ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് ഓഗസ്റ്റ് ഒന്ന് മുതല്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഓഗസ്റ്റ് ഒന്ന് മുതല്‍ അഞ്ച് വരെ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാര്‍ ഉള്‍പ്പെടെ സഭയിലെ 31 മെത്രാപ്പോലീത്താമാരും സുന്നഹദോസില്‍ പങ്കെടുക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അറിയിച്ചു.


നവാഭിഷിക്തരായ മെത്രാപ്പോലീത്താമാര്‍ക്ക് ഭദ്രാസനങ്ങള്‍ നല്‍കുന്നത് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും , മാനേജിങ് കമ്മറ്റിയുടെയും ശുപാര്‍ശ പ്രകാരം മലങ്കര മെത്രാപ്പോലീത്തയാണ്.
ഓഗസ്റ്റ് 4 ന് പത്തനാപുരത്ത് സമ്മേളിക്കുന്ന മലങ്കര അസോസിയഷേന്‍ യോഗത്തില്‍ വച്ച് പുതിയ മാനേജിങ് കമ്മറ്റി നിലവില്‍ വരും. സമയക്രമമനുസരിച്ച് മാനേജിങ് കമ്മറ്റി സമ്മേളിച്ച് ശുപാര്‍ശ മലങ്കര മെത്രാപ്പോലീത്തയാക്ക് സമര്‍പ്പിച്ച് സുന്നഹദോസിന്റെ അംഗീകരവും ലഭിച്ചതിനുശേഷം മാത്രമായിരിക്കും പുതിയ മെത്രാപ്പോലീത്താമാര്‍ക്ക് ഭദ്രാസനങ്ങള്‍ നല്‍കുക.