കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 29, വെള്ളിയാഴ്ച നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ചു നടന്നു. പെരുന്നാൾ ആഘോഷപരിപാടികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളെ പിന്നിലാക്കി എംബസ്സിയോടൊപ്പം ചേർന്ന് മുന്നോട്ട് പോകുവാൻ ആർജ്ജവം കാണിച്ച കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തോട് ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി നന്ദി രേഖപ്പെടുത്തി.
സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര സഭയുടെ പരമാദ്ധ്യഷനും, പൗരസ്ത്യ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ, കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ എന്നിവർ ഓൺലൈനിലൂടെ അനുഗ്രഹാശംസകൾ നേർന്നു. സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചൻ സ്വാഗതവും, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോജി പി. ജോൺ നന്ദിയും പ്രകാശിപ്പിച്ചു.
ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സ്മരണിക, സുവനീർ കൺവീനർ ജോസഫ് ജോർജ്ജിൽ നിന്നും ഏറ്റുവാങ്ങി ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌ പ്രകാശനം ചെയ്തു.
കുവൈറ്റ്‌ എപ്പിസ്ക്കോപ്പൽ ചർച്ചസ്‌ ഫെല്ലോഷിപ്പ്‌ പ്രസിഡണ്ടും സെന്റ്‌ സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിയുമായ ഫാ. ജോൺ ജേക്കബ്‌, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ സെക്രട്ടറി റോയ്‌ യോഹന്നാൻ, സെന്റ്‌ ബേസിൽ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ, സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക സെക്രട്ടറി ജേക്കബ്‌ തോമസ്‌ വല്ലേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
കുവൈറ്റിൽ ഹൃസ്വസന്ദർശനത്തിനെത്തിയ ഫാ. ഗീവർഗീസ്‌ ജോൺ, മഹാ ഇടവക ട്രഷറാർ ജോൺ പി. ജോസഫ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം കെ.ഇ. മാത്യൂ, ഭദ്രാസന കൗൺസിലംഗം അബ്രഹാം അലക്സ്‌, എം.ജി.ഓ.സി.എസ്‌.എം. സെന്റ്രൽ കമ്മിറ്റിയംഗം ബിജു ചെറിയാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മഹാഇടവകയിലെ പ്രാർത്ഥനാ യോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും, സണ്ഡേസ്ക്കൂൾ കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, കുട്ടികൾ നേതൃത്വം നൽകിയ സംഗീത വിരുന്ന്‌ എന്നിവ ആദ്യഫലപ്പെരുന്നാളിന്റെ മുഖ്യാകർഷണങ്ങളായി.