മാർത്തോമൻ പൈതൃകം കെട്ടുകഥ അല്ല – ശ്രീധരൻപിള്ള

നിരണം: മാർത്തോമ്മാ ശ്ലീഹാ ഭാരതത്തിൽ വന്നു എന്നത് കേവലം കെട്ടുകഥ അല്ലെന്നും തെളിയിക്കാവുന്ന ചരിത്രമാണെന്നും ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള. മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാം വാർഷികത്തോടനുബന്ധിച്ച് നിരണം സെന്റ് മേരീസ് വലിയ പളളിയിൽ നടന്ന മാർത്തോമ്മൻ സ്മൃതി കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭ അദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ പ്രഭാഷണവും, മാർത്തോമ്മാ സഭയുടെ അദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മെത്രാപ്പോലീത്താ അനുഗ്രഹ സന്ദേശവും നൽകി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷളുടെ ഭാഗമായുള്ള പ്രഥമ പദ്ധതി എന്ന നിലയിൽ സഭയുടെ ഡിജിറ്റലൈസേഷൻ പരിപാടി (MOVE) പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. സാധുജന ക്ഷേമത്തിനായി 50 ഭവനങ്ങളും 50 നിർധനരായ പെൺകുട്ടികളുടെ വിവാഹവും നടത്തുന്നതാണെന്നും യോഗത്തിൽ പ്രസ്താവിച്ചു. സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നിരണം വലിയപള്ളി വികാരി ഫാ.തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.