സഹജീവി സ്നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു പരിശുദ്ധ ബാവായുടെ മുഖമുദ്ര- ഉമ്മന്‍ ചാണ്ടി

പരുമല: സഹജീവി സ്നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖമുദ്രയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആധ്യാത്മികരംഗത്ത് നേതൃത്വപരമായ പങ്കുവഹിച്ചതിനൊപ്പം പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും സഹായകരമായ നിരവധി പദ്ധതികള്‍ നടപ്പാക്കി. കാന്‍സര്‍ രോഗികള്‍ക്കുള്ള സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ അനേകര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. നൂറു കോടി രൂപ ചെലവിട്ട് നിര്‍മിച്ച പരുമല കാന്‍സര്‍ സെന്റര്‍ തിരുമേനിയുടെ ഇച്ഛാശക്തിയിലൂടെയാണ് യാഥാര്‍ത്ഥ്യമായത്. അര്‍ബുദബാധിതനായ തിരുമേനി വിദേശ ചികിത്സയ്ക്ക് തയാറാകാതെ പരുമല ആശുപത്രിക്കപ്പുറം ഒരു ചികിത്സ വേണ്ടെന്ന നിലപാടെടുത്തു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരേ നിരവധി കര്‍മപദ്ധതികള്‍ നടപ്പാക്കി. സ്ത്രീകള്‍ക്ക് പള്ളി ഭരണത്തിലും സഭാ ഭരണത്തിലും നിര്‍ണായക പങ്ക് നല്‍കിയ ആത്മീയ ആചാര്യനായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.