ജീവിത യാത്രയിലെ മറ്റൊരു യാത്ര. നോമ്പുപവാസങ്ങള്‍ ലക്ഷ്യമല്ല; ലക്ഷ്യപ്രാപ്തിയിലേക്കുള്ള മാര്‍ഗ്ഗമാണെന്ന ഉപദേശം പ്രഥമ പരിഗണനയര്‍ഹിക്കുന്നു. നോമ്പിനെ പുരസ്ക്കരിച്ചുള്ള പഠനങ്ങളും ലേഖനങ്ങളും, നോമ്പിന്റെ ഭൗതിക ഒരുക്കം, ലക്ഷണങ്ങള്‍ എന്നിവയെപ്പറ്റിയുള്ള പ്രബോധനങ്ങളും സുലഭം. എങ്കിലും, എന്താണീ നോമ്പ്? അത് ‘യാത്രയ്ക്ക്’ അനിവാര്യമാകുന്നതെങ്ങനെ? കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള ത്യാഗാനുഷ്ഠാനമാണോ അത്?
യേശുതമ്പുരാന്‍ നാല്പതു നാളിലെ നോമ്പുവഴി, സാത്താനെയും അവന് ഉതിര്‍ത്തുവിട്ട പ്രലോഭനങ്ങളെയും കീഴടക്കി എന്ന് നോമ്പിലെ പ്രാര്‍ത്ഥനകള്‍ ഊന്നിപ്പറയുന്നു. അതേ മാതൃകയില്‍ നോമ്പുനോറ്റവരും, അങ്ങനെ ലോകം, ജഡം, പിശാച് എന്നിവയുടെമേല്‍ വിജയമാഘോഷിച്ചു.
നോമ്പ് ദൈവനിയമമാണെന്നും, സൃഷ്ടിയില്‍ത്തന്നെ ഇണചേര്‍ത്ത ‘സാധക’ മാണെന്നു വി. വേദവും, പിതൃപരമ്പരയും ചൊല്ലിത്തരുന്നു. വാസ്തവത്തില്‍, സൃഷ്ടിതന്നെ, ദൈവത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നോമ്പും ത്യാഗവുമായിരുന്നല്ലോ. മനുഷ്യന്റെ ‘വീഴ്ച’യ്ക്കു ശേഷം നടപ്പാക്കിയ നിബന്ധനയായിരുന്നില്ല നോമ്പ്. അത്, നേരത്തെതന്നെ സൃഷ്ടിക്കപ്പെട്ടതാണെന്നും, അതിന്റെ ലംഘനം വരുത്തിയ ഭവിഷ്യത്ത് ഭയാനകവും, തലമുറകളിലേക്ക് പകരുന്നതുമാണെന്നും ഗ്രഹിക്കാനാവുന്നു. ശുദ്ധബോധ മനസ്സില്‍, തിന്മയുടെ അദൃശ്യമിന്നല്‍പ്പിണരുകളെ സംക്രമിപ്പിച്ചതായിരുന്നു ആ ദുര്‍ഘടന. അങ്ങനെ നന്മയുടെ അകളങ്കിത മേഖലയില്‍ തിന്മയുടെ കലര്‍പ്പുണ്ടായി. അതിനുമുണ്ടൊരു നിവാരണവഴി-സ്വതന്ത്ര്യ ഇച്ഛാശക്തിയുടെ യോഗ്യവും ഉത്തരമവുമായ പ്രയോഗം. അതായത്, തിന്മയുടെ കലര്‍പ്പില്‍ നിന്നും ക്രമേണ വിമുക്തമായി, സ്വതന്ത്ര്യമായി നന്മയെ പുല്‍കാനാവും. തിന്മ കണ്മുമ്പിലും, ചാരത്തും, ചിലപ്പോള്‍ അന്തരംഗത്തിലും തലനീട്ടുമ്പോള്‍, അതിനെ അവഗണിച്ചമര്‍ത്തി, പുറത്തുതള്ളാനുള്ള ചങ്കൂറ്റമാണത്. ബോധമനസ്സില്‍ നന്മ-തിന്മകള് തെളിഞ്ഞുവരിക സ്വാഭാവികമാണ്, എന്നാല്‍ അതില്‍ നിന്നും ബോധപൂ ര്‍വ്വമായും നൈസര്‍ഗ്ഗികമായും നന്മ തെരഞ്ഞെടുക്കാനുള്ള പരിശീലനകളരിയാണ് നോമ്പ്.
