചത്. 1958-ല്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ഉള്‍പ്പെടെ, സഭ മുഴുവനും അംഗീകരിക്കുകയും, അതിനുശേഷം കോതമംഗലം, വടകര, കണ്ടനാട്, മുളന്തുരുത്തി മുതലായ സഭയിലെ ഓരോ പള്ളിയും പൊതുയോഗം വിളിച്ചുകൂട്ടി ഇതേ ഭരണഘടന അംഗീകരിക്കുന്നു എന്ന് പാസാക്കുകയും അതനുസരിച്ച് ഭരണം നടത്തുകയും മലങ്കര അസോസിയേഷന്‍, ഭദ്രാസന പൊതുയോഗം മുതലായ സമിതികളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുത്ത് അയയ്ക്കുകയും എല്ലാം ചെയ്തിരുന്നതാണ്. 1967-ല്‍ സഭമുഴുവനും ഒന്നായി ചേര്‍ന്ന് നിന്ന് ഈ ഭരണഘടന ഭേദഗതി ചെയ്തിട്ടുള്ളതാണ്. 1995-ല്‍ അവസാനിച്ച കേസില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രധാന ആവശ്യം അതില്‍ ചില ക്ലോസുകള്‍ ഭേദഗതി ചെയ്യണം എന്നതായിരുന്നു. അത് കോടതി അനുവദിച്ചതനുസരിച്ച് ഭേദഗതി ചെയ്തു. അന്നുണ്ടായിരുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മെത്രാപ്പോലീത്തമാര്‍ എല്ലാവരും ഈ രേഖയ്ക്ക് വിധേയത്വം എഴുതി സമര്‍പ്പിച്ചതാണ്. അന്നൊന്നും ഇല്ലാതിരുന്ന ആരോപണമാണ് ഇന്ന് പുതുതായി ഉയര്‍ത്തിയിരിക്കുന്നത്.

ഭരണഘടനയുടെ ഒറിജിനല്‍ കാണിച്ചാല്‍ മാത്രമേ അത് സാധുവാകൂ എന്ന വാദവും കോടതി തള്ളിയതാണ്. 1934-നുശേഷം അത് പലപ്രാവശ്യം കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. അത് കോടതികള്‍ക്ക് ബോധ്യമായതുകൊണ്ടാണ് കോടതി ഇങ്ങനൊരുകാര്യം വീണ്ടും ആവശ്യപ്പെടാത്തത്. ഭരണപരമായ ക്രമം മാത്രം ഉള്‍ക്കൊള്ളുന്ന രേഖ എന്ന നിലയില്‍ അത് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല എന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.
സ്വന്തലാഭത്തിനായി വേദപുസ്തക വ്യാഖ്യാനം ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവൃത്തികള്‍ ക്രിസ്തീയമല്ല എന്നു കുറ്റപ്പെടുത്തുന്നവര്‍ അനേകരുണ്ട്. അവരില്‍ പലരും സ്വന്തലാഭത്തിനായി വേദപുസ്തകം വ്യാഖ്യാനിക്കുന്നവരാണ്. നിന്റെ അയല്‍ക്കാരന്റെ കണ്ണിലെ കരട് എടുക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് സ്വന്തകണ്ണിലെ കോല് നീക്കണം എന്ന്് ഉപദേശിച്ച ക്രിസ്തുനാഥന്റെ വാക്കുകള്‍ മറന്നുകൊണ്ടാണ് പലരും ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവൃത്തികള്‍ ക്രിസ്തീയമല്ല എന്നു കുറ്റപ്പെടുത്തുന്നത്. കുറ്റപ്പെടുത്തുന്നവരെല്ലാം സ്വന്തചരിത്രത്തിലേക്കു തിരിഞ്ഞു നോക്കണം, സമാനമായ സാഹചര്യങ്ങളില്‍ എന്തുചെയ്തു എന്ന് വിലയിരുത്തണം. പാപമില്ല എന്നും കൈകള്‍ ശുദ്ധമെന്നും ബോധ്യമുള്ളവര്‍ മാത്രം കല്ലെറിയട്ടെ – അത് സ്വന്തസഭാംഗങ്ങളായാലും, ഇതരസഭാ നേതാക്കളായാലും.

