പരുമല: ആത്മീയതയിലൂടെ പരിശീലിക്കുന്ന സത്യവും ധര്‍മ്മവും നീതിയും സമൂഹത്തില്‍ പകരുന്നതാണ് യഥാര്‍ത്ഥ ആരാധന എന്ന് സാഹിത്യകാരന് ശ്രീ. ബന്യാമീന്. അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നവര്‍ സമൂഹസേവനം നിര്‍വ്വഹിക്കുവാന്‍ നിയോഗം ലഭിച്ചവരാണ്. അള്‍ത്താരയിലെ ആരാധനയുടെ സൗന്ദര്യം സേവനത്തിലൂടെയും കരുണയുടെ ഭാവങ്ങളിലൂടെയും സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ശുശ്രൂഷക സംഘം പ്രസിഡന്റ് യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റവ. കെ.വി. പോള്‍ റമ്പാന്, ഫാ. ഡോ. എം. ഒ. ജോണ്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍, റോയി എം. മുത്തൂറ്റ്, ബിജു. വി. പന്തപ്ലാവ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് ശനിയാഴ്ച സമാപിക്കും.