അടിസ്ഥാനപരമായി ചിന്തിച്ചാല്‍, നിരന്തരം ദൈവസാന്നിധ്യം ആഗ്രഹിക്കാനും അനുഭവവേദ്യമാക്കാനുള്ള പരിശീലനമാണിത്. എല്ലാ ദേവകല്പനകളുടെയും സത്തയായി, രണ്ട് ആദേശങ്ങളാണ് നല്‍കിയിരുന്നത്. ദൈവത്തെ സ്നേഹിക്കുന്നതും അയല്‍ക്കാരനെ സ്നേഹിക്കുന്നതും, നിസ്സായിലെ വി. ഗ്രീഗോറിയോസിന്റെ ഭാഷയില്‍, ദൈവേഷ്ടത്തെ കൂടുതല്‍ കൂടുതലായറിഞ്ഞ്, നടപ്പാക്കാനുള്ള വിളിയാണിത്. ദൈവത്തെപ്പോലെയാകുക എന്നാല്‍, ദൈവം പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കുക എന്നു സാരം. നമ്മുടെ പരമമായ ഉന്നം ദൈവത്തെയും മനുഷ്യനെയും നിബന്ധന കൂടാതെ സ്നേഹിക്കുക വഴി ദൈവ കല്പന നിവര്‍ത്തിക്കുക എന്നതു തന്നെയായിരിക്കണം. ഈ സ്ഥിതി പ്രാപിക്കുന്നതിനു തടസ്സമുണ്ടാകുന്ന ഹേതു നമ്മുടെ ഉള്ളിലും പുറത്തുമുണ്ട്. കാമ-ക്രോധ-മദ-ലോഭങ്ങള്‍ മനുഷ്യനെ ഭരിക്കുന്ന കാലമത്രയും, പണ്ഡിതനും, ‘മൂഖ’സ്വഭാവിയും തമ്മില്‍ അന്തരമുണ്ടാവില്ലെന്ന്, ‘തുളസ്സീദാസ്’ എന്ന ഹിന്ദി കവി കുറിച്ചിട്ടുണ്ട്. മനുഷ്യന്, മനുഷ്യത്വം നഷ്ടപ്പെട്ട്, മൃഗത്തെക്കാള്‍ ഹീനനായിത്തീരുന്ന മാര്‍ഗ്ഗമാണിത്. ഇവയിന്മേല് വിജയം നേടുന്നതില്‍ നോമ്പിനുള്ള പങ്ക് വളരെ വലുതാണ്. ക്രിസ്തീയ സഭയുടെ ”പൂര്‍വ്വശ്രമ”ത്തിലെ മഹര്‍ഷിമാര്‍-ഈജിപ്തിലെയും സിറിയയിലെയും മണലാണ്യങ്ങളിലും നിര്‍ജ്ജനപ്രദേശങ്ങളിലും തപസ്സനുഷ്ഠിക്കുന്നവര്‍-മനുഷ്യമനസ്സിനെ നിരന്തരമായി അലട്ടുന്ന വിഷയ ചിന്തകളെ ലളിതമായി അപഗ്രന്ഥിച്ചിട്ടുണ്ട്. ഇന്നത്തെ സാങ്കേതിക ഭാഷയില്‍ ”പ്രൊഫഷണല്‍” എന്നു വിളിക്കാനാവില്ലെങ്കിലും, പല ആധുനിക മനഃശാസ്ത്ര സാങ്കേതങ്ങളെയും വെല്ലുന്ന വിവരണങ്ങളാണവ. നാലാം ശതകത്തില്‍ നിന്നും തലമുറകളിലൂടെ വായ്്മൊഴിയായി ഒഴുകി വരുന്ന സൂക്തങ്ങളും, അനിതരസാധാരണമായ ജീവിതാനുഭവങ്ങളും ഇന്നും, മനസ്സിന്റെ സംസ്ക്കരണത്തിന് പഥ്യം തന്നെ.