ഇവിടെ കലാപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത് ആരാണ്. നിയമനിര്‍മ്മാണ സമിതിയും, നിയമനടത്തിപ്പ് വിഭാഗവും, നീതിന്യായ കോടതികളും (ഹലഴശഹെമൗേൃല, ലഃലരൗശേ്‌ല മിറ ഷൗറശരശമൃ്യ) പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മാത്രമേ ജനാധിപത്യ രാജ്യം എന്നു വിളിക്കാനാവൂ. അപ്രകാരം സഹകരിച്ച് നീതി നടപ്പാക്കാന്‍ നോക്കുമ്പോള്‍ ഇവിടെ കലാപമുണ്ടാക്കുന്നതാരാണ്? വാളെടുക്കുന്നവന്‍ വാളാലെ എന്നു പഠിപ്പിച്ച കര്‍ത്താവ് പള്ളി സംരക്ഷിക്കുവാന്‍ വേണ്ടി അക്രമം നടത്തുവാന്‍ അനുവദിച്ചിട്ടുണ്ടോ? പള്ളികളില്‍ നിന്ന് വ്യാപകമായ മോഷണം നടത്തുന്നതും, പള്ളിക്കുചുറ്റും കിടങ്ങ് കുഴിക്കുന്നതും, അതിവിശുദ്ധസ്ഥലം അശുദ്ധപ്പെടുത്തുന്നതുമാണോ ക്രിസ്തീയത? ഇതാണോ സകലവും നഷ്ടപ്പെട്ടവന്റെ കണ്ണീരും രോദനവും? വലിയബഹളങ്ങള്‍ ഉണ്ടാക്കി ബലപ്രയോഗത്താല്‍ അറസ്റ്റ് ചെയ്യപ്പെടണമെന്ന് വാശിപിടിക്കുകയും മറ്റും ചെയ്തത് പാത്രിയര്‍ക്കീസ് വിഭാഗം നേതാക്കളാണ്.
രണ്ടു സഭയും രണ്ടു വിശ്വാസവും രണ്ടുസഭയും രണ്ടു വിശ്വസവും ആണെന്നു പറയുന്നവര്‍, എന്നുമുതലാണ് ഇത്് സംഭവിച്ചത് എന്നുകൂടി പറയണം. 1970 വരെ വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരു വ്യത്യാസവും ഉള്ളതായി പറഞ്ഞുകേട്ടിട്ടുപോലുമില്ല. ഇപ്പോഴും അല്‍പ്പമെങ്കിലും വേദശാസ്ത്രം അറിയാവുന്ന ആരും വിശ്വാസം രണ്ടാണ് എന്നു പറയില്ല. ഒരേ ആരാധനാക്രമവും, ഒരേ ആചാരാനുഷ്ഠാനങ്ങളും പുലര്‍ത്തുന്ന ഏകസഭയുടെ ഭാഗമായിട്ടേ എല്ലാവരെയും ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുള്ളു. മാര്‍ത്തോമ്മാശ്ലീഹായും, മാര്‍ പത്രോസ് ശ്ലീഹായും പഠിപ്പിച്ചത് രണ്ടു വിശ്വാസങ്ങളും പാരമ്പര്യങ്ങളുമാണ് എന്ന ചിന്തതന്നെ അപ്പൊസ്‌തോലിക പിന്‍തുടര്‍ച്ച എന്ന തത്വത്തിന്റെ വികലമായ വ്യാഖ്യാനമാണ്. അപ്പൊസ്‌തോല സമൂഹത്തിലെ ഓരോ അംഗവും വ്യത്യസ്തവിശ്വാസങ്ങളല്ല ഏകവിശ്വാസമാണ് പഠിപ്പിച്ചത് എന്ന ബാലപാഠം പോലും മനസിലാക്കാതെയാണ് സ്വന്തലാഭത്തിനായി വ്യാഖ്യാനങ്ങള്‍ നടത്തുന്നത്.
ഇനി വിശ്വാസം വ്യത്യസ്തമാണ് എന്ന് സ്ഥാപിച്ചേ മതിയാവൂ എങ്കില്‍ അതിനും വിരോധമില്ല. പാത്രിയര്‍ക്കീസ് വിഭാഗം മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ ഭാഗമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ ആര്‍ക്കും വിരോധിക്കാനാവില്ല, പക്ഷെ സഭയുടെ പള്ളികളിന്മേലും സ്വത്തുക്കളിന്മേലും യാതൊരു അവകാശവും ഉണ്ടാവില്ല. ഏതൊരു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇന്‍ഡ്യന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്നുണ്ട് അതനുസരിച്ച് ഒരു പുതിയ സഭയായി നിലകൊള്ളാം. അതിനെ ആരും എതിര്‍ക്കുകയില്ല.

