സഹോദരന്‍ പദ്ധതി ഇന്ത്യന്‍ മതേതരത്വത്തിന് ഉത്തമ മാതൃക: പി. എസ്. ശ്രീധരന്‍പിളള

പരുമല: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ സ്മരണര്‍ത്ഥം ആരംഭിച്ച സഹോദരന്‍ എന്ന സാധുജനക്ഷേമ പദ്ധതി ഇന്ത്യന്‍  മതേതരത്വത്തിന്  നല്‍കുന്ന നിസ്തുല സംഭാവനയാണെന്ന് ബഹു. ഗോവാ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിളള. സഹോദരന്‍ പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുരാതന ക്രൈസ്തവ ദേവാലയങ്ങളിലെ പെരുന്നാളിനോടനുബന്ധിച്ച്  മറ്റ് മതസ്ഥര്‍ക്ക് നല്‍കുന്ന പങ്കാളിത്തം നമ്മുടെ പൂര്‍വികര്‍ മതേതരത്വത്തിന് നല്‍കിയ സംഭാവനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുര്യാക്കോസ് മാര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ്, അഭി. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ, ചങ്ങനാശ്ശേരി അതിരൂപതയുടെ ഓക്സിലറി ബിഷപ്പ് മാര്‍ തോമസ് തറയില്‍, തിരുവന്തപുരം ശാന്തിഗ്രാം ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പുനലൂര്‍ രൂപതയുടെ ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, സി.എസ്.ഐ സഭയുടെ ബിഷപ്പ് ഡോ. സാബു മലയില്‍ കോശി ചെറിയാന്‍, കല്‍ദായ സഭയുടെ മാര്‍ ഔഗിന്‍ കുറിയാക്കോസ് എപ്പിസ്‌ക്കോപ്പാ, സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. എം. സി.പൗലോസ്, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു. പരിശുദ്ധ ബാവാ രചിച്ച ‘മലങ്കരസഭ: ചരിത്ര സ്പന്ദനങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗവര്‍ണര്‍ നിര്‍വഹിച്ചു. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ പുസ്തക പരിചയം നടത്തി. ഭവന നിര്‍മ്മാണം, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം എന്നീ പദ്ധതികളിലായി 8 പേര്‍ക്ക് 9 ലക്ഷം രൂപ സഹായമായി വിതരണം ചെയ്തു. ജാതിമതഭേദമെന്യേയാണ് സഹായം നല്‍കുക. ജന്മദിനത്തോടനുബന്ധിച്ച് വ്യക്തികളില്‍ നിന്ന് ലഭിക്കുന്ന സമ്മാനങ്ങളും, വ്യക്തിപരമായി പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക്  ലഭിക്കുന്ന  സംഭാവനകളും ചേര്‍ത്താണ് ഈ പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് പരിശുദ്ധ ബാവാ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജന്മദിനത്തോടനുബന്ധിച്ച് രാവിലെ 7 മണിക്ക് പരുമല പള്ളിയില്‍ പരിശുദ്ധ ബാവാ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പരിശുദ്ധ ബാവാ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ ജന്മദിന കേക്ക് മുറിച്ചു.