തിരുവനന്തപുരം: മിഠായിയും ക്രിസ്മസ് കേക്കുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലി യോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കയറി വന്നപ്പോള്‍ കുട്ടികളില്‍ ചിലര്‍ ഓടിയെത്തി കെട്ടിപ്പിടിച്ചു. ചിലര്‍ ബാവായുടെ കൈകളില്‍ പിടിവിടാതെ കൂടി. ക്രിസ്മസ് ആഘോഷത്തിനെത്തിയ കാതോലിക്കാ ബാവായും മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളും തമ്മിലുള്ള നിമിഷങ്ങളാണ് കൗതുകമായത്. ഗോപിനാഥ് മു തുകാട് നേതൃത്വം നല്കുന്ന മാജിക് പ്ലാനറ്റിലെ അധികൃതരും കുട്ടികളും ചേര്‍ന്ന് ബാവായെ സ്വീകരിച്ചു.
ക്രിസ്മസും പുതുവത്സരവും കാതോലിക്കാ ബാവായോടൊപ്പം ആഘോഷിക്കണം എന്ന ആഗ്രഹം നേരത്തേ തന്നെ മുതുകാട് അദ്ദേഹത്തെ അറിയിച്ചിരുന്നു. ബാവായും മുതുകാടും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്ന ശ്രേഷ്ഠമായ ദൗത്യമാണ് മാജിക് പ്ലാനറ്റ് ചെയ്യുന്നതെന്നു ബാവാ പറഞ്ഞു. മാജിക് പ്ലാനറ്റിനു പാരിതോഷികം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന് മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, എംജിഎം ഗ്രൂപ്പ് വൈസ് ചെയര്മാന് ജാപ്സണ്‍ വര്‍ഗീസ്, നിധിന് ചിറത്തിലാട്ട് എന്നിവരും പങ്കെടുത്തു.