ഹിതപരിശോധന
ഈ പ്രശ്‌നത്തില്‍ ഹിതപരിശോധന പരിഹാരമായിരുന്നു എങ്കില്‍ എന്തിന് കേസ് ആരംഭിച്ചു? മലങ്കരസഭയില്‍ ഒരു ഹിതപരിശോധനയ്ക്ക് സുവര്‍ണ്ണാവസരം 2002-ല്‍ ലഭിച്ചപ്പോള്‍ അതു പ്രയോജനപ്പെടുത്താതെ അതിനോട് നിസ്സഹകരിച്ചതെന്തുകൊണ്ട് എന്ന് വിശദീകരിക്കാമോ? പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഇടുക്കി ഭദ്രാസനത്തിന്റെ പ്രശ്‌നം പരിഹരിക്കുവാന്‍ എന്തുകൊണ്ടാണ് ഹിതപരിശോധന നടത്താതിരുന്നത്? നിയമവും എഗ്രിമെന്റുകളും ലംഘിക്കുന്നവരെ നേര്‍വഴികാണിക്കുവാന്‍ ഹിതപരിശോധനയല്ല, നിയമനടപടിയാണ് ആവശ്യം.
2017 സുപ്രീംകോടതി വിധിയുടെ 28 കണ്ടെത്തലുകളില്‍ 17-ാം പാരഗ്രാഫില്‍ വ്യക്തമായി പറയുന്നു. പള്ളിയും സെമിത്തേരിയും ആര്‍ക്കും കൈയേറാനാവില്ല. മലങ്കര സഭയുടെയും ഇടവകകളുടെയും സ്വത്തുക്കള്‍ ഒരു ട്രസ്റ്റാണെന്നും ഭൂരിപക്ഷത്തിന്റെ പേരിലായാല്‍പോലും അത് മറ്റാര്‍ക്കും കൈവശപ്പെടുത്തനാവില്ലെന്നും സംശയത്തിന് ഇടനല്‍കാതെ പറഞ്ഞിരിക്കുന്നു.
നിയമനിര്‍മ്മാണം പരിഹാരമോ
ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മ്മാണത്തിലൂടെ കോടതിവിധി മറികടക്കാനുള്ള മുറവിളി അപലപനീയമാണ്. അങ്ങിനെയെങ്കില്‍ രാജ്യത്ത് കോടതികളുടെ ആവശ്യമില്ലല്ലോ. എന്തിനാണ് പാത്രിയര്‍ക്കീസ് വിഭാഗം തന്നെ കേസ് ആരംഭിച്ചത്? കേസുകൊടുത്തിട്ട് വാദിഭാഗം തന്നെ വിധി അനുസരിക്കില്ല എന്ന് പരസ്യമായി പ്രസ്താവിക്കുന്നത് ക്രിസ്തീയമാണോ? ഇനി നിയമം ഉണ്ടാക്കിയാല്‍ തന്നെ ആ നിയമം, എല്ലാറ്റിനോടും വിഘടിച്ചുനില്‍ക്കുന്ന ഒരുകൂട്ടം, അനുസരിക്കുമെന്നതിന് എന്താണ് ഉറപ്പ്. ഉള്ള നിയമങ്ങള്‍ അനുസരിക്കാത്തവര്‍ പുതിയ നിയമങ്ങളെ അനുസരിക്കുമോ? ഇന്ത്യയിലെ സുപ്രീംകോടതി പറഞ്ഞിട്ട് അനുസരിക്കാത്തവര്‍ മറ്റ് ഏതെങ്കിലും മദ്ധ്യസ്ഥനെ അനുസരിക്കുമോ? സെമിത്തേരി ഓര്‍ഡിനന്‍സിന്റെ ന്യൂനതകള്‍ പാത്രിയര്‍ക്കീസ് വിഭാഗം തന്നെ അനുഭവിക്കാന്‍ തുടങ്ങിയതുകൊണ്ടാണ് ഇപ്പോള്‍ കട്ടച്ചിറപോലുള്ള പള്ളികളില്‍ പുതിയ സംഘര്‍ഷം ആരംഭിച്ചിരിക്കുന്നത്.