ആദ്യമായി, മരുഭൂമിയിലെ പിതാക്കളുടെയും മാതാക്കളുടെയും പഠിപ്പിക്കലുകളെ പുസ്തകരൂപത്തിലാക്കി (‘On Practice’ & ‘Chapters on Prayer’) ചമച്ചത് എവുഗാറിയോസ് (4th C) എന്ന യോഗാത്മ വേദജ്ഞാനിയാണ്. ദൈവത്തെയും സമസൃഷ്ടങ്ങളെയും സ്നേഹിക്കുന്നതിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്ന ”എട്ട് മാരക ചിന്ത” കളുടെ പട്ടിക അദ്ദേഹം അവതരിപ്പിക്കുന്നു. മനുഷ്യജീവിതത്തിലെ സാധാരണ സംഗതികളാണവ: ഭക്ഷണം, ലൈംഗീക ചിന്ത, ഭൗതിക വസ്തുക്കള്‍, പരസ്പരം താരതമ്യം, വിദ്വേഷം, അഹംഭാവം, പരാജയം, സ്വാര്‍ത്ഥത എന്നിവ. നോമ്പുകാലത്തെ ചിന്തയ്ക്കും ആത്മശോധനയ്ക്കും, ആത്മനിക്ഷേപ സമ്പാദനത്തിനും ഈ അമൂല്യ പഠനങ്ങള്‍ ഉതകുമെന്നു തോന്നുന്നു.
എട്ട് മാരക ചിന്തകള്‍
ഇവ പ്രലോഭനങ്ങളെ ഉണര്‍ത്തിവിടുവാന്‍ പോരുന്നവയാണ്. എല്ലാ മനുഷ്യരും ഇവയ്ക്ക് ഇരയാകുന്നവരുമാണ്. അവയുടെ മേല്‍ നിയന്ത്രണങ്ങള്‍ നേടുക ഏറ്റം കരണീയമാണ്. ഈ ചിന്തകള്‍ പില്ക്കാലത്ത് ക്രിസ്തീയ ആത്മീയതയെ സാരമായി സ്വാധീനിച്ചിട്ടുമുണ്ട്. മേല്‍പ്പറഞ്ഞ അഷ്ടചിന്തകള്‍ പാപമല്ല, തീവ്രവികാരങ്ങളെയും ആസക്തികളെയും ഇളക്കി വിടുന്നവയാണ്. അവയെ എതിരിടുന്നതിന്റെ ഉദാത്ത മാതൃക യേശു ക്രിസ്തു പൈശൈചിക പ്രലോഭനങ്ങളെ ജയിക്കുന്ന രംഗമാണ്.
1. ഭക്ഷണ പാനീയങ്ങള്‍
നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നതും, ആവശ്യത്തിലധികം ഭുജിക്കുന്നതും, ഭക്ഷ്യവസ്തുക്കള്‍ നഷ്ടപ്പെടുത്തുന്നതും ഇതില്‍പ്പെടും. ഫലത്തില്‍ ഒരുപാട് ആളുകള്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാതെ വരുന്നതിന് വഴിവരുത്തുന്ന താണീ തിന്മ. ആദ്യകാല സന്യാസിമാര്‍ക്ക് ഭക്ഷണം, ലളിതവും ‘അത്യാവശ്യത്തിന്’ മാത്രമുള്ളതുമായിരുന്നു. അതുവഴി, ദരിദ്രര്‍ക്ക് ഭക്ഷണം പങ്കിട്ടുകൊടുക്കാന്‍ അവര്‍ ഉത്സാഹിച്ചിരുന്നു. വിശക്കുന്നവരെപ്പറ്റി ചിന്തിക്കുന്നവര്‍ ഒരിക്കലും ഭക്ഷണത്തില്‍ ധൂര്‍ത്തും, അമിത വ്യയവും’ ഉണ്ടാക്കുകയില്ല.
