
കലുഷിതമായ ഒരു കാലഘട്ടത്തില്‍ ധീരതയോടെയും വ്യക്തമായ ദിശാബോധത്തോടുകൂടിയും മലങ്കര സഭയെ നയിച്ച ശ്രേഷ്ഠാചാര്യനായിരുന്നു വട്ടക്കുന്നേല്‍ ബാവാ
കലുഷിതമായ ഒരു കാലഘട്ടത്തില്‍ ധീരതയോടെയും വ്യക്തമായ ദിശാബോധത്തോടുകൂടിയും മലങ്കര സഭയെ നയിച്ച ശ്രേഷ്ഠാചാര്യനായിരുന്നു വട്ടക്കുന്നേല്‍ ബാവാ എന്നു അറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍. 1907 മാര്‍ച്ച് 27-ന് മണര്‍കാട് വടക്കന്മണ്ണൂര്, പുതുപ്പള്ളി നിലയ്ക്കല്‍ എന്നീ ഇടവകകളുടെ വികാരിയായിരുന്ന വട്ടക്കുന്നേല്‍ ചെറിയാന് കുര്യന് കത്തനാരുടെ പുത്രനായി ജനിച്ച വി.കെ. മാത്യു കെമിസ്ട്രിയിലും, വേദശാസ്ത്രത്തിലും ബിരുധം നേടി. ചെറിയമഠത്തില്‍ സ്കറിയാ മല്പ്പാന്റെ കീഴില്‍ സുറിയാനി പഠനവും നടത്തി. 1935 മുതല്‍ വൈദീക സെമിനാരി അദ്ധ്യാപകന്. ഒന്നാം സമുദായ കേസില്‍ കാനോന്‍ വിദഗ്ധനെന്ന നിലയില്‍ മൊഴികൊടുത്തു.
1951 മുതല്‍ 1966 വരെ സെമിനാരി പ്രിന്‍സിപ്പല്‍, കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയെ അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനികവല്‍ക്കരിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.
1953 മെയ് 15-ന് പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ മാര്‍ അത്തനാസിയോസ് എന്ന സ്ഥാന നാമത്തില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു. 1960 സെപ്റ്റംബര്‍ 23-ന് ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്തായായി. വിരലിലെണ്ണാവുന്ന ഇടവകകളും, കോണ്‍ഗ്രിഗേഷനുകളും മാത്രം ഉണ്ടായിരുന്ന ബാഹ്യകേരള ഭദ്രാസനം 1975-ല്‍ അദ്ദേഹം ഭരണം ഒഴിയുമ്പോള്‍ മൂന്ന് ഭദ്രാസനങ്ങളാക്കത്തക്കവിധം വളര്‍ന്നിരുന്നു.
1970 ഡിസംബര്‍ 31-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷനില്‍ മാര്‍ അത്താനാസിയോസിനെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 1975 സെപ്റ്റംബര്‍ 24-ന് പരിശുദ്ധ ഔഗേന്‍ ബാവാ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്തായായി. അതേ വര്‍ഷം ഒക്ടോബര്‍ 27-ന് കോട്ടയം പഴയ സെമിനാരിയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തു. അനാരോഗ്യത്തെ തുടര്‍ന്ന് 1991 ഏപ്രില്‍ 27-ന് സ്ഥാനത്യാഗം നടത്തി വിശ്രമജീവിതം ആരംഭിച്ചു. 1996 നവംബര്‍ 8-ന് കാലം ചെയ്ത് പിറ്റേദിവസം കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ കബറടക്കി.
പ്രശ്നങ്ങളുടെ നടുവിലാണ് അദ്ദേഹം സഭാഭരണം ഏറ്റെടുക്കുന്നത്. വടക്കന്‍ മേഖലയില്‍ പള്ളികളില്‍ നിന്ന് പുറത്താക്കപ്പെട്ട സത്യവിശ്വാസികള്‍ക്കായി കാതോലിക്കേറ്റ് സെന്ററുകള്‍ സ്ഥാപിച്ചുകൊണ്ട് അവരെ ശക്തിപ്പെടുത്തി. കോട്ടയം കാതോലിക്കേറ്റ് അരമനയുടെ പണി പൂര്‍ത്തീകരിച്ചു. ആധുനിക കാലത്തിന് അനിവാര്യമായ അനേകം ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
സഭയില്‍ ഉടലെടുത്ത വിഭാഗീയതക്കെതിരായി തുടര്‍ച്ചയായ നിയമപോരാട്ടം നടത്തേണ്ട ദൗത്യം മാത്യൂസ് പ്രഥമനിലാണ് വന്നു ചേര്‍ന്നത്. ആ കൃത്യം അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു.
മലങ്കര സഭയുടെ അന്തര്‍സഭാ ബന്ധങ്ങള്‍ ഏറ്റവും ശക്തമായത് ഇദ്ദേഹത്തിന്റെ കാലത്താണ്. അനേകം സഭാ തലവന്മാരെ മലങ്കരയില്‍ സ്വീകിരക്കുവാനും അവരുടെ ക്ഷണം സ്വീകരിച്ച് അവരുടെ ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുവാനും മാത്യൂസ് പ്രഥമന്‍ ബാവായ്ക്ക് കഴിഞ്ഞു.
സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ആരാധന എന്ന തത്വത്തിനെ മുന്‍നിര്‍ത്തി ആരാധനാക്രമങ്ങള്‍ പൂര്‍ണ്ണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കുര്‍ബ്ബാന ക്രമത്തിന്റെ ഹിന്ദി, തമിഴ് പരിഭാഷകള്‍ പ്രസിദ്ധീകരിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്.
കാതോലിക്കാ എന്ന നിലയില്‍ 10 മേല്പ്പട്ടക്കാരെ വാഴിക്കുകയും രണ്ടുപ്രാവശ്യം വി. മൂറോന്‍ കൂദാശ നടത്തുകയും ചെയ്തു.