ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു

കോട്ടയം: കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ പെരുന്നാളിനോടുബന്ധിച്ച്  ഇടവകാംഗത്തെ അക്രമിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത പാത്രിയക്കീസ് വിഭാഗത്തിന്റെ നടപടിയില്‍  ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ  ശക്തമായ പ്രതിഷേധം അറിയിച്ചു.  വധഭീഷണി മുഴക്കിയ  സര്‍ക്കാര്‍ ജീവനക്കാരന് എതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു. മലങ്കര സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്ന ഈ ദേവാലയത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞു പോയവര്‍ സമാധാന  അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് പിന്‍തിരിയണമെന്ന്  മാര്‍ ദീയസ്‌ക്കോറോസ് ആവശ്യപ്പെട്ടു. നിയമവിധേയമായും സമാധാനപരമായും ദേവാലയത്തില്‍ ആരാധനയില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എപ്പോഴും സ്വാഗതം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.