നോമ്പുകാലത്തെ ‘വര്‍ജ്ജന’ങ്ങളിലൊന്ന് ഭക്ഷണവുമായി ബന്ധപ്പെട്ടതാണല്ലോ. കേവലം ”നിവര്‍ത്തിയില്ലാ”ത്തത് കൊണ്ട് പട്ടിണികിടക്കുന്നതല്ല ശരിയായ നോമ്പും ഉപവാസവും. അതിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ കാണാതെ പോകരുത്. ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നതിന് ‘ആഹാരവര്ജ്ജനം’ നിര്‍ണ്ണായക പങ്കു വഹിക്കുന്നു. ദുര്‍മ്മേദസ്സ്
നീങ്ങുകയും, ആഹാരക്രമത്തില്‍ ചിട്ടയും നിയന്ത്രണവും നടപ്പിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിശക്കുമ്പോഴാണ്, ആഹാരം കഴിക്കേണ്ടത്; അതും ആവശ്യത്തിനനുസരിച്ചുമാത്രം. ”പൊന്നിന്‍പൊടി കൊണ്ട് പുളിശ്ശേരി വച്ചാലും, അമിത ഭക്ഷണം ഭുജിച്ചിരുന്നില്ല” എന്ന് പ. കല്ലാശ്ശേരില്‍ ബാവായുടെ ഭക്ഷണരീതിയെപ്പറ്റി സെക്രട്ടറിയായിരുന്ന മണപ്പള്ളില്‍ തോമസ് കത്തനാര് കുറിച്ചിട്ടുണ്ട്. ആത്മനിയന്ത്രണത്തിന് ഭക്ഷണ ത്യാഗം സുപ്രധാനമാര്‍ഗ്ഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
2. ലൈംഗീക ചിന്തകള്‍
ഇവ സാമാന്യമായി, സമസ്തമനുഷ്യരിലുമുണ്ടാകും. എന്നാല്‍, തപശ്ചര്യ കൊണ്ടും സ്വഭാവ സംസ്ക്കരണം കൊണ്ടും അവയെ നിയന്ത്രിക്കുക അസാദ്ധ്യമല്ല. നിയന്ത്രണം പാലിക്കുന്നവര്‍ക്ക് പ്രലോഭനങ്ങള്‍ ഉണ്ടാകുന്നതും വാസ്തവമാണ്. ഇപ്പറഞ്ഞതിന്റെയര്‍ഥം ലൈംഗികതയെ നി ഷേധിക്കുക എന്നല്ല, സംസ്ക്കരിക്കുക എന്നാണ്. ഇക്കാലത്ത് മനുഷ്യനില്‍ അധമ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന ചോ ദനകള്‍ മുമ്പെന്നത്തെക്കാള്‍ പതിന്മടങ്ങു വര്‍ദ്ധിച്ചിട്ടുണ്ട്. അവയെല്ലാം കയ്യെത്തുന്ന ദൂരത്തിലുണ്ടുതാനും.
വിഷയേച്ഛ, അഥവാ കാമാസക്തി എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്, വ്യക്തിയെക്കാള്‍ ഏറെ, ശരീരത്തെ സ്നേഹിക്കുന്ന പ്രവണതയാണ്. മനുഷ്യന് കേവലം ശരീരമല്ല, അതില്‍ ഇതര ഘടകങ്ങളും ഉള്‍പ്പെടുന്നതാണ്. കാമാസക്തി, വ്യക്തമായി പറഞ്ഞാല്‍ ‘വ്യക്തിത്വനിഷേധ’മാണ്. ഇതില്‍ നിയന്ത്രണം കൂടിയേ തീരൂ. ശരീരം ‘തിന്മ’യുടെ കലവറയാണന്നല്ല വിവക്ഷ. ഉപയോഗത്തിലാണ് നന്മയും തിന്മയും വെളിപ്പെടുന്നത്.
3. അത്യാഗ്രഹം
കൂടുതല്‍ കൂടുതല്‍ വസ്തുക്കളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാനുള്ള ഒടുങ്ങാത്ത തൃഷ്ണ ചിലരില്‍ കാണും. വ്യക്തിബന്ധങ്ങളെയും, കുടുംബ ബന്ധങ്ങളെപ്പോ
ലും ഇതു താളം തെറ്റിക്കുകയോ, തകര്‍ത്തുകളയുകയോ ചെയ്യും. ദൈവത്തെയും മനുഷ്യരെയും കരുതാത്തവരാണ് കൂടുതല്‍ ആര്ജ്ജിക്കുവാന് എന്നും പാടുപെടുന്നത്. സങ്കീര്‍ത്തനം ഇങ്ങനെ പറയുന്നു: (127:2).
‘നിങ്ങള്‍ അതികാലത്ത് എഴുന്നേല്ക്കുന്നതും
നന്നാ താമസിച്ച് കിടപ്പാന്‍ പോകുന്നതും
കഠിനപ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രെ.
തന്റെ പ്രിയനോ, അവന് അത് ഉറക്ക
ത്തില്‍ കൊടുക്കുന്നു (വിശ്രമം നല്കുന്നു)’
ഈ വര്‍ണ്ണന സൃഷ്ടിപരമായ ഒരു വിമര്‍ശനം തന്നെയാണ്. കൂടുതല്‍ സമ്പാദിക്കാനും, അതിന് എന്തു മാര്‍ഗ്ഗവും സ്വീകരിക്കാനും മടിക്കാത്തത് അധര്‍മ്മമാണെന്നു വ്യക്തം.
