വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഓശാന പെരുന്നാള്‍ ആചരിച്ചു

കോട്ടയം:  ഒലിവിന്‍ ചില്ലകള്‍ കൈയിലേന്തിയും വഴിയില്‍ വസ്ത്രങ്ങള്‍ വിരിച്ചും ജയാരവം മുഴക്കുന്നവരുടെ ഇടയിലൂടെ കഴുതപ്പുറത്തേറി യേശുതമ്പുരാന്‍ ജെറുസലേമിലേക്ക് വന്നതിന്റെ ഓര്‍മ്മ പുതുക്കി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ ഓശാന പെരുന്നാള്‍ ആചരിച്ചു.  പരുമല സെമിനാരിയില്‍ നടന്ന ഓശാന ശുശ്രൂഷകള്‍ക്ക് ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് പ്രധാന കാര്‍മികത്വം വഹിച്ചു.

മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പളളിയിലെ ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് നേതൃത്വം നല്‍കി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് കല്ലിമേല്‍ കല്ലുവളയം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയിലും, ഡോ. തോമസ് മാര്‍ അത്താനാസിയോസ് കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പളളിയിലും, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് അയിരൂര്‍ സെന്റ് മേരീസ് പളളിയിലും ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.

ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മല്ലശ്ശേരി സെന്റ് മേരീസ് പളളിയിലും ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കത്തീഡ്രലിലും അലക്‌സിയോസ് മാര്‍ യൗസേബിയോസ് കോട്ടയം പഴയ സെമിനാരിയിലും ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികരായി. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന ഓശാന ശുശ്രൂഷകള്‍ക്ക് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.