
കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ ചരമരചത ജൂബിലി ആഘോഷം 2021 നവംബര്‍ 7, 8 തീയതികളില്‍ നടക്കും. 7-ന് 3.30-ന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
ബോംബെ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, ഡോ. പോള്‍ മണലില്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, ഫാ. ജോസഫ് കുര്യന് വട്ടക്കുന്നേല്‍, ഫാ. തോമസ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേരും.
വൈകുന്നേരം 5.30-ന് ദേവലോകം അരമനയിലേക്ക് വാഹന ഘോഷയാത്ര ഉണ്ടായിരിക്കും. കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിലെ ഇടവകകളില്‍ നിന്നും, വാകത്താനം വള്ളിക്കാട്ടു ദയറായില്‍ നിന്നും ഉള്ള സംഘങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.
ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നവംബര്‍ 7 ന് വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്ക്കാരം. യു.കെ – യൂറോപ്പ് – ആഫ്രിക്കാ ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായമെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം.
8ന് രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരം. 7.30 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശിര്‍വാദം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ദേവലോകം അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ അറിയിച്ചു.