4. ശോകം, അസന്തുഷ്ടി
ഇത് ഒരുതരം ആത്മപീഢനമാണ്. അന്യരുമായി, തന്നെ, താരതമ്യപ്പെടുത്തുകയും, അന്യരുടെ ‘ഉയര്‍ച്ച’യുടെ പശ്ചാത്തലത്തില്‍ ദുഃഖഭാവം സ്വീകരിക്കുകയും ചെയ്യുന്ന രീതി, അധികം മനുഷ്യരിലും കണ്ടുവരുന്നതാണ്. ഈ ഭാവം അധികരിച്ചാല്‍ സ്വയനിഷേധത്തിലേക്കും കോപത്തിലേക്കും നയിക്കും. ഓരോരുവനും അവനവന്റെ
‘പ്രാപ്തി’യ്ക്കു തക്കവണ്ണമാണല്ലോ താലന്തുകള്‍ നല്‍കിയിരിക്കുന്നത്! അവിടെ നിറയെ വൈവിധ്യമാണ്! നിവാരണം ഒന്നേയുള്ളു സര്‍വ്വവും ദൈവത്തിലര്‍പ്പിക്കുക. അവിടുന്നു നല്‍കുന്നത് സംയമനത്തോടും തുറന്ന മനസ്സോടും സ്വീകരിക്കുക.
5. കോപം
മുന്‍പറഞ്ഞ ‘അസന്തുഷ്ടി’ കോപത്തിനു കാരണമാകാം. തന്റെ ഉദ്ദേശ്യങ്ങളും, കണക്കുകൂട്ടലുകളും തെറ്റിയാലും ക്രോധമുണ്ടാവാം. തന്റേതല്ലാത്ത കാരണങ്ങളാല്‍ ഒരുപാട് സഹിക്കേണ്ടിവരുന്നവര്‍ക്ക് കോപമുണ്ടാവുക സഹജമാണ്. ഇതിലും നിയന്ത്രണം വേണ്ടിയിരിക്കുന്നു. കോപം പ്രകടിപ്പിക്കുന്നതില്‍ അല്പം ‘താമസം’ വരുത്തിയാല്‍ അതിന്റെ intenstiy കുറയുമെന്ന് അനുഭവത്തില്‍
നിന്നു പഠിക്കാം. എന്നാല്‍righteous anger എന്നൊന്നുണ്ട്. അധര്‍മ്മത്തിന്റെ നേരേയുള്ള ധാര്‍മ്മിക രോഷമാണത്. ശുദ്ധമനസ്സും, വിനാശ ചിന്തകള്‍ തൊട്ടുതീണ്ടാത്ത അന്തഃക്കരണമുള്ളവര്‍ക്കാണ് ഇതു പ്രയോഗിക്കാനുള്ള അവകാശം! ‘പാപ മില്ലാത്തവന് ഒന്നാമതു കല്ലെറിയട്ടെ! ധാര്‍മ്മിക രോഷം അസൂയയില്‍ നിന്നും, വൈരുധ്യങ്ങളില്‍ നിന്നും ആകാന്‍പാടില്ല.
എന്നാല്‍ കോപം എന്ന വികാരം മനസ്സില്‍ അടക്കി വച്ച്, വിദ്വേഷ സങ്കിലിതമായ മനസ്സോടെ ജീവിക്കുന്നത് അപകടരമാണ്. സൗഖ്യം (healing) അവനവനും, അന്യര്‍ക്കും ലഭിക്കാന്‍, ആരോഗ്യകരമായി, കോപം പുറത്തുകൊണ്ടുവരുന്നതാണുത്തമം. അബോധ മനസ്സില്‍ ഒളിച്ചുവച്ചിരിക്കുന്ന കോപം, ബോധമനസ്സിലെത്തിച്ച്, അതിനെ ശരിയായി കണ്ട് അപഗ്രഥിച്ച് ”പുറത്താ”ക്കണം. അല്ലെങ്കില്‍, പ്രതികാരത്തിന്റെ പരമ്പര തന്നെയുണ്ടാകും.
