കോടതി വിധികളെ മറികടന്ന് നിയമം നിർമിക്കാനുള്ള ശ്രമം നിലനിൽക്കില്ല – അഡ്വ. ബിജു ഉമ്മൻ

കോട്ടയം: മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയെ മറികടക്കാൻ നിയമ നിർമാണത്തിന്  ശ്രമിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു . നിയമ പരിഷ്ക്കരണ കമ്മീഷന്റെ പരിധിക്ക് പുറത്തുള്ള ശുപാർശയെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് മനസ്സിലാക്കിയത്. വിധി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രശ്നപരിഹാരം സംബന്ധിച്ചും സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ കൃത്യമായ മാർഗ്ഗനിർദ്ദേശമുണ്ട്. സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ച് ജുഡീഷ്യറിയുടെ മഹിമ കെടുത്തുന്ന പ്രചാരണങ്ങൾ ഉണ്ടാകുന്നത് അപലപനീയമാണ്.
മലങ്കര സഭയിലെ പള്ളികളുടെ ഭരണം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്.
സഭാ ഭരണം നിർവ്വഹിക്കുന്നതിനുള്ള അടിസ്ഥാന രേഖയായി കോടതി അംഗീകരിച്ചിട്ടുള്ള 1934ലെ ഭരണഘടനയെ ചോദ്യംചെയ്യുന്ന പാത്രിയർക്കീസ് വിഭാഗത്തിന്റെ നിലപാടുകളാണ് കമ്മീഷൻ ശുപാർശയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഭരണഘടനപ്രകാരം പള്ളികളിൽ തെരഞ്ഞെടുപ്പു നടത്താൻ സഭ ഒരുക്കമാണ്. പള്ളികളിൽ ആരാധന നടത്തേണ്ടത് 1934ലെ ഭരണഘടനപ്രകാരം നിയമിതനാകുന്ന വൈദികനാണ്. കോടതി വിധികൾക്കും നിയമത്തിനു മുകളിൽ ഹിതപരിശോധന ആവശ്യപ്പെടുന്നത്  വിഘടനവാദം പ്രോത്സാഹിപ്പിക്കുവാനാണെന്ന് സംശയിക്കുന്നു. മലങ്കര സഭയെ മാത്രം ലക്ഷ്യമാക്കി വിവേചനപരമായി ബില്ല് രൂപകല്പന ചെയ്യാൻ ജനാധിപത്യ സർക്കാർ മുതിരില്ലന്ന് കരുതുന്നു.
ഭൂരിപക്ഷത്തിന്റെ പേരിലോ മറ്റേതെങ്കിലും വിധേനയോ മലങ്കര സഭയിലെ പള്ളികളുടെ ഭരണവും ഉടമസ്ഥതയും 1934 ലെ ഭരണഘടനയ്ക്ക് പുറത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നത് അനധികൃതമായതിനാൽ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ അർത്ഥശങ്കയ്ക്കിടയില്ലാതെ  വ്യക്തമാക്കിയിട്ടുള്ളതാണ്. കോടതിവിധികൾക്കും നിയമത്തിനും അതീതമായി  ഹിതപരിശോധന ആവശ്യപ്പെടുന്നവരുടെ ശബ്ദം വിഘടനവാദികളുടെതിന് സമാനമാണെന്നും അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.