സുപ്രീംകോടതിവിധി രാജ്യത്തിന്റെ നിയമമാണ്. അതിനെ മറികടക്കുവാനായി, അതിലെ വ്യവസ്ഥകള്‍ക്ക് എതിരായി നിയമസഭകള്‍ക്ക് നിയമം നിര്‍മ്മിക്കാനാവുമോ? കാവേരി നദീജല പ്രശ്‌നത്തിലും കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രശ്‌നത്തിലും സര്‍ക്കാരുകള്‍ കോടതിവിധിക്കെതിരെ നിയമം നിര്‍മ്മിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ കോടതി നല്‍കിയ താക്കീത് ശ്രദ്ധേയമാണ്. ജസ്റ്റീസ് കെ. റ്റി. തോമസ് സമര്‍പ്പിച്ചു എന്നു പറയപ്പെടുന്ന റിപ്പോര്‍ട്ടില്‍ മേല്‍ സൂചിപ്പിച്ച 17-ാം പാരഗ്രാഫിന് കടക വിരുദ്ധമായ നിയമനിര്‍മ്മാണം നടത്തുവാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പുതിയ സമരാഹ്വാനത്തിന്റെ കാരണം
കോടതിവിധി നടപ്പായ പലപള്ളികളിലെയും ജനങ്ങള്‍ സാവധാനം വ്യവസ്ഥാപിത ഭരണക്രമത്തോട് സഹകരിച്ചുപോകാന്‍ ആരംഭിച്ചു എന്നതാണ് പുതിയ സമരാഹ്വാനത്തിന്റെ കാരണം. അതു തങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കുമോ എന്ന ഭയമാണ് ഇപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗത്തെ അലട്ടുന്നത്.

പരസ്പരവിശ്വാസവും ആത്മാര്‍ത്ഥതയും പ്രവര്‍ത്തന ഐക്യവും ഉണ്ടെങ്കില്‍ മാത്രമേ സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാവൂ. ഏതാനും വര്‍ഷത്തെ ഇടപെടല്‍കൊണ്ട് പാത്രിയര്‍ക്കീസ് വിഭാഗം നഷ്ടപ്പെടുത്തിയതും അതൊക്കെത്തന്നെയാണ്. അവയെല്ലാം വീണ്ടെടുക്കുവാന്‍ ശ്രമിക്കുന്തോറും ഭ്രഷ്ട് കല്‍പ്പിച്ചും, വീണ്ടും വി. മൂറോന്‍ അഭിഷേകം നടത്തിയും, സഭാതലവന്റെ കോലം കത്തിച്ചും, അസത്യങ്ങള്‍ പ്രചരിപ്പിച്ചും, സമരാഹ്വാനം നടത്തിയും, വെല്ലുവിളിച്ചും കൂടുതല്‍ അകലുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.

ആഗോള സുറിയാനി സംഗീത സമ്മേളനത്തില്‍ ശ്രുതി സംഗീത വിദ്യാലയവും

കോട്ടയം: ജനീവയില്‍ മാര്‍ച്ച് 17 ന് ആരംഭിക്കുന്ന ആഗോള സുറിയാനി സംഗീത സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കോട്ടയം ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയുടെ ഭാഗമായ ശ്രുതി ആരാധനാ സംഗീത വിദ്യാലയവും പങ്കെടുക്കും. ഇറാക്ക്, ലബനോന്‍, സിറിയ, തുര്‍ക്കി, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സമ്മേളനമാണ് ജനീവയില്‍ സംഘടിപ്പിക്കുന്നത്. വിവിധ സുറിയാനി പാരമ്പര്യങ്ങളിലെ സംഗീതത്തെപ്പറ്റി ലോകപ്രശസ്ത പണ്ഡിതര്‍ പ്രബന്ധങ്ങളും സംഗീതവും അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 21 ന് നടക്കുന്ന സുറിയാനി സംഗീത കണ്‍സേര്‍ട്ടില്‍ ഫാ. ഡോ. എം.പി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ 300 ല്‍ പരം ഗായകര്‍ അണിനിരക്കുന്ന ഗായകസംഘം സുറിയാനി ഗീതങ്ങള്‍ അവതരിപ്പിക്കും. ശ്രുതി ഡയറക്ടര്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, വൈദിക സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. ഡോ. എം.പി.ജോര്‍ജ്ജ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതിരിപ്പിക്കും. ശ്രുതി അസി. ഡയറക്ടര്‍ ഫാ. ഡോ. മാത്യൂ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. http://syriacmusic2021.org/home/registration/ എന്ന വെബ്‌സൈറ്റില്‍ പരിപാടികള്‍ ദൃശ്യമാണ്.