6. മടി, അലസത
ചുറ്റുപാടുകള്‍, ”ഒരിക്കലും നന്നാവില്ല”, ”ഇവിടെ ആരും ശരിയല്ല” ഇത്യാദി ഋണ ചിന്തകള്‍ ശരിയായ അലസതയുടെ ലക്ഷണമാണ്. അന്യരെയെല്ലാം നന്നാക്കിയ ശേഷം ആര്‍ക്കും നന്നാവാനാവില്ല. ഇരുട്ടു നീക്കാന്‍ അവനവനാകാന്‍ കഴിയുന്നതു ചെയ്യാം.
7. പൊങ്ങച്ചം
തനിക്കില്ലാത്തത് ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനും, സ്വന്തബുദ്ധിക്കതീതമായ വന്‍ കാര്യങ്ങളില്‍ ഇടപെടുവാനുള്ള പ്രവണത ‘പൊങ്ങച്ച’ത്തിന്റെ മാനങ്ങള്‍ തന്നെ. നാല്ക്കവലയില് കൈകള്‍ ഉയര്‍ത്തി നിന്ന് പ്രാര്‍ത്ഥിക്കുന്ന പരീശന്മാരെ യേശു വിലക്കിയിരുന്നല്ലോ. അന്യരെ ”ബോദ്ധ്യപ്പെടുത്താനുള്ളതല്ല നമ്മിലെ നന്മയും, ആത്മികതയും, യഥാര്‍ത്ഥ ഭക്തര്‍, തങ്ങളിലെ ഭക്തി പ്രകടിപ്പിക്കാന്‍ മടികാണിക്കുന്നവരാണ്.
8. അഹംഭാവം
എല്ലാറ്റിലും ഒന്നാം സ്ഥാനം പിടിക്കാന്‍ ശ്രമിക്കുന്നവരും നേട്ടങ്ങളുടെ ക്രെഡിറ്റ് മുഴുവന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരും അഹംഭാവികള്‍ തന്നെയാണ്. എല്ലാ നേട്ടങ്ങളുടെ
യും ക്രെഡിറ്റ് ദൈവത്തിനായിരിക്കട്ടെ. അദ്ദേഹത്തെ കൂടാതെ, നമുക്ക് ഒന്നും നേടാനാവില്ലല്ലോ. നമ്മുടെ ആഗ്രഹപൂര്‍ത്തിക്ക് ‘ദൈവത്തിന്റെ വഴി’ നേടാം. അവിടുന്ന് നമ്മുടെ നന്മയും ഉത്ക്കര്ഷവും മാത്രം ആഗ്രഹിക്കുന്നവനാണല്ലോ. അഹംഭാവം കുറയാന്‍ ‘ത്യാഗം’ കൂടിയേ തീരൂ. ആധുനിക തലമുറ ഇഷ്ടപ്പെടാത്ത ഒന്നാണ് ‘Renunciation’. എങ്കിലും അത് ഏവര്‍ക്കും അനിവാര്യമാണ്. ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കുന്നതിന്റെ രാജപാതയാണത്. ഈ ദുര്‍ഗ്ഗുണത്തെ ജയിക്കുന്നതിന് ‘വിനയം’ ശീലിക്കുക എന്നത് കാലം തെളിയിച്ച ‘മറുമരുന്നാണ്’. അത് സ്വന്തമാക്കാം.
മേല്പറഞ്ഞ എട്ടു ചിന്തകള്‍, അവയില്‍ത്തന്നെ പാപമല്ല; എന്നാല്‍ അവ വളര്‍ത്താന്‍ പാപത്തിലേക്കു നയിക്കാന്‍ കെല്പുള്ളവയാണ്. വലിയ നോമ്പു നാളുകളില്‍ ശാന്തമായി, സ്വയം വിമര്‍ശിക്കാനും വിലയിരുത്താനും, ഈ അളവു കോലുകള്‍ പ്രയോഗിക്കാം. ഭഗ്നാശരാകേണ്ടതില്ല. കാരണം യേശു ക്രിസ്തു ഇതിനെയെല്ലാം ജയിച്ചതാണ്. അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു:
‘കണ്ടാലും ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’വിചാര വികാരങ്ങളുടെ നിയന്ത്രണവും സംസ്ക്കാരവും സ്വന്തമാക്കി കുരിശിലെ പരമയാഗത്തിനും, ഉയിര്‍പ്പിലെ സന്തോഷത്തിനും സാക്ഷികളും ഭാഗഭാക്കുകളുമാകാം. ത്യാഗമില്ലാതെ വീണ്ടെടുപ്പില്ലല്ലോ.