മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് 7 മെത്രാപ്പോലീത്താമാർ കൂടി അഭിഷിക്തരായി

കുന്നംകുളം: മലങ്കര ഓർത്തഡോക്സ് സഭ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് 7 പേരെ മെത്രാപ്പോലീത്താമാരായി വാഴിച്ചു. അഭി.എബ്രഹാം മാർ സ്തേഫാനോസ് (ഫാ. എബ്രഹാം തോമസ്), അഭി. തോമസ് മാർ ഇവാനിയോസ് (ഫാ.പി. സി തോമസ്), അഭി. ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് (ഫാ വർഗീസ് ജോഷ്വാ), അഭി. ഗീവർഗീസ് മാർ പീലക്സിനോസ്, (ഫാ. വിനോദ് ജോർജ്) അഭി. ഗീവർഗീസ് മാർ പക്കോമിയോസ് (കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ), അഭി. ഗീവർഗീസ് മാർ ബർണബാസ് (ഫാ. റെജി ഗീവർഗീസ്), അഭി. സഖറിയാ മാർ സേവേറിയോസ് ( ഫാ. സഖറിയാ നൈനാൻ) എന്നിവരാണ് അഭിഷിക്തരായത്.

വിശുദ്ധ കുർബ്ബാനാ മദ്ധ്യേ ആരംഭിച്ച സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സഹകാർമികരായിരുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ കുക്കിലിയോന്‍ (ധൂപ പ്രാര്‍ത്ഥന) സമയത്ത് സ്ഥാനാര്‍ത്ഥികളെ ത്രോണോസിന് മുമ്പിലേക്ക് കൊണ്ടുവരികയും മേല്‍പട്ടസ്ഥാന ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു.

രണ്ട് ഭാഗങ്ങളായിട്ടുളള ശുശ്രൂഷയില്‍ ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ക്കും ഗാനങ്ങള്‍ക്കും ശേഷം സ്ഥാനാര്‍ത്ഥികള്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ (സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. തുടർന്ന് ശുശ്രൂഷയുടെ പ്രധാനമായിട്ടുള്ള പരിശുദ്ധാത്മ ദാനത്തിനായിട്ടുളള പ്രാര്‍ത്ഥന നടത്തി. പരിശുദ്ധാത്മ ദാനത്തിന്റെ രഹസ്യ പ്രാര്‍ത്ഥന ഓരോരുത്തരുടെയും ശിരസ്സിന്‍ മേല്‍ കൈവച്ച് നടത്തിയതിന് ശേഷം അവരുടെ പട്ടത്വ പ്രഖ്യാപനം നടന്നു.

തുടർന്ന് സ്ഥാനവസ്ത്രങ്ങള്‍ (അംശവസ്ത്രങ്ങള്‍) കാതോലിക്കാ ബാവാ തന്നെ മറ്റ് മെത്രാപ്പോലീത്താമാരുടെ സഹകരണത്തോടെ സ്ഥാനാർത്ഥികളെ ധരിപ്പിച്ചു. തുടര്‍ന്ന് അവരെ സിംഹാസനങ്ങളില്‍ ഇരുത്തി യോഗ്യന്‍ എന്ന അര്‍ത്ഥം വരുന്ന ഓക്‌സിയോസ് ചൊല്ലി സിംഹാസനം ഉയര്‍ത്തി. അതിന് ശേഷം സ്ഥാന ചിഹ്നങ്ങളായ കുരിശു മാലയും സ്ലീബായും ഏറ്റവും അവസാനം അംശവടിയും നല്‍കി.

അതിന് ശേഷം ഓരോരുത്തരും ഉയര്‍ത്തിപ്പിടിച്ച സിംഹാസനത്തില്‍ ഇരുന്ന് ഏവന്‍ഗേലിയോന്‍ (സുവിശേഷം) വായിച്ചു. ഏറ്റവും അവസാനം പരസ്പ്പരം സമാധാനം കൊടുത്ത് ശുശ്രൂഷ അവസാനിപ്പിച്ചു. സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ശേഷം നവാഭിഷിക്തരിൽ സീനിയറായ എബ്രഹാം മാർ സ്തേഫാനോസ് വിശുദ്ധ കുർബാന പൂർത്തീകരിച്ചു. തുടർന്ന് നടന്ന അനുമോദന സമ്മേളനം വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.


ഇത് മൂന്നാം തവണയായ്പഴഞ്ഞി പള്ളിയിൽ വച്ച് മെത്രാൻ സ്ഥാനാരോഹണം നടക്കുന്നത്. 2010 ൽ കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ വച്ചാണ് ഇതിനു മുമ്പ് മെത്രാപ്പോലീത്തൻ സ്ഥാനാരോഹണം നടന്നിട്ടുളളത്.