പ്രതീക്ഷയുടെ വെളിച്ചമേകി ഈസ്റ്റര്‍

കോട്ടയം: പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശുതമ്പുരാന്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുളളവര്‍ ഈസ്റ്റര്‍ ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ ഉയര്‍പ്പു ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടന്നു.

പരുമല സെമിനാരിയില്‍ നടന്ന ഉയര്‍പ്പു ശുശ്രൂഷകള്‍ക്ക് ചെങ്ങന്നുര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് പ്രധാന കാര്‍മികത്വം വഹിച്ചു. കോട്ടയം പഴയ സെമിനാരിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു.

സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന ഉയര്‍പ്പു പെരുന്നാള്‍ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബ്ബാനയ്ക്കും അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ കാര്‍മികത്വം വഹിച്ചു.